ADVERTISEMENT

മുംബൈ∙ ക്യാപ്റ്റൻ രോഹിത് ശർമ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റു മുതൽ തന്നെ ടീമിനൊപ്പം കളിച്ചു തുടങ്ങണമെന്ന് മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലി. നവംബർ 22ന് പെർത്തിലാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടക്കേണ്ടത്. കഴിഞ്ഞ ദിവസമാണ് രോഹിത് ശർമയ്ക്കും ഭാര്യ ഋതികയ്ക്കും ആൺകുഞ്ഞ് പിറന്നത്. മുംബൈയിൽ കുടുംബത്തോടൊപ്പം തുടരുകയാണ് രോഹിത്.

ആദ്യ ടെസ്റ്റ് കളിക്കാൻ സാധ്യത കുറവാണെന്ന് രോഹിത് ശർമ ബിസിസിഐയെ അറിയിച്ചിരുന്നു. രോഹിത് ആദ്യ ടെസ്റ്റ് കളിച്ചില്ലെങ്കിൽ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയായിരിക്കും ഇന്ത്യയെ നയിക്കുക. എന്നാൽ പ്രധാന മത്സരമെന്ന നിലയ്ക്ക് ആദ്യ ടെസ്റ്റ് രോഹിത് ഒഴിവാക്കരുതെന്നാണ് ഗാംഗുലിയുടെ ഉപദേശം.

‘‘ഇന്ത്യൻ ടീമിന് രോഹിത് ശർമയുടെ നേതൃത്വം ആവശ്യമാണ്. അതുകൊണ്ടു തന്നെ അദ്ദേഹം എത്രയും വേഗം ഓസ്ട്രേലിയയിലേക്കു പോകുമെന്നാണ് എന്റെ പ്രതീക്ഷ. രോഹിത്തിന് കുഞ്ഞുണ്ടായ വിവരം ഞാൻ അറിഞ്ഞിരുന്നു. ഇനി അദ്ദേഹത്തിന് ഓസ്ട്രേലിയയിലേക്കു പോകാമല്ലോ. ഞാൻ ആയിരുന്നു അദ്ദേഹത്തിന്റെ സ്ഥാനത്തെങ്കിൽ ഉറപ്പായും ആദ്യ ടെസ്റ്റ് കളിക്കും. ഇതു വളരെ പ്രധാനപ്പെട്ട ഒരു പരമ്പരയാണ്. ആദ്യത്തെ മത്സരത്തിന് ഇനിയും ഒരാഴ്ച ബാക്കിയുണ്ട്.’’– സൗരവ് ഗാംഗുലി ഒരു സ്പോർട്സ് മാധ്യമത്തോടു പ്രതികരിച്ചു.

‘‘രോഹിത് ശർമ വളരെ മികച്ചൊരു ക്യാപ്റ്റനാണ്. ഇന്ത്യയ്ക്ക് അദ്ദേഹത്തിനെ ഇപ്പോൾ‌ ആവശ്യമുണ്ട്.’’– സൗരവ് ഗാംഗുലി വ്യക്തമാക്കി. രോഹിത് ശർമയ്ക്കു പകരം ആദ്യ ടെസ്റ്റിൽ ആരാണ് യശസ്വി ജയ്സ്വാളിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുകയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഓപ്പണിങ് ബാറ്റർ ശുഭ്മൻ ഗില്ലിനും കെ.എൽ. രാഹുലിനും പരുക്കേറ്റതോടെ ഓപ്പണിങ് സ്ഥാനത്തേക്ക് ആരെ ഇറക്കുമെന്ന ആശങ്ക ബിസിസിഐയ്ക്കുണ്ട്. ഇന്ത്യ എ ടീമിനൊപ്പം ഓസ്ട്രേലിയയിലുള്ള ദേവ്ദത്ത് പടിക്കൽ, അഭിമന്യു ഈശ്വരൻ എന്നിവരെയും ഓപ്പണിങ് സ്ഥാനത്തേക്കു പരിഗണിച്ചേക്കും.

English Summary:

I hope Rohit goes soon as the team needs leadership: Sourav Ganguly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com