ADVERTISEMENT

മുംബൈ∙ ഓസ്ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ കളിക്കില്ല. രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലായതിനാലാണ് ഒന്നാം ടെസ്റ്റിൽ കളിക്കുന്നില്ലെന്ന തീരുമാനം. രണ്ടാം ടെസ്റ്റിനു മുന്നോടിയായി രോഹിത് ടീമിനൊപ്പം ചേരും. ഇതോടെ, പെർത്തിൽ നടക്കുന്ന ഒന്നാം ടെസ്റ്റിൽ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര ഇന്ത്യൻ നായകനാകും. രോഹിത് എത്തിയില്ലെങ്കിൽ സ്വാഭാവികമായും ബുമ്രയാകും ഇന്ത്യൻ നായകനെന്ന് പരിശീലകൻ ഗൗതം ഗംഭീർ നേരത്തേ വ്യക്തമാക്കിയിരുന്നു.

നവംബർ 22നാണ് ഒന്നാം ടെസ്റ്റ് പെർത്തിൽ ആരംഭിക്കുക. തുടർന്ന് രണ്ടാം ടെസ്റ്റ് അഡ്‌ലെയ്ഡിൽ നടക്കും. പകൽ–രാത്രി മത്സരമായി നടത്തുന്ന ഈ ടെസ്റ്റിനു മുന്നോടിയായി രോഹിത് ടീമിനൊപ്പം ചേരും. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടു മാറിനിൽക്കുന്നതിനാൽ പെർത്ത് ടെസ്റ്റിന് ഉണ്ടാകില്ലെന്ന് രോഹിത് ബിസിസിഐയെ അറിയിച്ചിരുന്നു. എന്നാൽ വെള്ളിയാഴ്ച കുഞ്ഞു പിറന്നതോടെ, ഒരാഴ്ചയ്ക്കു ശേഷം നടക്കുന്ന ടെസ്റ്റിൽ രോഹിത് കളിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയും രോഹിത് ആദ്യ ടെസ്റ്റിൽ കളിക്കണമെന്ന് ‘ഉപദേശിച്ചു’.

എന്നാൽ, ആദ്യ ടെസ്റ്റിനില്ലെന്ന് രോഹിത് തന്നെ തീരുമാനിക്കുകയായിരുന്നു. ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരെ നവംബർ 30ന് ആരംഭിക്കുന്ന ദ്വിദിന പിങ്ക് ബോൾ പരിശീലന മത്സരത്തിൽ കളിക്കാനുണ്ടാകുമെന്ന് രോഹിത് ബിസിസിഐയെ അറിയിച്ചതായാണ് വിവരം. അഡ്‌ലെയ്ഡിലെ പിങ്ക് ബോൾ ടെസ്റ്റിനു മുന്നോടിയായാണ് ദ്വിദിന പരിശീലന മത്സരം സംഘടിപ്പിക്കുന്നത്.

രോഹിത്തിന്റെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ ജസ്പ്രീത് ബുമ്രയ്ക്ക് അവസരം ലഭിക്കുന്നത് ഇതാദ്യമല്ല. മുൻപ്, 2021–22 സീസണിലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ രോഹിത് ശർമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്, എജ്ബാസ്റ്റണിൽ നടന്ന അഞ്ചാം ടെസ്റ്റിൽ ബുമ്ര ഇന്ത്യയെ നയിച്ചിരുന്നു.

രോഹിത് കൂടി ആദ്യ ടെസ്റ്റിൽ കളിക്കില്ലെന്ന് സ്ഥിരീകരിച്ചതോടെ, ബാറ്റിങ്ങിൽ ടോപ് ത്രീയിൽ സ്ഥാനം ഉറപ്പുള്ള രണ്ടു പ്രധാന താരങ്ങളെ കൂടാതെയാകും ഇന്ത്യ പെർത്തിൽ കളിക്കാനിറങ്ങുക. രോഹിത്തിനു പുറമേ, യുവതാരം ശുഭ്മൻ ഗില്ലിനും പെർത്ത് ടെസ്റ്റിൽ കളിക്കാനാകില്ലെന്ന് അറിയിപ്പുണ്ടായിരുന്നു. പരിശീലന മത്സരത്തിനിടെ വിരലിനേറ്റ പരുക്കാണ് ഗില്ലിന് വിനയായത്.

