പാക്കിസ്ഥാൻ ജയിച്ചാൽ മാത്രം പോര, ഇന്ത്യയ്ക്കു സെമിയിലെത്താൻ ചില കാര്യങ്ങൾ കൂടി വേണം
Mail This Article
ഷാർജ∙ ട്വന്റി20 വനിതാ ലോകകപ്പിലെ നിർണായക മത്സരത്തില്‍ ഓസ്ട്രേലിയയോട് ഒൻപതു റണ്‍സിനു തോറ്റതോടെ പാക്കിസ്ഥാൻ– ന്യൂസീലൻഡ് പോരാട്ടത്തിൽ കണ്ണുവച്ച് ഇന്ത്യ. ഗ്രൂപ്പ് എയിൽ എട്ടുപോയിന്റുമായി ഓസീസ് സെമി ഉറപ്പിച്ചുകഴിഞ്ഞു. രണ്ടാം സ്ഥാനത്തിനായി ഇന്ത്യ, പാക്കിസ്ഥാൻ, ന്യൂസീലൻഡ് ടീമുകൾക്കു സാധ്യത ബാക്കിയുണ്ട്. ഇന്ത്യയ്ക്കും കിവീസിനും നിലവിൽ നാലു പോയിന്റു വീതമാണുള്ളത്. പാക്കിസ്ഥാനു രണ്ടു പോയിന്റും. ഇന്നു ജയിച്ചാൽ പാക്കിസ്ഥാനും സെമിയിലെത്താൻ വഴിയുണ്ട്.
ഇന്നത്തെ മത്സരത്തിൽ ന്യൂസീലന്‍ഡ് പാക്കിസ്ഥാനെ തോൽപിച്ചാൽ ഇന്ത്യയുടെ സാധ്യതകൾ അതോടെ ഇല്ലാതാകും. എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി കിവീസ് സെമിയിൽ കടക്കും. ഇന്ത്യയും പാക്കിസ്ഥാനും പുറത്താകും. ഇന്ത്യയ്ക്ക് സെമിയിലെത്തണമെങ്കില്‍ പാക്കിസ്ഥാൻ ജയിക്കണമെന്ന സ്ഥിതിയാണ്. അതും വെറുതെ ജയിച്ചാൽ മാത്രം പോര. വൻ മാർജിനിൽ ജയിച്ചാൽ നെറ്റ് റൺറേറ്റിൽ ഇന്ത്യയെയും ന്യൂസീലൻഡിനെയും മറികടന്ന് പാക്കിസ്ഥാന്‍ സെമിയിൽ കടക്കും.
ഇന്ത്യൻ പ്രതീക്ഷകൾ നിലനിൽക്കണമെങ്കിൽ ചില കാര്യങ്ങൾ സംഭവിക്കണം. പാക്കിസ്ഥാൻ ആദ്യം ബാറ്റു ചെയ്യുകയാണെങ്കിൽ, ന്യൂസീലൻഡിനെ 53 ൽ കുറഞ്ഞ റൺസിനു തോൽപിക്കണം. പാക്കിസ്ഥാനാണ് ആദ്യം ബോൾ ചെയ്യുന്നതെങ്കിൽ, ലക്ഷ്യത്തിലെത്തുമ്പോൾ 9.1 ഓവറിൽ കൂടുതൽ ബാക്കിയുണ്ടാകരുത്. ഇങ്ങനെ സംഭവിച്ചാലും ഇന്ത്യയ്ക്കു സാധ്യതയുണ്ട്.
ഇനി പാക്കിസ്ഥാൻ 53ൽ കൂടുതൽ റൺസിനോ, 9.1 ഓവറിൽ കൂടുതൽ ബാക്കി നിൽക്കെയുമാണു ജയിക്കുന്നതെങ്കിൽ ഇന്ത്യയും ന്യൂസീലൻഡും പുറത്താകും. പാക്കിസ്ഥാൻ ഓസ്ട്രേലിയയ്ക്കൊപ്പം സെമിയിൽ കടക്കുകയും ചെയ്യും. ടീം ഇന്ത്യയ്ക്ക് ഒരു അവസരം കൂടി ലഭിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ പ്രതികരിച്ചു. അതേസമയം അർഹതയുള്ളവരാണ് സെമിയിലെത്തേണ്ടതെന്നും ഹർമൻപ്രീത് വ്യക്തമാക്കി.