മക്കല്ലവും ബെൻ സ്റ്റോക്സും പിന്നില്‍; ഇതിഹാസങ്ങൾക്ക് ഇല്ലാത്ത റെക്കോർഡ് ഇനി ജയ്സ്വാളിന് സ്വന്തം
Mail This Article
പെർത്ത്∙ ടെസ്റ്റ് ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ കൂടുതൽ സിക്സടിച്ച താരമെന്ന റെക്കോർഡ് ഇനി ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാളിന്റെ പേരിൽ. 2024 ൽ 34 സിക്സുകളാണ് ജയ്സ്വാൾ ടെസ്റ്റ് മത്സരങ്ങളിൽനിന്ന് ഇതുവരെ നേടിയത്. ഓസ്ട്രേലിയയ്ക്കെതിരായ പെർത്ത് ടെസ്റ്റിൽ നേഥൻ ലയണിനെ സിക്സർ പറത്തി ജയ്സ്വാൾ 34–ാം സിക്സിലെത്തിയപ്പോൾ, പിന്നിലായത് 2014ൽ 33 സിക്സുകൾ നേടിയ ന്യൂസീലൻഡ് മുൻ താരം ബ്രണ്ടൻ മക്കല്ലം. ഒൻപതു മത്സരങ്ങളിൽനിന്നായിരുന്നു മക്കല്ലം 33 സിക്സടിച്ചതെങ്കിൽ ജയ്സ്വാൾ 12 കളികളിൽനിന്നാണ് 34 ൽ എത്തിയത്.
2022 ൽ 26 സിക്സുകൾ സ്വന്തമാക്കിയ ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്സാണ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരൻ. 2005 ൽ 22 സിക്സുകൾ നേടിയ ഓസീസ് മുൻ താരം ആദം ഗിൽക്രിസ്റ്റ് നാലാമതുമുണ്ട്. പെർത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ 193 പന്തുകൾ നേരിട്ട ജയ്സ്വാൾ 90 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്. രണ്ടു സിക്സുകളും ഏഴു ഫോറുകളുമാണ് ജയ്സ്വാൾ രണ്ടാം ഇന്നിങ്സിൽ അടിച്ചത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ താരം റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ 14 മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള ജയ്സ്വാള്‍ മൂന്ന് സെഞ്ചറികളുൾപ്പടെ 1407 റൺസ് ഇതുവരെ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിൽ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലാണ് ജയ്സ്വാൾ ടെസ്റ്റിൽ അരങ്ങേറ്റ മത്സരം കളിക്കുന്നത്. ഏതാനും കളികൾകൊണ്ട് ഓപ്പണിങ് റോളിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം ഇന്ത്യയുടെ വിശ്വസ്തനായ ബാറ്ററായി മാറാൻ ജയ്സ്വാളിനു സാധിച്ചു.