ADVERTISEMENT

മുംബൈ∙ ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിവാഗ്ദാനമായി വാഴ്ത്തപ്പെടുകയും പിന്നീട് പ്രതിഭയോട് നീതി പുലർത്താനാകാതെ കരിയറിൽ പിന്നാക്കം പോവുകയും ചെയ്ത യുവതാരം പൃഥ്വി ഷാ കരുത്തോടെ തിരിച്ചുവരണമെന്ന ആഗ്രഹം പരസ്യമാക്കി ഇംഗ്ലിഷ് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൻ. എക്സിൽ പങ്കുവച്ച കുറിപ്പിലാണ്, പൃഥ്വി ഷാ അസാധാരണ പ്രതിഭയുള്ള താരമാണെന്നും സമൂഹമാധ്യമങ്ങളിൽനിന്ന് വിട്ടുനിന്നും ശാരീരികക്ഷമത വീണ്ടെടുത്തും ഇരട്ടി കരുത്തോടെ തിരിച്ചെത്തണമെന്നും പീറ്റേഴ്സൻ ആഹ്വാനം ചെയ്തത്. പീറ്റേഴ്സനെ പിന്തുണച്ച് മുൻ ഓസീസ് താരം ഷെയ്ൻ വാട്സനും രംഗത്തെത്തി.

‘‘കായികരംഗത്തെ ഏറ്റവും മികച്ച കഥകളിൽ മിക്കതും തിരിച്ചുവരവുകളുടെ കഥകളാണ്. കരിയറിൽ പൃഥ്വി ഷാ വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന നല്ല മനുഷ്യർ അദ്ദേഹത്തിനൊപ്പമുണ്ടെങ്കിൽ, സമൂഹമാധ്യമങ്ങളിൽനിന്ന് പരമാവധി വിട്ടുനിൽക്കാൻ നിർബന്ധിക്കുക. ശാരീരികക്ഷമത വീണ്ടെടുക്കുന്നതിന് കഠിനാനാധ്വാനം ചെയ്യാൻ ആവശ്യപ്പെടുക. ആ പഴയ വിജയവഴിയിലേക്ക് തിരിച്ചെത്താൻ ഇക്കാര്യങ്ങൾ അദ്ദേഹത്തെ സഹായിക്കും. വലിയ പ്രതിഭയുള്ള താരമാണ്. നശിപ്പിച്ചുകളയരുത്. സ്നേഹപൂർവം കെപി’ – കെവിൻ പീറ്റേഴ്സൻ കുറിച്ചു.

ഇതിനു പിന്നാലെ, കെവിൻ പീറ്റേഴ്സന്റെ പോസ്റ്റിനെ പിന്തുണച്ചും പൃഥ്വി ഷാ അസാധാരണ പ്രതിഭയുള്ള താരമാണെന്ന് ചൂണ്ടിക്കാട്ടിയും മുൻ ഓസീസ് താരം ഷെയ്ൻ വാട്സനും രംഗത്തെത്തി.

‘കെവിൻ പീറ്റേഴ്സനോട് ഞാൻ പൂർണമായി യോജിക്കുന്നു. അസാധാരണ പ്രതിഭയുള്ള താരമാണ് പൃഥ്വി ഷാ. ഈ പറഞ്ഞ കാര്യങ്ങൾ ചെയ്താൽ അദ്ദേഹത്തിന് കരുത്തോടെ തിരിച്ചെത്താനും ഇന്ത്യൻ ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച ഇതിഹാസങ്ങളിൽ ഒരാളാകാനും കഴിയും’ – വാട്സൻ കുറിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും പ്രതിഭാധനരായ താരങ്ങളിൽ ഒരാളായ പൃഥ്വി ഷാ, രാജ്യാന്തര കരിയറിൽ മികച്ച തുടക്കമിട്ടെങ്കിലും അധികം വൈകാതെ മുഖ്യധാരയിൽനിന്ന് പുറത്താവുകയായിരുന്നു. അച്ചടക്കമില്ലാത്ത ശൈലിയിലൂടെ പലതവണ വിവാദങ്ങളിൽ ഇടംപിടിച്ച താരം, നിലവിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയ്ക്കായാണ് കളിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ താരം പൂജ്യത്തിനു പുറത്തായിരുന്നു.

English Summary:

Kevin Pietersen and Watson Rally Behind Prithvi Shaw, Urge Comeback Focus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com