ADVERTISEMENT

ചറ്റോഗ്രാം∙ മൂന്നു യുവ ബാറ്റർമാർക്ക് കന്നി ടെസ്റ്റ് സെഞ്ചറി, രണ്ടു പേർക്ക് അർധസെഞ്ചറി, ഒരു ഇന്നിങ്സിൽ 17 സിക്സറുകളുമായി റെക്കോർഡ്... ബാറ്റെടുത്തവരെല്ലാം തകർപ്പൻ പ്രകടനവുമായി മിന്നിത്തിളങ്ങിയതോടെ ബംഗ്ലദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 144.2 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 575 റൺസുമായി ഇന്നിങ്സ് ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയരായ ബംഗ്ലദേശിന് 32 റൺസ് എടുക്കുമ്പോഴേയ്ക്കും നാലു വിക്കറ്റ് നഷ്ടമായി.

രണ്ടാം ദിനം കളി നിർത്തുമ്പോൾ ഒൻപത് ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 38 റൺസ് എന്ന നിലയിലാണ് ബംഗ്ലദേശ്. ആറു വിക്കറ്റ് കയ്യിലിരിക്കെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 537 റൺസ് പിന്നിൽ.

ക്യാപ്റ്റൻ എയ്ഡൻ മർക്രം 55 പന്തിൽ 33 റൺസുമായി നിരാശപ്പെടുത്തിയെങ്കിലും, തകർപ്പൻ സെഞ്ചറികളുമായി കളംനിറഞ്ഞ ഓപ്പണർ ടോണി ഡിസോർസി (177), ട്രിസ്റ്റൻ സ്റ്റബ്സ് (106), കന്നി ടെസ്റ്റ് സെഞ്ചറി നേടിയ വിയാൻ മുൾഡർ (105*) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ടോണി 269 പന്തിൽ 12 ഫോറും നാലു സിക്സും സഹിതമാണ് 177 റൺസെടുത്തത്. സ്റ്റബ്സ് 198 പന്തിൽ ആറു ഫോറും മൂന്നു സിക്സും സഹിതം 106 റൺസെടുത്തു. 150 പന്തുകൾ നേരിട്ട മുൾഡറാകട്ടെ, എട്ടു ഫോറും നാലു സിക്സും സഹിതമാണ് 105 റൺസെടുത്തത്.

ഇവർക്കു പുറമേ, 78 പന്തിൽ രണ്ടു ഫോറും നാലു സിക്സും സഹിതം 59 റൺസെടുത്ത ബെഡിങ്ങാം, 75 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം പുറത്താകാതെ 68 റൺസെടുത്ത സെനുരൻ മുത്തുസാമി എന്നിവരുടെ ഇന്നിങ്സുകളും നിർണായകമായി. റിക്കിൾടൻ (41 പന്തിൽ 12), കൈൽ വരെയ്ൻ (0) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ബംഗ്ലദേശിനായി തയ്ജുൽ ഇസ്‍ലാം അഞ്ച് വിക്കറ്റ് വീഴ്ത്തി. 

ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിൽ ബാറ്റർമാരെല്ലാം ചേർന്ന് അടിച്ചുകൂട്ടിയത് 17 സിക്സറുകളാണ്. 2010ൽ വെസ്റ്റിൻഡീസിനെതിരെ ഒരു ഇന്നിങ്സിൽ അടിച്ചുകൂട്ടിയ 15 സിക്സറുകളുടെ റെക്കോർഡാണ് ദക്ഷിണാഫ്രിക്ക 17 ആയി പുതുക്കിയത്. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശിന് ഓപ്പണർമാരായ ഷദ്മൻ ഇസ്‍ലാം (0), മഹ്മൂദുൽ ഹസൻ ജോയ് (21 പന്തിൽ 10), സാകിർ ഹസൻ (എട്ടു പന്തിൽ രണ്ട്), ഹസൻ മഹ്മൂദ് (ഏഴു പന്തിൽ മൂന്ന്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മോമിനുൽ ഹഖ് (ആറ്), ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ (നാല്) എന്നിവർ ക്രീസിൽ. ദക്ഷിണാഫ്രിക്കയ്ക്കായി കഗീസോ റബാദ രണ്ടും ഡെയ്ൻ പാറ്റേഴ്സൻ, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

English Summary:

South Africa better their 14-year-old record in 2nd Test against Bangladesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com