യുപിക്കെതിരെ 152 പന്തിൽ 48, മധ്യപ്രദേശിനെതിരെ 142 പന്തിൽ 27; ഇത് യുസ്‌വേന്ദ്ര ‘ദ്രാവിഡ്’, ചെഹലിന് എന്തുപറ്റി!
Mail This Article
ഇൻഡോർ∙ യുസ്‌വേന്ദ്ര ചെഹലിന് മര്യാദയ്ക്ക് ബാറ്റു പിടിക്കാൻ അറിയില്ലെന്ന് ഇനിയാരും പറയരുത്! ഇന്ത്യൻ ടീമിൽ കളിക്കുമ്പോൾ ചെഹലിന് ബാറ്റിങ് തീരെ വശമില്ല എന്നതാണ് ഇതുവരെ കണ്ടു പരിചയിച്ച കാഴ്ചയെങ്കിലും, ഇപ്പോൾ സീൻ മാറി. മുൻപ് പന്തുകൊണ്ട് ബാറ്റർമാരെ പരീക്ഷിക്കുന്നതായിരുന്നു ചെഹലിന്റെ ശൈലിയെങ്കിൽ, ഇപ്പോൾ ബാറ്റുകൊണ്ട് ബോളർമാരുടെ ‘ക്ഷമ പരീക്ഷിക്കുന്ന’ തിരക്കിലാണ് ചെഹൽ. രഞ്ജി ട്രോഫിയിൽ ഹരിയാനയ്‍ക്കായി കളിക്കുന്ന മുപ്പത്തിനാലുകാരനായ ചെഹൽ, കഴിഞ്ഞ രണ്ടു മത്സരങ്ങളിലായി പുറത്തെടുത്ത പ്രകടനമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്.
ഈ സീസണിലെ ആദ്യ മത്സരത്തിൽ എലൈറ്റ് ഗ്രൂപ്പ് സിയിൽ ഉത്തർപ്രദേശിനെതിരെ 152 പന്തിൽ ആറു ഫോറുകൾ സഹിതം 48 റൺസെടുത്ത് വാർത്തകളിൽ ഇടം പിടിച്ച ചെഹൽ, തൊട്ടടുത്ത മത്സരത്തിൽ ഇതാ മധ്യപ്രദേശിനെതിരെ വീണ്ടും ഒരു മാരത്തൺ ഇന്നിങ്സുമായി കരുത്തു കാട്ടിയിരിക്കുന്നു. ഇൻഡോറിലെ ഹോൽക്കർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മധ്യപ്രദശിനെതിരെ ചെഹൽ നേരിട്ടത് 142 പന്തുകൾ. അടിച്ചെടുത്തത് 27 റൺസ്!
ഉത്തർപ്രദേശിനെതിരെ ഹരിയാനയ്ക്കായി പത്താമനായി ക്രീസിലെത്തിയ ചെഹൽ, 10–ാം വിക്കറ്റിൽ അമൻ കുമാറിനൊപ്പം അർധസെഞ്ചറി കൂട്ടുകെട്ട് തീർത്താണ് ഞെട്ടിച്ചത്. 169–ാം ഓവറിൽ ക്രീസിൽ ഒരുമിച്ച ഇരുവരും, വഴിപിരിഞ്ഞത് 192–ാം ഓവറിലാണ്. ഇതിനിടെ 137 പന്തിൽ ഇരുവരും അടിച്ചുകൂട്ടിയത് 57 റൺസ്. അതിനു മുൻപ് ധീരു സിങ്ങിനൊപ്പം 20 ഓവർ ക്രീസിൽ നിന്ന് അടിച്ചുകൂട്ടിയത് 30 റൺസ്. മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും ചെഹലിന്റെ ഇന്നിങ്സിന്റെ കൂടി മികവിൽ ഹരിയാന ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി.
ഇതിനു പിന്നാലെയാണ് ഇൻഡോറിലെ ഹോൽക്കർ സ്റ്റേഡിയവും ചെഹലിന്റെ മറ്റൊരു മാരത്തൺ ഇന്നിങ്സിന് സാക്ഷിയായത്. ഇത്തവണയും പത്താമനായി ക്രീസിലെത്തിയ ചെഹൽ, 142 പന്തിൽ രണ്ടു ഫോറുകളോടെയാണ് 27 റൺസെടുത്തത്. ഒൻപതാം വിക്കറ്റിൽ ഹർഷൽ പട്ടേലിനൊപ്പം ചെഹൽ കൂട്ടിച്ചേർത്തത് 67 റൺസാണ്. 243 പന്തിലാണ് ഇരുവരും ചേർന്ന് 67 റൺസെടുത്തത്. എട്ടിന് 339 റൺസ് എന്ന നിലയിലായിരുന്ന ഹരിയാന, ചെഹലിന്റെ മികവിൽ അനായാസം 400 കടന്നു.
41–ാം മത്സരത്തിലേക്കു കടന്ന ഫസ്റ്റ് ക്ലാസ് കരിയറിൽ, ചെഹലിന്റെ ഇതുവരെയുള്ള ഉയർന്ന സ്കോർ കൂടിയാണ് കഴിഞ്ഞ മത്സരത്തിൽ നേടിയ 48 റൺസ്. രാജ്യാന്തര, ആഭ്യന്തര കരിയറിലെ ഉയർന്ന സ്കോറും ഇതുതന്നെ. പന്തുകൊണ്ട് എതിരാളികളെ വട്ടം കറക്കുന്ന ചെഹലിന്, ഈ സീസണിൽ ഇതെന്തു സംഭവിച്ചു എന്ന കൗതുകത്തിലാണ് ആരാധകർ.