ഫൈനലിന്റെ ‘ഫ്ലോ’ കളയാൻ വീണത് പന്തിന്റെ ബുദ്ധി; സ്ലെജിങ് അനുവദിച്ചു, അംപയറിനെ നോക്കേണ്ടെന്നും പറഞ്ഞു: രോഹിത്- വിഡിയോ
Mail This Article
മുംബൈ∙ ട്വന്റി20 ലോകകപ്പ് ഫൈനലിൽ വിജയത്തിന്റെ വക്കിലായിരുന്ന ദക്ഷിണാഫ്രിക്കയെ അവിശ്വസനീയമായ രീതിയിൽ മറികടന്ന് കിരീടം നേടാൻ ഇന്ത്യയെ സഹായിച്ചത് വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ തലയിലുദിച്ച ബുദ്ധിയാണെന്ന് തുറന്നുപറഞ്ഞ് ക്യാപ്റ്റൻ രോഹിത് ശർമ. ദക്ഷിണാഫ്രിക്കയ്ക്ക് വിജയവും കിരീടവും 24 പന്തിൽ 26 റൺസ് അകലെ നിൽക്കെ, ബാറ്റർമാരുടെ താളം തെറ്റിക്കുന്നതിനും സമയം കളയുന്നതിനുമായി ഋഷഭ് പന്ത് പരുക്കേറ്റു വീണതാണ് നിർണായകമായതെന്ന് രോഹിത് വെളിപ്പെടുത്തി. ഒരു ടിവി ഷോയിലാണ് രോഹിതിന്റെ വെളിപ്പെടുത്തൽ. ബാറ്റർമാരുടെ ശ്രദ്ധ കളയാൻ എന്തും പറയാൻ ടീമംഗങ്ങളെ അനുവദിച്ചെന്നും, അംപയറുടെ കാര്യം പിന്നെ നോക്കാമെന്നു പറഞ്ഞതായും രോഹിത് വിശദീകരിച്ചു.
ട്വന്റി20 ലോകകപ്പ് ഫൈനൽ മത്സരം അവസാന നാല് ഓവറിലേക്കു കടക്കുമ്പോൾ ദക്ഷിണാഫ്രിക്ക അനായാസ വിജയത്തിലേക്ക് നീങ്ങുകയായിരുന്നു. ഈ ഘട്ടത്തിൽ ഹെൻറിച് ക്ലാസനും ഡേവിഡ് മില്ലറും ക്രീസിൽ നിൽക്കെ ദക്ഷിണാഫ്രിക്കയ്‌ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 26 റൺസ് മാത്രം. ഈ ഘട്ടത്തിൽ ഹാർദിക് പാണ്ഡ്യയെ പന്തേൽപ്പിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ ഫീൽഡിങ് ക്രമീകരിക്കുന്നതിനിടെയാണ് ഋഷഭ് പന്ത് പരുക്കേറ്റ് ഗ്രൗണ്ടിൽ കിടന്നത്. തുടർന്ന് ഫിസിയോ ഉൾപ്പെടെയുള്ളവർ മൈതാനത്തെത്തിയതോടെ മത്സരം പുനരാരംഭിക്കാൻ വൈകുകയും ചെയ്തു.
‘‘ദക്ഷിണാഫ്രിക്കയ്ക്ക് വിജയത്തിലേക്ക് 24 പന്തിൽ 26 റൺസ് എന്ന നിലയിൽ നിൽക്കെ കളിക്കിടെ ചെറിയൊരു ഇടവേള വന്നു. സത്യത്തിൽ ഋഷഭ് പന്തിന്റെ ബുദ്ധിയാണ് അത്തരമൊരു ഇടവേള അനിവാര്യമാക്കിയത്. പന്തിന്റെ കാൽമുട്ടിനു പരുക്കേറ്റതിനെ തുടർന്ന് അത് ടേപ് ചെയ്യാനായി ഫിസിയോയെ വിളിച്ചുവരുത്തുകയായിരുന്നു. ഇതോടെ മത്സരം നിർത്തിവച്ചു.
