ADVERTISEMENT

അഹമ്മദാബാദ്∙ ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ ‘സൂപ്പർതാര’മായി ഉദിച്ചുയർന്ന് ഗുജറാത്തിൽ നിന്നുള്ള ദ്രോണ ദേശായ് എന്ന പതിനെട്ടുകാരൻ. ഗുജറാത്തിലെ ഒരു ഇന്റർ സ്കൂൾ മത്സരത്തിൽ 498 റൺസ് അടിച്ചുകൂട്ടിയാണ് ദ്രോണ ദേശായ് വാർത്തകളിൽ ഇടംപിടിച്ചത്. അണ്ടർ 19 താരങ്ങൾക്കായുള്ള ദിവാൻ ബല്ലുഭായ് കപ്പിലാണ് സെന്റ് സേവ്യേഴ്സ് ലയോള ഹാളിനായി ദ്രോണ ദേശായിയുടെ ഐതിഹാസിക പ്രകടനം. ജെ.എൽ. ഇംഗ്ലിഷ് സ്കൂളിനെതിരായ മത്സരത്തിൽ ദേശായിയുടെ മികവിൽ സെന്റ് സേവ്യേഴ്സ് സ്കൂൾ ഇന്നിങ്സിനും 712 റൺസിനും ജയിക്കുകയും ചെയ്തു.

ഒന്നാം ഇന്നിങ്സിൽ എതിരാളികളെ വെറും 40 റൺസിന് ഓൾഔട്ടാക്കിയതിനു പിന്നാലെയാണ് സെന്റ് സേവ്യേഴ്സ് ദ്രോണ ദേശായിയുടെ മികവിൽ കൂറ്റൻ സ്കോർ കുറിച്ചത്. രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച നേരിട്ട ജെ.എൽ. ഇംഗ്ലിഷ് സ്കൂൾ 92 റൺസിന് എല്ലാവരും പുറത്തായി. ഇതോടെയാണ് സെന്റ് സേവ്യേഴ്സ് ഇന്നിങ്സിനും 712 റൺസിനും ജയിച്ചത്.

സെന്റ് സേവ്യേഴ്സിനായി 320 പന്തിൽ 86 ഫോറും ഏഴു സിക്സും സഹിതമാണ് ദ്രോണ ദേശായ് 498 റൺസ് അടിച്ചുകൂട്ടിയത്. 500 റൺസ് എന്ന ചരിത്രനേട്ടം വെറും രണ്ടു റൺസിനാണ് ദ്രോണയ്ക്ക് നഷ്ടമായത്. ആകെ 372 മിനിറ്റാണ് ദ്രോണ ക്രീസിൽ ചെലവഴിച്ചത്.‌ ഇന്ത്യൻ ക്രിക്കറ്റിൽ ഒറ്റ മത്സരത്തിൽ 400 റൺസിലധികം നേടുന്ന ആറാമത്തെ മാത്രം താരമാണ് ദ്രോണ. പ്രണവ് ധൻവാഡെ (1009*), പൃഥ്വി ഷാ (536), ഡോ.ഹാവെവാല (515), ചമൻലാൽ (506*) എന്നിവരാണ് ദ്രോണയ്ക്കു മുന്നിലുള്ള താരങ്ങൾ. ദ്രോണയ്ക്കു പുറമേ അർമാൻ ജാഫറും ഒറ്റ മത്സരത്തിൽ 498 റൺസ് നേടിയിട്ടുണ്ട്.

ദ്രോണയ്ക്കു പുറമേ ഹേത് ദേശായ് (98 പന്തിൽ 10 ഫോറും ഒൻപതു സിക്സും സഹിതം 142), ക്യാപ്റ്റൻ വിരാജ് തലാത്തി (93 പന്തിൽ 19 ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 104) എന്നിവരും തിളങ്ങിയതോടെയാണ് സെന്റ് സേവ്യേഴ്സ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 844 റൺസെടുത്തത്.

English Summary:

Gujarat teenager Drona Desai plays marathon 498-run knock in school cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com