പരിശീലകനാകാൻ അപേക്ഷിച്ച ഷോൺ ടെയ്റ്റിനോട് ‘നോ’ പറഞ്ഞ് കെസിഎ; അതിഥികളായി മിന്നും താരങ്ങൾ: കേരളം ഒരുങ്ങുന്നു
Mail This Article
തിരുവനന്തപുരം ∙ കേരളത്തിന്റെ സീനിയർ ക്രിക്കറ്റ് ടീമിൽ ഇത്തവണ 3 അതിഥി താരങ്ങൾ. വർഷങ്ങളായി കേരളത്തിനു കളിക്കുന്ന മധ്യപ്രദേശുകാരൻ ജലജ് സക്സേനയ്ക്കൊപ്പം തമിഴ്നാട് താരം ബാബ അപരാജിതും വിദർഭ താരം ആദിത്യ സർവതെയും ഇത്തവണ കേരളത്തിനായി കളിക്കും. മുൻ ഇന്ത്യൻ താരം അമയ് ഖുറേസിയ ആണ് പുതിയ പരിശീലകൻ. ടീമിന്റെ പരിശീലന ക്യാംപ് നാളെ തിരുവനന്തപുരത്ത് ആരംഭിക്കും.
കഴിഞ്ഞ കുറേ സീസണുകളായി കേരള ടീമിലെ മുഖ്യ താരങ്ങളിലൊരാളായ ജലജ് (37) ഇത്തവണ രഞ്ജി ട്രോഫിയിൽ മാത്രമാകും കളിക്കുക. കഴിഞ്ഞ സീസണിൽ ബാറ്റിങ്ങിൽ ഫോം കണ്ടെത്താനായില്ലെങ്കിലും ജലജിന്റെ സ്പിൻ മികവിലാണ് ടീം ഇപ്പോഴും പ്രതീക്ഷ വയ്ക്കുന്നത്.
ബാറ്റിങ്ങും വഴങ്ങുന്ന ഇടംകയ്യൻ സ്പിന്നറായ ആദിത്യ സർവതേ (34) 2018–19 രഞ്ജി ട്രോഫി ഫൈനലിൽ 11 വിക്കറ്റുമായി കളിയിലെ താരമായിരുന്നു. ചാംപ്യൻമാരായ വിദർഭയ്ക്കായി കലാശപ്പോരിൽ ആദ്യ ഇന്നിങ്സിൽ അഞ്ചും രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റ് നേടിയ സർവതെയാണ് സൗരാഷ്ട്രയെ തകർത്തത്. വലം കയ്യൻ ബാറ്ററും ഓഫ് സ്പിന്നറുമായ ബാബ അപരാജിത് (30) ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് ടീം അംഗമായിരുന്നു.
വെങ്കട്ടരമണയുടെ പിൻഗാമിയായി പരിശീലക സ്ഥാനത്തെത്തുന്ന അമയ് ഖുറേസിയ (52) ഇന്ത്യയ്ക്കായി 12 ഏകദിന മത്സരങ്ങളും മധ്യപ്രദേശിനായി 119 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിട്ടുണ്ട്. മധ്യപ്രദേശിന്റെ പരിശീലകനുമായിരുന്നു.
ഓസ്ട്രേലിയയുടെ മുൻ ലോകകപ്പ് താരം ഷോൺ ടെയ്റ്റും പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ ഭാഷയടക്കം കളിക്കാർക്കു പ്രശ്നമാകുന്നതിനാൽ ഇത്തവണ വിദേശ കോച്ച് വേണ്ടെന്ന് കെസിഎ തീരുമാനിക്കുകയായിരുന്നു. ടീം ക്യാംപിനിടെ ഒക്ടോബർ ഒന്നു മുതൽ 4 വരെ ജാർഖണ്ഡ് ടീമുമായി പരിശീലന മത്സരവുമുണ്ട്. 11ന് പഞ്ചാബുമായാണ് ആദ്യ മത്സരം.