റൺറേറ്റ് മെച്ചപ്പെടുത്തേണ്ട മത്സരത്തിൽ ആദ്യ ബൗണ്ടറി 8–ാം ഓവറിൽ; പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യയ്ക്ക് ആദ്യ ജയം– വിഡിയോ
Mail This Article
ദുബായ് ∙ വനിതാ ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പ്രകടനം ദയനീയമായെങ്കിലും, ബദ്ധവൈരികളായ പാക്കിസ്ഥാനെതിരായ രണ്ടാം മത്സരത്തോടെ ടീം ഇന്ത്യ വിജയവഴിയിൽ. പ്രതീക്ഷ നിലനിർത്താൻ വിജയം അനിവാര്യമായ മത്സരത്തിൽ ഹർമൻപ്രീത് കൗറും സംഘവും പാക്കിസ്ഥാനെ വീഴ്ത്തിയത് ആറു വിക്കറ്റിന്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 105 റൺസ്. മറുപടി ബാറ്റിങ്ങിൽ വേഗത കുറവായിരുന്നെങ്കിലും ഏഴു പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി.
ജയിച്ചെങ്കിലും ആദ്യ മത്സരത്തിൽ നേരിട്ട കനത്ത തോൽവിയോടെ ഇടിഞ്ഞുപോയ റൺറേറ്റ് ഉയർത്താൻ ഈ മത്സരത്തിൽ കാര്യമായ ശ്രമം നടത്താതിരുന്നത് ടീമിന്റെ മുന്നേറ്റ സാധ്യയെ ബാധിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും. വിജയത്തിന്റെ വക്കിൽ ക്രീസിൽ നിലതെറ്റിവീണ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ തിരികെ കയറിയതും ഇന്ത്യയ്ക്ക് ആശങ്കയ്ക്ക് വക നൽകുന്നു.
35 പന്തിൽ മൂന്നു ഫോറുകൾ സഹിതം 32 റൺസെടുത്ത ഓപ്പണർ ഷഫാലി വർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 24 പന്തിൽ ഒരു ഫോർ സഹിതം 29 റൺസെടുത്ത് റിട്ടയേർഡ് ഹർട്ടായി മടങ്ങി. 28 പന്തിൽ ഒരു ബൗണ്ടറി പോലും കൂടാതെ 23 റൺസെടുത്ത ജമീമ റോഡ്രിഗസാണ് മികച്ച സംഭാവന നൽകിയ മറ്റൊരു താരം. ജമീമ, റിച്ച ഘോഷ് എന്നിവരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കി പാക്ക് ക്യാപ്റ്റൻ ഫാത്തിമ സന ചെറുതായൊന്ന് വിറപ്പിച്ചെങ്കിലും, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഒരറ്റത്ത് ഉറച്ചുനിന്ന് ഇന്ത്യയെ രക്ഷപ്പെടുത്തി. നേരിട്ട ഒരേയൊരു പന്തിൽ ഡബിളുമായി മലയാളി താരം സജന സജീവനാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ദീപ്തി ശർമ എട്ടു പന്തിൽ ഏഴു റൺസുമായി പുറത്താകാതെ നിന്നു.
∙ സ്പിന്നർമാരെ അണിനിരത്തി പാക്കിസ്ഥാൻ
ഇന്ത്യയ്ക്കെതിരെ ലോകകപ്പ് വേദിയിൽ 98 റൺസ് വിജയകരമായി പ്രതിരോധിച്ച ചരിത്രമുള്ള പാക്കിസ്ഥാൻ പ്രതീക്ഷയോടെയാണ് ബോളിങ്ങിനെത്തിയത്. വേഗം കുറഞ്ഞ പിച്ചിൽ സ്പിന്നർമാരെ കൂട്ടത്തോടെ അണിനിരത്തി ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനായിരുന്നു പാക്കിസ്ഥാന്റെ ശ്രമം. ആദ്യ ഓവറിൽ സ്കോർ ബോർഡിൽ നാലു റൺസ് മാത്രമുള്ളപ്പോൾ ഷഫാലി വർമയെ പാക്ക് ക്യാപ്റ്റൻ ഫാത്തിമ സന വിക്കറ്റിനു മുന്നിൽ കുരുക്കിയതായി അംപയർ വിധിച്ചെങ്കിലും, ഉടനടി ഡിആർഎസ് ആവശ്യപ്പെട്ട് ഷഫാലി അംപയറെ ‘തിരുത്തി’.
പന്തിന്റെ നീക്കത്തിന് ഒട്ടും അനുകൂലമല്ലാത്ത പ്രതലത്തിൽ ഇന്ത്യയുടെ പല ബൗണ്ടറി ശ്രമങ്ങളും ഡബിളിൽ ഒതുങ്ങി. പാക്ക് താരങ്ങളുടെ മികച്ച ഫീൽഡിങ്ങും ഇന്ത്യൻ മുന്നേറ്റത്തിന് വിലങ്ങുതടിയായി. റൺറേറ്റ് മെച്ചപ്പെടുത്തേണ്ട മത്സരത്തിൽ ഇന്ത്യയുടെ ആദ്യ ബൗണ്ടറി വന്നത് എട്ടാം ഓവറിലാണ്! പവർപ്ലേ ഉൾപ്പെടെ ബൗണ്ടറിയില്ലാതെ പിന്നിട്ടത് 7 ഓവറുകൾ. ഷഫാലി വർമയും സ്മൃതി മന്ഥനയും ക്രീസിൽ നിന്നപ്പോഴാണ് ഇതെന്ന് ഓർക്കണം. ഇന്ത്യൻ ഇന്നിങ്സിൽ ആകെ പിറന്ന നാലു ബൗണ്ടറികളിൽ മൂന്നും ഷഫാലിയുടെ വകയാണ്.
