കോലിക്കും രോഹിത്തിനും ‘പ്രത്യേക പരിഗണന’, ഇന്ത്യൻ ക്രിക്കറ്റിന് ദോഷം ചെയ്യും: തുറന്നടിച്ച് മുൻ താരം, വിവാദം
Mail This Article
മുംബൈ∙ ലോക ക്രിക്കറ്റിലെ തന്നെ അതികായരെന്ന നിലയിൽ ക്യാപ്റ്റൻ രോഹിത് ശർമ, മുൻ ക്യാപ്റ്റൻ വിരാട് കോലി എന്നിവർക്ക് സിലക്ഷൻ കമ്മിറ്റിയും ടീം മാനേജ്മെന്റും നൽകുന്ന പ്രത്യേക പരിഗണന, ഇന്ത്യൻ ക്രിക്കറ്റിനു തന്നെ ദോഷകരമായി തീരുമെന്ന് മുന്നറിയിപ്പ്. ദുലീപ് ട്രോഫിയിൽ ഉൾപ്പെടെ കളിക്കുന്നതിൽനിന്ന് ഇവർക്കും ജസ്പ്രീത് ബുമ്രയ്ക്കും വിശ്രമം നൽകിയത്, ഇവർക്കു നൽകുന്ന പ്രത്യേക പരിഗണനയുടെ അടയാളമാണെന്ന് മുൻ ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് പുതിയ വിമർശനം. ദുലീപ് ട്രോഫി കളിക്കാതെ ഇടവേളയ്ക്കു ശേഷം ടെസ്റ്റ് കളിക്കാനിറങ്ങിയ രോഹിത് ശർമയും വിരാട് കോലിയും ബംഗ്ലദേശിനെതിരായ ആദ്യ മത്സരത്തിൽ തീർത്തും നിരാശപ്പെടുത്തിയിരുന്നു. ഇവർക്ക് പ്രത്യേക പരിഗണന നൽകുന്ന ശൈലി ഇന്ത്യൻ ക്രിക്കറ്റിനു തന്നെ തിരിച്ചടിയാകുമെന്ന് മുൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ തുറന്നടിച്ചു.
ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലുമായി രോഹിത് ശർമയ്ക്ക് നേടാനായത് 11 റൺസ് മാത്രമാണ്. ഈ വർഷം ആദ്യം ഇതിനു മുൻപ് ടെസ്റ്റ് മത്സരം കളിച്ച വിരാട് കോലിയാകട്ടെ, 21 റൺസോടെയും നിരാശപ്പെടുത്തി. ഇതിനു മുൻപ് ഇന്ത്യൻ മണ്ണിൽ കോലി ഒരു ടെസ്റ്റ് മത്സരം കളിച്ചത് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
കോലിയും രോഹിത്തും തുടർച്ചയായി നിരാശപ്പെടുത്തിയെങ്കിലും ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 280 റൺസിന്റെ ആധികാരിക വിജയം സ്വന്തമാക്കിയിരുന്നു. തകർപ്പൻ ഓൾറൗണ്ട് പ്രകടനവുമായി തിളങ്ങിയ രവിചന്ദ്രൻ അശ്വിനാണ് മത്സരത്തിൽ ഇന്ത്യയുടെ വിജയശിൽപിയായത്. അശ്വിനു പുറമേ രണ്ടാം ഇന്നിങ്സിൽ സെഞ്ചറികളുമായി തിളങ്ങി ഋഷഭ് പന്ത്, ശുഭ്മൻ ഗിൽ എന്നിവരുടെ പ്രകടനവും നിർണായകമായി. രോഹിത്തും കോലിയും ഈ വർഷത്തെ ദുലീപ് ട്രോഫിയിൽ കളിച്ചിരുന്നെങ്കിൽ അതിന്റെ വ്യത്യാസം ബംഗ്ലദേശിനെതിരായ പരമ്പരയിലും കാണുമായിരുന്നുവെന്നാണ് മഞ്ജരേക്കറിന്റെ വാദം. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇരുവരും പൂർവാധികം കരുത്തോടെ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച മഞ്ജരേക്കർ, ഇരുവർക്കും പ്രത്യേക പരിഗണന നൽകുന്നതിനെതിരെ സിലക്ടർമാർക്ക് മുന്നറിയിപ്പു നൽകി.
‘‘അവരുടെ ഫോമിന്റെ കാര്യത്തിൽ എനിക്ക് ആശങ്കയൊന്നുമില്ല. എങ്കിൽക്കൂടി, ടെസ്റ്റ് ടീമിലേക്കു വരും മുൻപ് അവർക്ക് റെഡ് ബോളിൽ കുറച്ചു മത്സരങ്ങൾ കളിക്കാനായിരുന്നെങ്കിൽ ബംഗ്ലദേശിനെതിരായ പരമ്പരയിൽ അതിന്റെ വ്യത്യാസം കാണുമായിരുന്നുവെന്ന് തീർച്ച. ദുലീപ് ട്രോഫിക്കുള്ള ടീമുകളിൽ ഇരുവരെയും ഉൾപ്പെടുത്താൻ സാഹചര്യമുണ്ടായിരുന്നു. ചില താരങ്ങളെ മാത്രം പ്രത്യേക രീതിയിൽ പരിഗണിക്കുന്ന കാര്യത്തിൽ വീണ്ടുവിചാരം നല്ലതാണ്. ഇന്ത്യൻ ക്രിക്കറ്റിനും ആ താരങ്ങൾക്കും എന്താണ് നല്ലത് എന്നതായിരിക്കണം നോക്കേണ്ടത്.
‘‘കോലിയും രോഹിത്തും ദുലീപ് ട്രോഫിയിൽ കളിക്കാതിരുന്നത് ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് മോശം തീരുമാനമായിരുന്നുവെന്ന് വ്യക്തമാണ്. അവർ ദുലീപ് ട്രോഫിയിൽ കളിക്കുകയും റെഡ് ബോളിൽ കുറച്ച് മത്സരപരിചയം ലഭിക്കുകയും ചെയ്തിരുന്നെങ്കിൽ ഒന്നാം ടെസ്റ്റിൽ അതിന്റെ ഫലമുണ്ടാകുമായിരുന്നു. പക്ഷേ, ഇനിയും തകർപ്പൻ ഇന്നിങ്സുകളുമായി തിരിച്ചുവരാനുള്ള പ്രതിഭയും മികവും അവർക്കുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. ഫോമിലല്ല എന്നതുകൊണ്ട് അവരെ കുറച്ചു കാണുന്നുമില്ല.
‘‘രാജ്യാന്തര ക്രിക്കറ്റിലെ അതികായരാണെന്നതുകൊണ്ടു മാത്രം ചില താരങ്ങൾക്ക് ഇവിടെ പ്രത്യേക പരിഗണന ലഭിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിൽ എത്രയോ കാലമായി നാം കണ്ടുവരുന്ന കാര്യമാണ്. അത് നമ്മുടെ ഒരു പ്രശ്നം കൂടിയാണ്. ഇത്തരം പ്രത്യേക പരിഗണനകൾ ആ താരത്തിനും ഇന്ത്യൻ ക്രിക്കറ്റിനുമാണ് ഏറ്റവും വലിയ തിരിച്ചടിയാവുക’ – മഞ്ജരേക്കർ പറഞ്ഞു.