ADVERTISEMENT

അഡ്‍ലെയ്ഡ്∙ ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് വമ്പൻ വിജയം. പത്ത് വിക്കറ്റ് വിജയമാണ് ആതിഥേയരായ ഓസ്ട്രേലിയ അഡ്‍ലെയ്ഡിൽ നേടിയത്. ഇന്ത്യ ഉയർത്തിയ 19 റൺസ് വിജയലക്ഷ്യം രണ്ടാം ഇന്നിങ്സിൽ 3.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഓസീസ് മറികടന്നു. ഓപ്പണർമാരായ നേഥൻ മക്സ്വീനിയും (12 പന്തിൽ 10), ഉസ്മാൻ ഖവാജയും (എട്ട് പന്തിൽ ഒൻപത്) പുറത്താകാതെനിന്നു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 1–1 എന്ന നിലയിലായി. പെർത്ത് ടെസ്റ്റിൽ ഇന്ത്യ വിജയിച്ചിരുന്നു. 

ഇതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ്സ് ടേബിളിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്കു വീണു. ഓസ്ട്രേലിയ ഒന്നാമതും ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുമാണ്. പന്തുകളുടെ എണ്ണമെടുത്താൽ ഇന്ത്യ– ഓസ്ട്രേലിയ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ മത്സരമായിരുന്നു അഡ്‍ലെയ്ഡിലേത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 175 റൺസെടുത്തു പുറത്തായിരുന്നു. മൂന്നാം ദിവസം അഞ്ചിന് 128 റൺസെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യ 47 റൺസെടുക്കുന്നതിനിടെ ഓൾഔട്ടാകുകയായിരുന്നു. 47 പന്തിൽ 42 റൺസെടുത്ത നിതീഷ് റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഋഷഭ് പന്ത് (31 പന്തിൽ 28), രവിചന്ദ്രൻ അശ്വിൻ (14 പന്തിൽ ഏഴ്), ഹർഷിത് റാണ (പൂജ്യം), മുഹമ്മദ് സിറാജ് (എട്ടു പന്തിൽ ഏഴ്) എന്നിവരാണ് ഞായറാഴ്ച പുറത്തായ മറ്റ് ഇന്ത്യൻ ബാറ്റര്‍മാർ.

നിതീഷ് റെഡ്ഡി ബാറ്റിങ്ങിനിടെ. Photo: X@BCCI
നിതീഷ് റെഡ്ഡി ബാറ്റിങ്ങിനിടെ. Photo: X@BCCI

മൂന്നാം ദിവസം തുടക്കത്തിൽ തന്നെ ഋഷഭ് പന്തിനെ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിച്ച മിച്ചൽ സ്റ്റാർക്കാണ് ഇന്ത്യൻ പ്രതീക്ഷകൾ തകർത്തത്. 36–ാം ഓവറിൽ നിതീഷ് റെഡ്ഡിയെ കമിൻസ് പുറത്താക്കിയതോടെ ഇന്ത്യയുടെ പതനം പൂർണമായി. ഓസ്ട്രേലിയയ്ക്കായി ക്യാപ്റ്റൻ പാറ്റ് കമിൻസ് അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. സ്കോട്ട് ബോളണ്ട് മൂന്നും മിച്ചൽ സ്റ്റാർക്ക് രണ്ടും വിക്കറ്റുകൾ നേടി.

രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 24 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 128 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങി ആദ്യ പത്തോവറിനുള്ളിൽ തന്നെ ഇന്ത്യയ്ക്ക് ഓപ്പണർമാരെ നഷ്ടമായിരുന്നു. കെ.എൽ. രാഹുൽ ഏഴ് റൺസും യശസ്വി ജയ്സ്വാൾ 24 റൺസും എടുത്താണു പുറത്തായത്.

രാഹുലി‍നെ വിക്കറ്റ് കീപ്പർ അലക്സ് ക്യാരിയുടെ കൈകളിലെത്തിച്ച ക്യാപ്റ്റൻ പാറ്റ് കമിൻസാണ് ഓസ്ട്രേലിയയുടെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. വിരാട് കോലി (11), ശുഭ്മൻ ഗിൽ (28), രോഹിത് ശർമ (ആറ്) എന്നിവരും സ്കോർ ബോർഡിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാനാകാതെ മടങ്ങി. 18.4 ഓവറിലാണ് ഇന്ത്യ 100 പിന്നിട്ടത്.

ഹെഡിന് സെഞ്ചറി, ഓസ്‍ട്രേലിയയ്ക്ക് 157 റൺസ് ലീഡ്

ഒന്നാം ഇന്നിങ്സിൽ 87.3  ഓവറിൽ 337 റൺസെടുത്ത് ഓസ്ട്രേലിയ പുറത്താകുകയായിരുന്നു. ഏകദിന ശൈലിയിൽ ബാറ്റു വീശിയ ട്രാവിസ് ഹെഡ് സെഞ്ചറി നേടിയെങ്കിലും മധ്യനിരയിലെ മറ്റു ബാറ്റർമാർ തിളങ്ങാതെ പോയത് ആതിഥേയർക്കു തിരിച്ചടിയായി. 141 പന്തുകള്‍ നേരിട്ട ഹെഡ് 140 റൺസെടുത്തു പുറത്തായി. നാലു സിക്സറുകളും 17 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്.

travis-head
സെഞ്ചറി നേടിയ ട്രാവിസ് ഹെഡിന്റെ ആഹ്ലാദം. Photo: X@Johns

അർധ സെഞ്ചറി നേടിയ മാർനസ് ലബുഷെയ്നും (126 പന്തിൽ 64) ഓസീസിനായി തിളങ്ങി. നേഥൻ മക്സ്വീനി (109 പന്തിൽ 39), മിച്ചൽ സ്റ്റാർക്ക് (15 പന്തിൽ 18), അലക്സ് ക്യാരി (32 പന്തിൽ 15) എന്നിവരാണ് ഓസ്ട്രേലിയയുടെ മറ്റു പ്രധാന സ്കോറർമാര്‍. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും നാലു വിക്കറ്റുകൾ വീതം വീഴ്ത്തി. നിതീഷ് കുമാർ റെഡ്ഡിക്കും ആർ. അശ്വിനും ഓരോ വിക്കറ്റുകൾ നേടി.

English Summary:

India vs Australia Second Test, Day 3 Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com