ഓസ്ട്രേലിയൻ താരം മാത്യു വെയ്ഡ് വിരമിക്കൽ പ്രഖ്യാപിച്ചു; തൊട്ടുപിന്നാലെ ഓസീസ് ടീമിന്റെ പരിശീലക സംഘത്തിലേക്ക്
Mail This Article
മെൽബൺ∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മാത്യു വെയ്ഡ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വിരമിക്കൽ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ, വെയ്ഡിനെ പാക്കിസ്ഥാനെതിരെ നവംബറിൽ നടക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിന്റെ വിക്കറ്റ് കീപ്പിങ്, ഫീൽഡിങ് പരിശീലകനായും നിയമിച്ചു. ജൂണിൽ നടന്ന ട്വന്റി20 ലോകകപ്പിൽ കളിച്ച ഓസ്ട്രേലിയൻ ടീമിൽ മാത്യു വെയ്ഡ് അംഗമായിരുന്നു. എന്നാൽ, പിന്നാലെ നടന്ന ഇംഗ്ലണ്ട് പര്യടനത്തിൽ ടീമിലേക്ക് പരിഗണിച്ചില്ല. റെഡ് ബോൾ ക്രിക്കറ്റിൽനിന്ന് ഇക്കഴിഞ്ഞ മാർച്ചിൽത്തന്നെ മാത്യു വെയ്ഡ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
13 വർഷത്തോളം നീണ്ടുനിന്ന രാജ്യാന്തര കരിയറിനാണ് മുപ്പത്തിയാറുകാരനായ വെയ്ഡ് തിരശീലയിടുന്നത്. ഓസ്ട്രേലിയയ്ക്കായി 36 ടെസ്റ്റുകളും 97 ഏകദിനങ്ങളും 92 ട്വന്റി20 മത്സരങ്ങളും കളിച്ചു. ടെസ്റ്റിൽ 29.87 ശരാശരിയിൽ 1613 റൺസ് നേടി. ഇതിൽ നാലു സെഞ്ചറികളും അഞ്ച് അർധസെഞ്ചറികളും ഉൾപ്പെടുന്നു. ഏകദിനത്തിൽ 26.29 ശരാശരിയിൽ 1867 റൺസെടുത്തു. ഇതിൽ ഒരു സെഞ്ചറിയും 11 അർധസെഞ്ചറികളുമുണ്ട്. ട്വന്റി20യിൽ 26.13 ശരാശരിയിൽ 1202 റൺസ് നേടി. ഇതിൽ മൂന്ന് അർധസെഞ്ചറികളുമുണ്ട്.
രാജ്യാന്തര ക്രിക്കറ്റിൽ ഓസ്ട്രേലിയൻ ടീമിൽ ഇടം ലഭിക്കാനായി കടുത്ത വെല്ലുവിളി നേരിട്ടിരുന്ന വെയ്ഡ്, 2021ൽ യുഎഇയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചതോടെയാണ് സ്ഥിരാംഗമായത്. സെമിയിൽ പാക്കിസ്ഥാനെതിരെ 17 പന്തിൽ പുറത്താകാതെ 41 റൺസെടുത്ത് ഫിനിഷർ റോളിൽ വരവറിയിച്ചു. 2022, 2024 വർ,ങ്ങളിലെ ട്വന്റി20 ലോകകപ്പുകളിലും ടീമിന്റെ വിക്കറ്റ് കീപ്പറായി കളിച്ചു. ഇതിനു പിന്നാലെയാണ് താരം കളമൊഴിയുന്നതായി പ്രഖ്യാപിച്ചത്.