ADVERTISEMENT

ന്യൂയോർക്ക്∙ അടുത്ത വർഷം ഫെബ്രുവരിയിൽ പാക്കിസ്ഥാൻ ആതിഥ്യം വഹിക്കുന്ന ചാംപ്യൻസ് ട്രോഫിക്കായി ഇന്ത്യ ടീമിനെ അയയ്‌ക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെ, ഈ വിഷയം യുഎസ് വക്താവിന്റെ പ്രതിദിന വാർത്താ സമ്മേളനത്തിൽ ഉന്നയിച്ച് പാക്കിസ്ഥാനിൽനിന്നുള്ള മാധ്യമപ്രവർത്തകൻ. യുഎസ് വക്താവ് വേദാന്ത് പട്ടേൽ പതിവ് വാർത്താ സമ്മേളനത്തിനായി എത്തിയപ്പോഴാണ്, ഇന്ത്യ ചാംപ്യൻസ് ട്രോഫിക്ക് ടീമിനെ അയയ്ക്കാത്തതിൽ യുഎസിന്റെ നിലപാട് എന്താണെന്ന് പാക്ക് മാധ്യമപ്രവർത്തകൻ ആരാഞ്ഞത്. അത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഷയമാണെന്നും യുഎസിന് പ്രത്യേകിച്ച് നിലപാടൊന്നുമില്ലെന്നും വേദാന്ത് പട്ടേൽ മറുപടി നൽകുകയും ചെയ്തു.

ലോകകപ്പ് കഴിഞ്ഞാൽ ക്രിക്കറ്റിലെ ഏറ്റവും വലിയ ടൂർണമെന്റ് എന്ന് പരിചയപ്പെടുത്തിയാണ്, ചാംപ്യൻസ് ട്രോഫിക്കായി ഇന്ത്യ ടീമിനെ അയയ്ക്കുന്നില്ലെന്ന് മാധ്യമപ്രവർത്തകൻ ചൂണ്ടിക്കാട്ടിയത്.

‘‘പാക്കിസ്ഥാൻ ഒരു വലിയ ക്രിക്കറ്റ് ടൂർണമെന്റിന് ആതിഥ്യം വഹിക്കാൻ പോവുകയാണ്’ – മാധ്യമപ്രവർത്തകന്റെ മുഖവുര. ‘ക്രിക്കറ്റ്?’ – ആദ്യം ചോദ്യത്തിന്റെ സാംഗത്യം പിടികിട്ടാതെ വേദാന്ത് പട്ടേലിന്റെ മറുചോദ്യം. അതേക്കുറിച്ച് സംസാരിക്കാൻ തയാറെടുത്തിട്ടില്ലെന്നും, എന്തായാലും ചോദിക്കാനും പട്ടേലിന്റെ നിർദ്ദേശം. ഇതോടെ മാധ്യമപ്രവർത്തകൻ ചോദ്യം ഉന്നയിച്ചു.

‘‘ക്രിക്കറ്റ് ലോകകപ്പ് കഴിഞ്ഞാൽപ്പിന്നെ ഈ കായികയിനത്തിലെ പ്രധാന ടൂർണമെന്റാണിത്. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ പങ്കെടുക്കേണ്ടതാണ്. പക്ഷേ, ടൂർണമെന്റ് പാക്കിസ്ഥാനിൽ നടക്കുന്നതുകൊണ്ട് ടീമിനെ അയയ്‌ക്കില്ലെന്നാണ് ഇന്ത്യൻ സർക്കാരിന്റെ നിലപാട്. ഇന്ത്യൻ ടീം ഏറ്റവും ഒടുവിൽ പാക്കിസ്ഥാനിൽ വന്നത് 2008ലാണ്. പിന്നീട് രാഷ്ട്രീയ കാരണങ്ങളാൽ ഇന്ത്യൻ ടീം പാക്കിസ്ഥാനിൽ വന്നിട്ടില്ല. രാഷ്ട്രീയവും സ്പോർട്സും കൂട്ടിക്കലർത്തുന്നത് നല്ലതാണെന്ന് താങ്കൾക്ക് അഭിപ്രായമുണ്ടോ? എന്താണ് താങ്കളുടെ നിലപാട്’ – ഇതായിരുന്നു പാക്ക് മാധ്യമപ്രവർത്തകന്റെ ചോദ്യം.

ഇതോടെ, ഇത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഷയമാണെന്നായി വേദാന്ത് പട്ടേൽ. ‘‘ഇത് ഇന്ത്യ–പാക്ക് ബന്ധവുമായി ബന്ധപ്പെട്ടായതിനാൽ, അവർ തന്നെ കൈകാര്യം ചെയ്യുന്നതാണ് നല്ലത്. അവരുടെ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് അവർ തന്നെ സംസാരിക്കട്ടെ. ഇത് ഞങ്ങൾ ഇടപെടേണ്ട വിഷയമല്ല. എന്തായാലും സ്പോർട്സ് എല്ലാംകൊണ്ടും വളരെ കരുത്തേറിയ ഒന്നാണെന്ന കാര്യത്തിൽ സംശയമില്ല’ – പട്ടേൽ പറഞ്ഞു.

English Summary:

Pak journalist asks US official about Team India not travelling for Champions Trophy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com