ADVERTISEMENT

കാൻപുർ∙ രാജ്യാന്തര ക്രിക്കറ്റിൽ ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലദേശ് താരം ഷാക്കിബ് അൽ ഹസൻ. ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് ഷാക്കിബ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. അടുത്ത മാസം ദക്ഷിണാഫ്രിക്കയ്‍ക്കെതിരെ മിർപുരിൽ നടക്കുന്ന ടെസ്റ്റോടെ വിരമിക്കണമെന്നാണ് ആഗ്രഹമെന്ന് ഷാക്കിബ് വ്യക്തമാക്കി.

സുരക്ഷാ കാരണങ്ങളാൽ മിർപുരിൽ കളിക്കാനായില്ലെങ്കിൽ, നാളെ ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന മത്സരം തന്റെ അവസാന ടെസ്റ്റായിരിക്കുമെന്ന് മുപ്പത്തേഴുകാരനായ ഷാക്കിബ് പ്രഖ്യാപിച്ചു. ട്വന്റി20 ലോകകപ്പോടെ ട്വന്റി20യിൽനിന്ന് വിരമിച്ചതാണെന്നും ഷാക്കിബ് അറിയിച്ചു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അടുത്ത മാസം നടക്കുന്ന ടെസ്റ്റ് പരമ്പരയോടെ വിരമിക്കാനുള്ള ആഗ്രഹം ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചിട്ടുണ്ടെന്ന് ഷാക്കിബ് വ്യക്തമാക്കി. മിർപുരിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തോടെ വിരമിക്കണമെന്നാണ് ആഗ്രഹം. അതിനുള്ള ശ്രമങ്ങൾ ബിസിബി നടത്തുന്നുണ്ട്. സുരക്ഷാ കാരണങ്ങളാൽ അത് സാധ്യമായില്ലെങ്കിൽ ഇന്ത്യയ്ക്കെതിരെ നാളെ കാൻപുരിൽ നടക്കുന്ന ടെസ്റ്റ് തന്റെ വിരമിക്കൽ ടെസ്റ്റായിരിക്കുമെന്ന് ഷാക്കിബ് പറഞ്ഞു.

രാജ്യാന്തര ട്വന്റി20യിൽ നിന്ന് വിരമിച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു. ട്വന്റി20 ലോകകപ്പിൽ കളിച്ച അവസാന മത്സരമാണ് തന്റെ വിരമിക്കൽ മത്സരമെന്ന് അദ്ദേഹം പറഞ്ഞു. 2025ലെ ചാംപ്യൻസ് ട്രോഫിയോടെ ഏകദിന ക്രിക്കറ്റും മതിയാക്കുമെന്ന് ഷാക്കിബ് വ്യക്തമാക്കി.

ഷെയ്ഖ് ഹസീന ഭരണത്തിന് വിരാമമിട്ട ഓഗസ്റ്റ് മാസത്തിലെ ആഭ്യന്തര കലാപത്തിനു ശേഷം ഷാക്കിബ് അൽ ഹസൻ ബംഗ്ലദേശിലേക്കു പോയിട്ടില്ല. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിൽ അംഗമായ ഷാക്കിബ്, ധാക്കയിൽ നടന്ന ഒരു കൊലപാതകക്കേസിലും പ്രതി ചേർക്കപ്പെട്ടിരുന്നു. അനീതിക്കെതിരെ നിശബ്ദത പാലിച്ചെന്ന പേരിൽ ബംഗ്ലദേശിലെ മുഖ്യ പ്രതിപക്ഷ പാർട്ടികൾ ഷാക്കിബിനെതിരെ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

2006ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഷാക്കിബ് അൽ ഹസൻ, എല്ലാ ഫോർമാറ്റിലുമായി 14,000 റൺസും 700 വിക്കറ്റും നേടിയ ഏക താരമാണ്. രാജ്യാന്തര ട്വന്റി20യിലെ വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമൻ കൂടിയാണ് ഷാക്കിബ് (149 വിക്കറ്റ്). ഏകദിനത്തിൽ 7000 റൺസും 300 വിക്കറ്റും നേടിയ രണ്ടു താരങ്ങളിൽ ഒരാൾ കൂടിയാണ് ഷാക്കിബ്.

English Summary:

Shakib Al Hasan announces T20I retirement, hopes to play final Test in Mirpur but cites security concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com