ഐപിഎൽ ലേലത്തിൽ ആർക്കും വേണ്ട; ആറു ദിവസത്തിനിടെ രണ്ട് സെഞ്ചറികൾ, റെക്കോർഡിട്ട് ഇന്ത്യൻ യുവതാരം
Mail This Article
ഇൻഡോർ∙ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം തുടർന്ന് ഗുജറാത്ത് ബാറ്റർ ഉർവിൽ പട്ടേൽ. ഉത്തരാഖണ്ഡിനെതിരെ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഉർവിൽ സെഞ്ചറി നേടി. ടൂര്‍ണമെന്റിൽ ആറു ദിവസത്തിനിടെ താരത്തിന്റെ രണ്ടാമത്തെ സെഞ്ചറിയാണിത്. ഉത്തരാഖണ്ഡിനെതിരെ 36 പന്തുകളിൽനിന്നായിരുന്നു താരം 100 പിന്നിട്ടത്. ഇതോടെ 40 ൽ താഴെ പന്തുകളിൽ രണ്ട് ട്വന്റി20 സെഞ്ചറികൾ പൂർത്തിയാക്കുന്ന ആദ്യ താരമെന്ന റെക്കോർഡ് ഉർവിൽ പട്ടേലിന്റെ പേരിലായി.
ഐപിഎൽ മെഗാലേലത്തില്‍ താരത്തെ സ്വന്തമാക്കാൻ ഒരു ഫ്രാഞ്ചൈസിയും മുന്നോട്ടുവന്നിരുന്നില്ല. കഴിഞ്ഞ ആഴ്ച ത്രിപുരയ്ക്കെതിരായ പോരാട്ടത്തിൽ ഗുജറാത്ത് താരം 28 പന്തുകളിൽ സെഞ്ചറി നേടിയിരുന്നു. ഉത്തരാഖണ്ഡിനെതിരെ 41 പന്തുകള്‍ നേരിട്ട താരം 115 റൺസെടുത്തു പുറത്താകാതെനിന്നു. 11 സിക്സുകളും എട്ടു ഫോറുകളുമാണ് ഇൻഡോര്‍ എമിറാൾഡ് ഹൈറ്റ്സ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഉർവിൽ അടിച്ചുകൂട്ടിയത്.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഉത്തരാഖണ്ഡ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ ഉർവിൽ തകർത്തടിച്ചതോടെ 13.1 ഓവറിൽ രണ്ടു വിക്കറ്റു മാത്രം നഷ്ടത്തിൽ ഗുജറാത്ത് വിജയ റൺസ് കുറിച്ചു. ഉത്തരാഖണ്ഡിനായി ആർ. സമര്‍ഥ് (39 പന്തിൽ 54), ആദിത്യ താരെ (26 പന്തിൽ 54) എന്നിവർ അർധ സെഞ്ചറി നേടി.
26 വയസ്സുകാരനായ ഉർവിൽ നേരത്തേ ഗുജറാത്ത് ടൈറ്റൻസ് ടീമിന്റെ ഭാഗമായിരുന്നു. എന്നാൽ ഐപിഎല്ലിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. വിക്കറ്റ് കീപ്പർ ബാറ്ററായ താരം ട്വന്റി20 യിൽ 46 മത്സരങ്ങളും ലിസ്റ്റ് എയിൽ 14 മത്സരങ്ങളും ഫസ്റ്റ് ക്ലാസിൽ ആറു മത്സരങ്ങളും കളിച്ചിട്ടുണ്ട്.