രണ്ടാം ടെസ്റ്റിനു മുൻപേ നെറ്റ്സിലും ‘വിറച്ച്’ കോലി; 15 പന്തിനിടെ 4 തവണ പുറത്താക്കി ബുമ്ര, അക്ഷറിനെതിരെ ക്ലീൻബൗൾഡ്– വിഡിയോ
Mail This Article
കാൻപുർ∙ രാജ്യാന്തര ക്രിക്കറ്റിൽ, പ്രത്യേകിച്ചും ടെസ്റ്റ് ഫോർമാറ്റിൽ തീർത്തും മോശം ഫോമിലൂടെ കടന്നു പോകുന്ന സൂപ്പർതാരം വിരാട് കോലി നെറ്റ്സിലും ബോളർമാരെ നേരിടാൻ ബുദ്ധിമുട്ടുന്നതായി റിപ്പോർട്ട്. കാൻപുരിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായുള്ള പരിശീലനത്തിനിടെ നെറ്റ്‍സിൽ പേസിനും സ്പിന്നിനും എതിരെ കോലി ഒരുപോലെ പതറുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ കോലിയെ ജസ്പ്രീത് ബുമ്ര 15 പന്തിനിടെ നാലു തവണയാണ് പുറത്താക്കിയത്. അക്ഷർ പട്ടേൽ ഉൾപ്പെടെയുള്ള സ്പിന്നർമാരും കോലിയെ പലതവണ പുറത്താക്കി.
പരിശീലനത്തിനിടെ കോലിക്കെതിരെ പന്തെറിഞ്ഞ ബുമ്ര, സൂപ്പർതാരത്തെ കാര്യമായിത്തന്നെ പരീക്ഷിച്ചെന്നാണ് സാക്ഷികളായവരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലൈനിലും ലെങ്തിലും മാറ്റം വരുത്തിയുള്ള ബുമ്രയുടെ പരീക്ഷണത്തിൽ പലതവണയാണ് കോലി വീണുപോയത്.
ബുമ്രയെ നേരിട്ടതിനു പിന്നാലെ സ്പിന്നർമാരെ നേരിടാനായി മറ്റൊരു നെറ്റിലേക്കു പോയി കോലി, അവിടെയും പന്തിന്റെ ഗതിയറിയാതെ ബുദ്ധിമുട്ടിയതായാണ് റിപ്പോർട്ടുകൾ. രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ തുടങ്ങിയ ബോളർമാരെല്ലാം കോലിയെ ഒരുപോലെ വെള്ളം കുടിപ്പിച്ചു.
നെറ്റ്സിൽ ജഡേജയെ കടന്നാക്രമിക്കാൻ ശ്രമിച്ച കോലി പലതവണയാണ് പന്തിന്റെ ഗതിയറിയാതെ ബീറ്റണായത്. ഇതോടെ കോലി അസ്വസ്ഥനായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനു പിന്നാലെ അക്ഷർ പട്ടേലിനെ നേരിട്ട കോലി ക്ലീൻ ബൗൾഡാവുകയും ചെയ്തു. തുടർന്ന് ശുഭ്മൻ ഗില്ലിന് പരിശീലിക്കാനായി വഴിമാറിക്കൊടുത്ത് കോലി മടങ്ങുകയും ചെയ്തു. അതേസമയം, നെറ്റ്‌സിൽ ആത്മവിശ്വാസത്തോടെ കോലി ചില ഷോട്ടുകൾ കളിക്കുന്ന ദൃശ്യങ്ങൾ ബിസിസിഐ പുറത്തുവിട്ട പരിശീലന വിഡിയോയിലുണ്ട്.
വരുന്ന സീസണിൽ ഡൽഹി ടീമിന്റെ രഞ്ജി ട്രോഫിക്കുള്ള സാധ്യതാ ടീമിൽ വിരാട് കോലിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ഓസ്ട്രേലിയൻ പരമ്പരയ്ക്കു മുൻപായി ഫോം തിരിച്ചുപിടിക്കാനാണ് കോലി ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതെന്നാണ് വിവരം. 2013ലാണ് കോലി അവസാനമായി രഞ്ജി കളിച്ചത്.