‘‘മത്സരം സാധാരണപോലെ പുരോഗമിക്കുമ്പോഴാണ് പന്ത് പരുക്കേറ്റ് ഗ്രൗണ്ടിൽ കിടന്നത്. ഇതോടെ മത്സരം മന്ദഗതിയിലായി. മികച്ച ഫോമിലായിരുന്ന ക്ലാസനും മില്ലറും ഈ ഘട്ടത്തിൽ എത്രയും വേഗം കളിക്കാനാകും ആഗ്രഹിക്കുക. കളിയുടെ ഒഴുക്ക് തടഞ്ഞാലേ എന്തെങ്കിലും സാധ്യതയുള്ളൂ എന്നു തിരിച്ചറിഞ്ഞ പന്തിന്റെ തന്ത്രം ഫലിച്ചു. ക്ലാസൻ ഉൾപ്പെടെയുള്ളവർ മത്സരം പുനരാരംഭിക്കാൻ കാത്തുനിൽക്കുകയായിരുന്നു. ഇതാണ് ഇന്ത്യ ജയിക്കാനുള്ള ഏക കാരണമെന്നല്ല ഞാൻ പറയുന്നത്. പക്ഷേ, ഇതും ഒരു കാരണമാണ്. പന്ത് തന്റെ ബുദ്ധി ഉപയോഗിച്ച് പയറ്റിയ തന്ത്രം ടീമിന് ഗുണകരമായി’ – രോഹിത് പറഞ്ഞു. മത്സരം പുനരാരംഭിച്ചതിനു പിന്നാലെ താളം നഷ്ടമായ ക്ലാസനെ പുറത്താക്കിയ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നത്.
ഹാർദിക് പാണ്ഡ്യ ഹെൻറിച്ച് ക്ലാസനെ പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കൻ ബാറ്റർമാരുടെ ശ്രദ്ധ കളയാൻ സ്ലെജിങ് ഉൾപ്പെടെയുള്ള ഏതു വഴിയും തേടാൻ ടീമംഗങ്ങളെ അനുവദിച്ചതായും രോഹിത് വെളിപ്പെടുത്തി. കിരീടവിജയമെന്ന ലക്ഷ്യത്തിനായി ഫൈൻ ഏറ്റുവാങ്ങാൻ പോലും താരങ്ങൾ തയാറായിരുന്നുവെന്നും രോഹിത് പറഞ്ഞു.
‘‘ഇടവേളയ്ക്കു ശേഷമുള്ള ആദ്യ ഓവറിൽ ഹാർദിക് ക്ലാസനെ പുറത്താക്കി. അവിടം മുതൽ ദക്ഷിണാഫ്രിക്കൻ താരങ്ങളെ സമ്മർദ്ദം പൊതിയാൻ തുടങ്ങി. ഇതു മുതലെടുക്കാൻ ഇന്ത്യൻ താരങ്ങൾ ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ സ്ലെജ് ചെയ്യാൻ തുടങ്ങി. അതിന്റെ കൂടുതൽ വിശദാംശങ്ങൾ ഞാൻ വെളിപ്പെടുത്തുന്നില്ല. ഏതു വിധത്തിലും മത്സരം ജയിക്കാൻ അത് അനിവാര്യമായിരുന്നു എന്നതാണ് സത്യം. അതിന്റെ പേരിൽ എന്തു ശിക്ഷയനുഭവിക്കാനും ഞങ്ങൾ തയാറായിരുന്നു. തോന്നുന്നതെല്ലാം പറഞ്ഞോളാൻ ഞാൻ ടീമംഗങ്ങളോടു പറഞ്ഞു. അംപയർമാരുടെ കാര്യം പിന്നെ നോക്കാമെന്നും പറഞ്ഞു’ – രോഹിത് വെളിപ്പെടുത്തി.