പന്ത് രണ്ടു തവണ ബാറ്റുകൊണ്ട് തട്ടി ഓസീസ് താരം; ‘ചാടിയിറങ്ങി’ ഔട്ടിനായി അപ്പീൽ ചെയ്ത് സർഫറാസ് - വിഡിയോ
Mail This Article
കാൻബറ ∙ ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ സന്നാഹ മത്സരത്തിൽ പന്ത് രണ്ടു തവണ ബാറ്റുകൊണ്ട് തട്ടിയ ഓസീസ് ബാറ്റർക്കെതിരെ ഔട്ടിനായി അപ്പീൽ ചെയ്ത് സർഫറാസ് ഖാൻ. പന്ത് രണ്ടു തവണ ബാറ്റുകൊണ്ട് തട്ടാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർഫറാസ് അപ്പീൽ ചെയ്തത്. ഋഷഭ് പന്തിന് വിശ്രമം നൽകാൻ വിക്കറ്റ് കീപ്പറായി കളിക്കുന്നതിനിടെയാണ് ഓസീസ് താരത്തിനെതിരെ സർഫറാസിന്റെ രസകരമായ അപ്പീൽ.
ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവന്റെ ഹന്നോ ജേക്കബ്സിനെതിരെയായിരുന്നു സർഫറാസിന്റെ അപ്പീൽ. വാഷിങ്ടൻ സുന്ദർ എറിഞ്ഞ 28–ാം ഓവറിലെ നാലാം പന്ത് ഹന്നോ ജേക്കബ്സ് പ്രതിരോധിച്ചു. തൊട്ടുമുന്നിൽ വീണ പന്ത് കുത്തിയുയർന്ന ഉടനെ ജേക്കബ്സ് ഒന്നുകൂടി തട്ടിയിടുകയായിരുന്നു.
വിക്കറ്റിനു തൊട്ടുപിന്നിലുണ്ടായിരുന്ന സർഫറാസ് ഖാൻ പന്തെടുക്കാനായി മുന്നോട്ടു നീങ്ങാൻ തുടങ്ങുമ്പോഴാണ് ജേക്കബ്സ് പന്ത് അൽപം അകലേയ്ക്ക് തട്ടിയിട്ടത്. ഇതോടെ ചാടി ജേക്കബ്സിനു മുന്നിലെത്തിയ സർഫറാസ് ഔട്ടിനായി അപ്പീൽ ചെയ്തു. സർഫറാസിനു മുന്നിൽ തന്റെ ഭാഗം വിശദീകരിക്കാൻ ജേക്കബ്സ് ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. തുടർന്ന് സർഫറാസ് തന്റെ സ്ഥാനത്തേക്കു തന്നെ മടങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്.
ഏകദിന രീതിയിൽ നടത്തിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പ്രൈം മിനിസ്റ്റേഴ്സ് ഇലവനെ 240 റൺസിൽ ഓൾഔട്ടാക്കിയ ഇന്ത്യ, 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. മഴമൂലം ആദ്യദിനം കളിമുടങ്ങിയതോടെ ദ്വിദിന സന്നാഹം ഇന്നലെ 46 ഓവർ മത്സരമായി ചുരുക്കുകയായിരുന്നു. 6ന് അഡ്‌ലെയ്ഡിൽ ഡേ നൈറ്റ് ടെസ്റ്റ് ആരംഭിക്കാനിരിക്കെ പിങ്ക് ബോളാണ് ഇന്നലത്തെ മത്സരത്തിലും ഉപയോഗിച്ചത്.