തകർപ്പൻ പ്രകടനം നടത്തിയിട്ടും ടീമിലേക്കു വിളിക്കുന്നില്ല; ഷമിയും രോഹിതും തർക്കിച്ചു, ബന്ധം വഷളായി?
Mail This Article
ബ്രിസ്ബെയ്ൻ∙ അഡ്‍ലെയ്ഡ് ടെസ്റ്റിൽ ജസ്പ്രീത് ബുമ്രയൊഴികെയുള്ള ഇന്ത്യന്‍ പേസർമാർക്ക് തിളങ്ങാനാകാതെ പോയതോടെ, മുഹമ്മദ് ഷമിയുടെ ടീമിലേക്കുള്ള തിരിച്ചുവരവ് വീണ്ടും ചർച്ചയാകുകയാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബംഗാളിനായി ഷമി തകർത്തടിക്കുമ്പോഴും ടെസ്റ്റ് ടീമിലേക്ക് താരത്തെ തിരിച്ചുവിളിക്കാന്‍ ബിസിസിഐ തയാറായിട്ടില്ല. താരം 100 ശതമാനം ഫിറ്റല്ലെന്നാണ് ക്യാപ്റ്റൻ രോഹിത് ശര്‍മ ഇപ്പോഴും പറയുന്നത്.
അതേസമയം രോഹിത്തും ഷമിയും തമ്മിലുള്ള ബന്ധം അടുത്തിടെ വഷളായതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യ– ന്യൂസീലൻഡ് ടെസ്റ്റ് പരമ്പരയ്ക്കിടെ ഇരുവരും തർക്കിച്ചതായാണു പുറത്തുവരുന്ന വിവരം. ന്യൂസീലൻഡിനെതിരായ ടെസ്റ്റിന്റെ സമയത്ത് ഷമിയുടെ കാര്യത്തെക്കുറിച്ച് രോഹിത് ശർമ പ്രതികരിച്ചിരുന്നു. ബോർഡർ– ഗാവസ്കർ ട്രോഫിയിൽ ഷമി കളിക്കുമോയെന്നു ചോദിച്ചപ്പോൾ താരം മാച്ച് ഫിറ്റല്ലെന്നായിരുന്നു രോഹിത്തിന്റെ വിശദീകരണം. ഇത് ഷമിയെ അസ്വസ്ഥനാക്കിയതായാണു റിപ്പോർട്ടുകൾ.
ബെംഗളൂരുവിലെ ന്യൂസീലൻഡിനെതിരായ ഒന്നാം ടെസ്റ്റിനിടെയായിരുന്നു ഷമി– രോഹിത് കൂടിക്കാഴ്ച. ആ സമയത്ത് ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലായിരുന്നു ഇന്ത്യൻ പേസർ. തന്നെക്കുറിച്ച് രോഹിത് ശർമ നടത്തിയ പ്രതികരണത്തിലുള്ള അതൃപ്തി ഷമി അന്നു തന്നെ ഇന്ത്യൻ ക്യാപ്റ്റനെ അറിയിച്ചിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായതായും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
അഡ്‌ലെയ്ഡ് ടെസ്റ്റിനു ശേഷവും ഷമിയെക്കുറിച്ചുള്ള ചോദ്യം രോഹിത് ശർമയ്ക്ക് നേരിടേണ്ടിവന്നു. ഷമി കളിച്ചിട്ട് മാസങ്ങൾ ഏറെയായതിനാൽ അദ്ദേഹത്തിന്റെ കാര്യത്തിൽ 100 ശതമാനത്തിലും കൂടുതൽ ഉറപ്പുണ്ടായിരിക്കണമെന്നായിരുന്നു രോഹിത് ശർമയുടെ പ്രതികരണം. ‘‘ടീമിനൊപ്പം ചേരുന്നതിനായി ഷമിക്കു മേൽ സമ്മർദം ചെലുത്താൻ ഞങ്ങൾ തയാറല്ല. ഷമിയുടെ കാര്യത്തിൽ നിരീക്ഷണം തുടരുകയാണ്. അതിന്റെ ഫലം അനുസരിച്ചാകും അദ്ദേഹത്തിന്റെ മടങ്ങിവരവ്. ഷമിയുടെ മത്സരങ്ങളും പരിശോധിക്കുന്നുണ്ട്.’’– രോഹിത് ശര്‍മ പ്രതികരിച്ചു.