രോഹിത്തിന്റെ അഭാവത്തിൽ യശസ്വി ജയ്‌സ്വാളിനൊപ്പം ഓപ്പൺ െചയ്യാൻ സാധ്യതയുള്ളവരായി ഗംഭീർ എടുത്തുപറഞ്ഞ കെ.എൽ. രാഹുൽ, അഭിമന്യൂ ഈശ്വരൻ എന്നിവർ രണ്ടു പേരും പെർത്ത് ടെസ്റ്റിൽ കളിക്കാനും ഇതോടെ സാധ്യത തെളിഞ്ഞു. ഇവരിലൊരാൾ രോഹിത്തിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്നായിരുന്നു ഗംഭീറിന്റെ പ്രഖ്യാപനം. ഗിൽ കൂടി പുറത്തായതോടെയാണ് ഇരുവർക്കും കളിക്കാൻ അവസരം തെളിഞ്ഞത്. രാഹുലിന് പരിശീലന മത്സരത്തിനിടെ പ്രസിദ്ധ് കൃഷ്ണയുടെ പന്തുകൊണ്ട് പരുക്കേറ്റിരുന്നെങ്കിലും, താരം ഇന്ന് ബാറ്റിങ്ങിന് ഇറങ്ങിയത് ആശ്വാസമാണ്.

ഇവർക്കു പുറമേ, ഓസീസ് പര്യടനം പൂർത്തിയാക്കിയ ഇന്ത്യ എ ടീമിൽ അംഗമായിരുന്ന മലയാളി താരം ദേവ്ദത്ത് പടിക്കലാണ് ടോപ് ഓർഡറിലേക്ക് പരിഗണിക്കാവുന്ന മറ്റൊരു താരം. ഗില്ലിന്റെ പരുക്കും രോഹിത്തിന്റെ അഭാവവും നിമിത്തം പടിക്കലിനോട് ഓസ്ട്രേലിയയിൽ തുടരാൻ ബിസിസിഐ നിർദ്ദേശിച്ചിരുന്നു. പടിക്കൽ ഉടൻ ടീമിനൊപ്പം ചേരും. ഇന്ത്യയ്ക്കായി ഒരേയൊരു ടെസ്റ്റ് മാത്രം കളിച്ചിട്ടുള്ള താരമാണ് ദേവ്ദത്ത് പടിക്കൽ.

ഒന്നാം ടെസ്റ്റിനു മുന്നോടിയായി നാലു ദിവസം മാത്രം ശേഷിക്കെ, ആദ്യ വിദേശ ടെസ്റ്റ് പരമ്പരയ്ക്ക് തയാറെടുക്കുന്ന ഗൗതം ഗംഭീറിനു മുന്നിൽ വലിയ വെല്ലുവിളിയാണ് ഉയരുന്നത്. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ തോൽവി മറക്കാൻ ഇവിടെ വിജയം അനിവാര്യമായ ഗംഭീറിനും അദ്ദേഹത്തിന്റെ പരിശീലക സംഘത്തിലെ അംഗങ്ങൾക്കും, രോഹിത് ഉൾപ്പെടെയുള്ളവരുടെ അഭാവം തിരിച്ചടിയാണ്. രോഹിത്, ഗിൽ എന്നിവർ കളിക്കാത്ത സാഹചര്യത്തിൽ, ബാറ്റിങ് കരുത്തു വർധിപ്പിക്കാൻ പേസ് ബോളിങ് ഓൾറൗണ്ടർമാരായ ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി എന്നിവരിൽ ഒരാൾക്ക് അരങ്ങേറ്റത്തിന് അവസരം നൽകാനും സാധ്യതയുണ്ട്. 

English Summary:

Rohit Sharma, Shubhman Gill to miss first Test in Perth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com