താരലേലത്തിൽ ആർസിബി വിളിച്ച 10.75 കോടി കൂടിപ്പോയോ എന്ന് ഇനി സംശയിക്കരുത്; ഹാട്രിക്കുമായി യുപിയുടെ ക്യാപ്റ്റൻ ഭുവി
Mail This Article
മുംബൈ∙ ഐപിഎൽ താരലേലത്തിൽ 10.75 കോടി രൂപ ലഭിച്ചപ്പോൾ നെറ്റിചുളിച്ചവർക്കു മുന്നിൽ തകർപ്പൻ ഹാട്രിക്കുമായി വെറ്ററൻ താരം ഭുവനേശ്വർ കുമാറിന്റെ അവതാരം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇഷാൻ കിഷൻ ഉൾപ്പെടുന്ന ജാർഖണ്ഡിനെതിരെയാണ് ഉത്തർപ്രദേശ് ക്യാപ്റ്റൻ കൂടിയായ ഭുവനേശ്വർ കുമാറിന്റെ ഹാട്രിക് പ്രകടനം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാല് ഓവറിൽ ഒരു മെയ്ഡൻ സഹിതം ആറു റൺസ് മാത്രം വഴങ്ങി ഭുവി വീഴ്ത്തിയത് മൂന്നു വിക്കറ്റ്. മത്സരം ഉത്തർപ്രദേശ് 10 റൺസിനു ജയിച്ചു.
ഇന്ത്യൻ ടീമിൽനിന്ന് പുറത്തായിട്ട് നാളുകളായെങ്കിലും, ഇത്തവണ ഐപിഎൽ താരലേലത്തിൽ 10.75 കോടി രൂപ നേടി ഭുവനേശ്വർ കുമാർ ഞെട്ടിച്ചിരുന്നു. രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ഭുവിയെ വിരാട് കോലിയുടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരാണ് 10.75 കോടി രൂപയ്ക്ക് സ്വന്തമാക്കിയത്. താരത്തിന് ഇത്രയും വലിയ തുക ലഭിച്ചത് ചർച്ചകളിൽ നിറഞ്ഞുനിൽക്കെയാണ് തകർപ്പൻ ഹാട്രിക്കുമായി ഭുവിയുടെ മറുപടി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തർപ്രദേശ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 160 റൺസ്. മറുപടി ബാറ്റിങ്ങിൽ ജാർഖണ്ഡ് 16 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് ഭുവനേശ്വർ വീണ്ടും ബോളിങ്ങിന് എത്തുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ റോബിൻ മിൻസും അർധസെഞ്ചറിയുമായി അനുകൂൽ റോയിയും ക്രീസിൽ നിൽക്കെ ജാർഖണ്ഡിന് വിജയത്തിലേക്കു വേണ്ടിയിരുന്നത് 24 പന്തിൽ 45 റൺസ്.
17–ാം ഓവറിലെ ആദ്യ പന്തിൽത്തന്നെ റോബിൻ മിൻസിനെ പ്രിയം ഗാർഗിന്റെ കൈകളിലെത്തിച്ച് ഭുവനേശ്വർ കുമാർ ആദ്യ പ്രഹരമേൽപ്പിച്ചു. പിന്നാലെ ബാൽ കൃഷ്ണയെ ആര്യൻ ജുയലിന്റെ കൈകളിലെത്തിച്ച് അടുത്ത പ്രഹരം. മൂന്നാം പന്തിൽ വിവേകാനന്ദ് ദിവാരിയെ ക്ലീൻ ബൗൾഡാക്കി ക്യാപ്റ്റന്റെ പകിട്ടോടെ ഭുവി ടീമിന്റെ വിജയവും ഉറപ്പാക്കി.
മറുവശത്ത് അനുകൂൽ റോയ് 44 പന്തിൽ എട്ടു ഫോറും ഏഴു സിക്സും സഹിതം 91 റൺസുമായി പൊരുതി നോക്കിയെങ്കിലും, ഭുവിയുടെ ഹാട്രിക് പ്രകടനം ഏൽപ്പിച്ച ആഘാതം മറികടക്കാനായില്ല. ഭുവിക്കു പുറമേ ഉത്തർപ്രദേശ് നിരയിൽ നിതീഷ് റാണ, മൊഹ്സിൻ ഖാൻ എന്നിവർ രണ്ടും വിനീത് പൻവാർ, വിപ്രജ് നിഗം, ശിവം മാവി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ റിങ്കു സിങ് (28 പന്തിൽ ആറു ഫോറുകളോടെ 45), പ്രിയം ഗാർഗ് (25 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 31) തുടങ്ങിയവരുടെ പ്രകടനമാണ് ഉത്തർപ്രദേശിന് മികച്ച സ്കോർ സമ്മാനിച്ചത്. നിതീഷ് റാണ (22 പന്തിൽ 16), സമീർ റിസ്‌വി (19 പന്തിൽ 24), ശിവം മാവി (ആറു പന്തിൽ 15) എന്നിവരും തിളങ്ങി. ജാർഖണ്ഡിനായി ബാൽ കൃഷ്ണ മൂന്നും വിവേകാനന്ദ് തിവാരി രണ്ടും വികാസ് കുമാർ, വികാഷ് സിങ്, അനുകൂൽ റോയ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.