പാക്കിസ്ഥാനായി ഫാത്തിമ സന നാല് ഓവറിൽ 19 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ഫാത്തിമയ്ക്ക് അംപയർ ‘കനിഞ്ഞു നൽകിയ’ രണ്ട് വിക്കറ്റുകൾ ഇന്ത്യൻ താരങ്ങൾ ഡിആർഎസിലൂടെ തിരുത്തു. ഫാത്തിമയുടെ ആദ്യ ഓവറിൽ ഷഫാലി വർമയും അവസാന ഓവറിൽ ദീപ്തി ശർമയുമാണ് ഡിആർഎസിലൂടെ രക്ഷപ്പെട്ടത്. സാദിയ ഇക്ബാൽ, ഒമൈമ സുഹൈൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
∙ വരിഞ്ഞുമുറുക്കി ഇന്ത്യ
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ വനിതകൾ, നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 105 റൺസെടുത്തത്. 34 പന്തിൽ ഒരു ഫോർ സഹിതം 28 റൺസെടുത്ത നിദ ദറാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. എട്ടാം വിക്കറ്റിൽ സയ്ദ അറൂബ് ഷായ്ക്കൊപ്പം 29 പന്തിൽ 28 റൺസ് കൂട്ടിച്ചേർത്താണ് നിദ പാക്കിസ്ഥാനെ 100 കടത്തിയ്. ഇന്ത്യയ്ക്കായി അരുദ്ധതി റെഡ്ഡി മൂന്നും ശ്രേയങ്ക പാട്ടീൽ രണ്ടും വിക്കറ്റ് വീഴ്ത്തി.
ജയിച്ചേ തീരൂവെന്ന അവസ്ഥയിൽ മുറുക്കമാർന്ന ബോളിങ്ങുമായി ഇന്ത്യൻ താരങ്ങൾ പിടിമുറുക്കിയപ്പോൾ, പാക്കിസ്ഥാൻ നിരയിൽ രണ്ടക്കത്തിലെത്തിയത് നാലു താരങ്ങൾ മാത്രം. ടോപ് സ്കോററായ നിദ ദറിനു പുറമേ ഓപ്പണർ മുനീബ അലി (26 പന്തിൽ 17), ക്യാപ്റ്റൻ ഫാത്തിമ സന (എട്ടു പന്തിൽ 13), സയ്ദ അറൂബ് ഷാ (17 പന്തിൽ പുറത്താകാതെ 14) എന്നിവരാണ് രണ്ടക്കത്തിലെത്തിയത്. നഷ്റ സന്ധു രണ്ടു പന്തിൽ ഒരു ഫോർ സഹിതം ആറു റൺസുമായി പുറത്താകാതെ നിന്നു.
മലയാളി താരം ആശ ശോഭന രണ്ട് അനായാസ ക്യാച്ചുകൾ കൈവിട്ടത് ഇന്ത്യൻ ഫീൽഡിങ്ങിലെ കല്ലുകടിയായി. ക്യാപ്റ്റൻ ഫാത്തിമ സന, ഓപ്പണർ മുനീബ അലി എന്നിവരുടെ ക്യാച്ചുകളാണ് ആശ കൈവിട്ടത്. പിന്നീട് ഫാത്തിമ സനയെ ആശയുടെ ബോളിങ്ങിൽ വിക്കറ്റ് കീപ്പർ റിച്ച ഘോഷ് തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കി.
പാക്കിസ്ഥാൻ നിരയിൽ ഗുൽ ഫിറോസ (0), സിദ്ര അമിൻ (8), ഒമൈമ സുഹൈൽ (3), ആലിയ റിയാസ് (4), ട്യൂബ ഹസൻ (0) എന്നിവർ തീർത്തും നിരാശപ്പെടുത്തി. ഇന്ത്യൻ നിരയിൽ അരുദ്ധതി റെഡ്ഡി നാല് ഓവറിൽ 19 റൺസ് വഴങ്ങിയാണ് 3 വിക്കറ്റെടുത്തത്. ശ്രേയങ്ക പാട്ടീൽ നാല് ഓവറിൽ 12 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. മലയാളി താരം ആശ ശോഭന നാല് ഓവറിൽ 24 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. രേണുക ഠാക്കൂർ സിങ്, ദീപ്തി ശർമ എന്നിവർക്കും ഓരോ വിക്കറ്റ് ലഭിച്ചു.
∙ ടീമിൽ രണ്ടു മലയാളികൾ
ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനോടു തോറ്റ ഇന്ത്യയ്ക്ക്, ഈ മത്സരം സുപ്രധാനമാണ്. ആദ്യ മത്സരത്തിൽ കളിച്ച ടീമിൽ ഇന്ത്യയും പാക്കിസ്ഥാനും ഓരോ മാറ്റം വരുത്തി. പരുക്കിന്റെ പിടിയിലായ പൂജ വസ്ത്രകാറിനു പകരം മലയാളി താരം സജന സജീവൻ ഇന്ത്യൻ ടീമിലെത്തി. ആദ്യ മത്സരം കളിച്ച മറ്റൊരു മലയാളി താരം ആശ ശോഭന ടീമിൽ സ്ഥാനം നിലനിർത്തി. ആദ്യ മത്സരം ജയിച്ച പാക്കിസ്ഥാൻ ടീമിൽ ഡയാന ബെയ്ഗിനു പകരം സയ്ദ അറൂബ് ഷാ കളിച്ചു.