ഐപിഎൽ ചരിത്രത്തിലെ വിലയേറിയ താരമായി അയ്യർ, ആയുസ് വെറും 20 മിനിറ്റ്; ലക്നൗ കൈപിടിച്ചു, ‘സൂപ്പർ ജയന്റാ’യി പന്ത്– വിഡിയോ
Mail This Article
ജിദ്ദ∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമെന്ന റെക്കോർഡ് നേട്ടം മിനിറ്റുകൾ മാത്രം കൈവശം വച്ച് ശ്രേയസ് അയ്യർ. സൗദിയിലെ ജിദ്ദയിൽ നടക്കുന്ന ഐപിഎൽ താരലേലത്തിൽ വാശിയേറിയ ലേലത്തിനൊടുവിൽ 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് ശ്രേയസ് അയ്യരെ സ്വന്തമാക്കിയതോടെയാണ്, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി അദ്ദേഹം മാറിയത്.
കഴിഞ്ഞ സീസണിൽ കൊൽക്കത്ത 24.75 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്കിന്റെ റെക്കോർഡാണ് അയ്യർ തകർത്തത്. അവസാന നിമിഷം വരെ താരത്തെ ടീമിലെത്തിക്കാൻ വാശിയോടെ പൊരുതിയ ഡൽഹി ക്യാപിറ്റൽസിനെ പിന്തള്ളിയാണ് അയ്യരെ പഞ്ചാബ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ 24.75 കോടിയുമായി റെക്കോർഡിട്ട സ്റ്റാർക്ക്, ഇത്തവണ 11.75 കോടിക്ക് ഡൽഹിയിലേക്ക് എത്തുന്നതിനും ലേലം സാക്ഷ്യം വഹിച്ചു.
എന്നാൽ, തൊട്ടുപിന്നാലെ ഋഷഭ് പന്തിനായുള്ള താരലേലം ആരംഭിച്ചതോടെ അയ്യരുടെ റെക്കോർഡിനും ഇളക്കം തട്ടി. പന്തിനെ ഏതു വിധേനയും ടീമിലെത്തിക്കാനുള്ള തീവ്രശ്രമത്തിൽ ഡൽഹി ക്യാപിറ്റൽസും ലക്നൗ സൂപ്പർ ജയന്റ്സും വാശിയോടെ പൊരുതിയതോടെ താരത്തിന്റെ വില 20 കോടി കടന്നു. ഒടുവിൽ 20.75 കോടി രൂപയ്ക്ക് ലക്നൗ താരത്തെ സ്വന്തമാക്കുന്നതിന്റെ വക്കിലെത്തി.
30 കോടി രൂപ വരെ വില പ്രതീക്ഷിച്ചിരുന്ന പന്ത് താരതമ്യേന ചെറിയ വിലയിൽ ഒതുങ്ങുമെന്ന തോന്നലുയർന്നെങ്കിലും, കഥ അവിടെയും അവസാനിച്ചില്ല. താരത്തെ ആർടിഎമ്മിലൂടെ നിലനിർത്താൻ ഡൽഹി ക്യാപിറ്റൽസ് ശ്രമിച്ചതോടെ വീണ്ടും കളമുണർന്നു. താരത്തെ ഈ സീസണിൽ നിലനിർത്താതെ ലേലത്തിന് വിട്ട ഡൽഹി, ആർടിഎം ഉപയോഗിച്ച് പന്തിനെ ഒപ്പം നിർത്താൻ ശ്രമം നടത്തി.
ഇതോടെ പന്ത് വീണ്ടും ലക്നൗവിന്റെ കോർട്ടിലെത്തി. നീണ്ട കൂടിയാലോനകൾക്കൊടുവിൽ പന്തിന്റെ മൂല്യം ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവം ഉയർന്ന തുകയിലേക്ക് ഉയർത്തി ലക്നൗ സൂപ്പർ ജയന്റ്സ് ഡൽഹിയെ ഞെട്ടിച്ചു. 27 കോടി രൂപ പന്തിന് വിലയിടുന്നതായി ലക്നൗ ഉടമ സഞ്ജീവ് ഗോയങ്ക അറിയിച്ചതോടെ, ഡൽഹി പ്രതിനിധികൾ പിൻമാറുന്നതായി അറിയിച്ചു. ഇതോടെ, അയ്യരുടെ ചരിത്രവിലയുടെ റെക്കോർഡിന് മിനിറ്റുകളുടെ നമാത്രം ആയുസ് സമ്മാനിച്ച് പന്ത് പുതു ചരിത്രമെഴുതി ലക്നൗവിലേക്ക്.