പാക്കിസ്ഥാനോടു തോറ്റ വിഷമം ജപ്പാനെ തകർത്ത് തീർത്തു; അണ്ടർ 19 ഏഷ്യാകപ്പിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം- വിഡിയോ
Mail This Article
ഷാർജ∙ അണ്ടർ 19 ഏഷ്യാകപ്പിൽ ആദ്യ മത്സരത്തിൽ ബദ്ധവൈരികളായ പാക്കിസ്ഥാനോടു തോറ്റ ഇന്ത്യയ്ക്ക്, രണ്ടാം മത്സരത്തിൽ കൂറ്റൻ വിജയം. താരതമ്യേന ദുർബലരായ ജപ്പാനെ 211 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 339 റൺസ്. മറുപടി ബാറ്റിങ്ങിൽ ജപ്പാൻ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുത്തു.
ക്യാപ്റ്റൻ മുഹമ്മദ് അമാന്റെ തകർപ്പൻ സെഞ്ചറിയുടെ കരുത്തിലാണ് ഇന്ത്യ ജപ്പാനെതിരെ മികച്ച സ്കോർ കണ്ടെത്തിയത്. 118 പന്തുകൾ നേരിട്ട അമാൻ ഏഴു ഫോറുകളോടെ 122 റൺസുമായി പുറത്താകാതെ നിന്നു.
ഓപ്പണർ ആയുഷ് മാത്രെ (29 പന്തിൽ 54), കാർത്തികേയ (49 പന്തിൽ 57), ഹാർദിക് രാജ് (12 പന്തിൽ പുറത്താകാതെ 25) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഐപിഎൽ താരലേലത്തിൽ 1.10 കോടി രൂപയ്ക്ക് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് വാങ്ങിയ പതിമൂന്നുകാരൻ വൈഭവ് സൂര്യവംശി 23 പന്തിൽ 23 റൺസെടുത്ത് പുറത്തായി. ആന്ദ്രെ സിദ്ധാർഥ് (48 പന്തിൽ 35), നിഖിൽ കുമാർ (17 പന്തിൽ 12) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റു രണ്ടു പേർ. ജപ്പാനായി ഹ്യൂഗോ കെല്ലി, കീഫർ ലേക് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജപ്പാൻ ക്ഷമയോടെയാണ് തുടങ്ങിയത്. ഓപ്പണിങ് വിക്കറ്റിൽ ഹ്യൂഗോ കെല്ലി – നിഹാർ പാർമർ എന്നിവർ ചേർന്ന് അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തതോടെ ജപ്പാനു ലഭിച്ചത് സുരക്ഷിതമായ തുടക്കം. 82 പന്തിലാണ് ഇരുവരും അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തത്.
പിന്നീട് 44 റൺസിനിടെ 5 വിക്കറ്റ് നഷ്ടമാക്കി ജപ്പാൻ തകർന്നു. ഹ്യൂഗോ കെല്ലി 111 പന്തിൽ ആറു ഫോറുകളോടെ 50 റൺസുമായി ജപ്പാന്റെ ടോപ് സ്കോററായി. കെല്ലിക്കു പുറമേ രണ്ടക്കം കണ്ടത് ഓപ്പണർ നിഹാർ (31 പന്തിൽ 14), ചാൾസ് ഹിൻസെ (68 പന്തിൽ പുറത്താകാതെ 35) എന്നിവർ മാത്രം.
ഇന്ത്യയ്ക്കായി കാർത്തികേയ, ഹാർദിക് രാജ്, ചേതൻ ശർമ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. യുദ്ധജിത് ഗുഹയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.