ADVERTISEMENT

ഗ്വാളിയർ (മധ്യപ്രദേശ്) ∙ ഗ്വാളിയർ എന്നു കേൾക്കുമ്പോൾ ആരാധകരുടെ മനസ്സിലേക്ക് ഇരമ്പിയെത്തുക ക്രിക്കറ്റിന്റെ മഹാരാജാവായ സച്ചിൻ തെൻഡുൽക്കറുടെ പേരാണ്. അതുവരെ ക്രിക്കറ്റ് ലോകം അസാധ്യമെന്നു ലോകം കരുതിയ ഏകദിന ക്രിക്കറ്റിലെ ഇരട്ട സെഞ്ചറിയെന്ന കൊടുമുടി, സച്ചിൻ കീഴടക്കിയത് ഇവിടെ വച്ചാണ്. 14 വർഷം മുൻപ്, സച്ചിന്റെ അമാനുഷിക പ്രകടനത്തിലൂടെ  ക്രിക്കറ്റിന്റെ ചരിത്രഭൂമിയായി മാറിയ ഗ്വാളിയർ നഗരം അതിനുശേഷം ആദ്യമായി രാജ്യാന്തര ക്രിക്കറ്റിലേക്ക് വീണ്ടും പാഡ് കെട്ടിയിറങ്ങുന്നു. ഇന്ത്യ– ബംഗ്ലദേശ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഗ്വാളിയറിൽ ഇന്നു രാത്രി 7ന് ആരംഭിക്കും.  സ്പോർട്സ് 18 ചാനലിലും ജിയോ സിനിമയിലും തൽസമയം.

2010 ഫെബ്രുവരിയിൽ ഗ്വാളിയറിലെ ക്യാപ്റ്റൻ രൂപ് സിങ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക ഏകദിന മത്സരത്തിലായിരുന്നു സച്ചിന്റെ ചരിത്രനേട്ടം. രൂപ് സിങ് സ്റ്റേഡിയത്തിലെ അവസാന രാജ്യാന്തര മത്സരവും അതായിരുന്നു. ഗ്വാളിയറിൽ പുതുതായി നിർമിച്ച മാധവ്റാവു സിന്ധ്യ സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം.

∙ സഞ്ജു ഓപ്പണർ

ന്യൂസീലൻഡിനെതിരായ ടെസ്റ്റ് ടീമിലുൾപ്പെട്ടവരെ ട്വന്റി20 പരമ്പരയിൽനിന്ന് ഒഴിവാക്കാനുള്ള നീക്കം അവസരമായത് ഐപിഎലിലൂടെ മികവ് കാട്ടിയ യുവതാരങ്ങൾക്കാണ്. പേസർമാരായ മായങ്ക് യാദവ്, ഹർഷിത് റാണ, ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. ജൂലൈയിൽ സിംബാബ്‌വെയ്ക്കെതിരെ സെഞ്ചറി നേടി ട്വന്റി20യിൽ വരവറിയിച്ച അഭിഷേക് ശർമ ടീമിലുണ്ട്. പരുക്കേറ്റ ശിവം ദുബെയ്ക്കു പകരം തിലക് വർമയെ ടീമിലുൾപ്പെടുത്തി.

അഭിഷേകും സഞ്ജു  സാംസണും ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്ന് മത്സരത്തിന്റെ തലേന്നു മാധ്യമങ്ങളെ കണ്ട ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രഖ്യാപിച്ചു കഴിഞ്ഞു. ‘‘ഈ പരമ്പരയിൽ സഞ്ജു സാംസണാകും അഭിഷേക് ശർമയ്ക്കൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുക’ – സൂര്യ പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയ്ക്കായി കളിച്ച 30 ട്വന്റി20 മത്സരങ്ങളിൽ 5 മത്സരങ്ങളിലാണ് സഞ്ജു ഇന്നിങ്സ് ഓപ്പൺ ചെയ്തത്. സഞ്ജുവിന്റെ കരിയറിലെ ഉയർന്ന സ്കോറായ 77 റൺസ് നേടിയതും ഓപ്പണറുടെ വേഷത്തിലെത്തിയാണ്. 2022ൽ അയർലൻഡിനെതിരെ ആയിരുന്നു ഇത്. ഏറ്റവും തിളങ്ങിയ പൊസിഷനിൽത്തന്നെ മൂന്നു മത്സരങ്ങളിലും ബാറ്റു ചെയ്യുമെന്ന ക്യാപ്റ്റന്റെ പ്രഖ്യാപനം ടീമിൽ ഇടം ഉറപ്പിക്കാൻ സഞ്ജുവിനുള്ള അവസരം കൂടിയാണ്.

English Summary:

India-Bangladesh first T20 today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com