പന്ത് പാഡിൽ തട്ടുന്നത് ദൃശ്യങ്ങളിൽ, കൃത്യമായ തെളിവില്ലെന്ന് അംപയർ; ഡിആർഎസ് പോയിട്ടും ഇന്ത്യയ്ക്ക് രക്ഷയില്ല
Mail This Article
അഡ്‍ലെയ്ഡ്∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ മിച്ചൽ മാർഷിനെതിരെ എൽബിഡബ്ല്യു അപ്പീലിൽ ഡിആർഎസ് പോയിട്ടും ഔട്ട് വിധിക്കാതെ അംപയർമാർ. രണ്ടാം ടെസ്റ്റിൽ അശ്വിന്റെ പന്ത് മാര്‍ഷിന്റെ പാഡിൽ തട്ടുന്നതു ദൃശ്യങ്ങളിൽ വ്യക്തമാണെങ്കിലും, അതിനു കൃത്യമായ തെളിവില്ലെന്നാണ് അംപയറുടെ കണ്ടെത്തൽ. ദൃശ്യങ്ങൾ വൈറലായതോടെ സംഭവത്തിൽ വിവാദം കത്തുകയാണ്.
ആർ. അശ്വിന്റെ പന്തിൽ ഇന്ത്യന്‍ താരങ്ങള്‍ വിക്കറ്റിനായി അപ്പീൽ ചെയ്തിരുന്നെങ്കിലും ഫീൽഡ് അംപയർ ഔട്ട് അനുവദിച്ചിരുന്നില്ല. അശ്വിൻ ആത്മവിശ്വാസം പ്രകടിപ്പിച്ചതോടെ ഇന്ത്യ ഡിആർഎസിനു പോകുകയായിരുന്നു. പന്ത് ആദ്യം പാഡിലാണ് തട്ടുന്നത് എന്നതിന് തെളിവില്ലെന്നായിരുന്നു തേർഡ് അംപയറുടെ നിലപാട്. എന്നാൽ റീപ്ലേകളിൽ പന്ത് മാർഷിന്റെ പാഡിൽ ഇടിക്കുന്നതു വ്യക്തമായിരുന്നെന്നാണ് ആരാധകരുടെ വാദം.
അശ്വിൻ തന്നെ പിന്നീട് മാർഷിനെ പുറത്താക്കി. 64–ാം ഓവറിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ക്യാച്ചെടുത്താണ് മാർഷിനെ മടക്കിയത്. 26 പന്തുകൾ നേരിട്ട താരം ഒൻപതു റൺസ് മാത്രമായിരുന്നു നേടിയത്. ഒന്നാം ഇന്നിങ്സിൽ 87.3 ഓവറിൽ 337 റൺസെടുത്ത് ഓസ്ട്രേലിയ പുറത്താകുകയായിരുന്നു. ഏകദിന ശൈലിയിൽ ബാറ്റു വീശിയ ട്രാവിസ് ഹെഡ് സെഞ്ചറി നേടിയെങ്കിലും മധ്യനിരയിലെ മറ്റു ബാറ്റർമാർ തിളങ്ങാതെ പോയത് ആതിഥേയർക്കു തിരിച്ചടിയായി. 141 പന്തുകള്‍ നേരിട്ട ഹെഡ് 140 റൺസെടുത്തു പുറത്തായി. നാലു സിക്സറുകളും 17 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്.