3 റൺസ് ജയത്തോടെ ബംഗാൾ ക്വാർട്ടറിൽ; ഷമിയല്ലാതെ (17 പന്തിൽ 32 നോട്ടൗട്ട്, 1 വിക്കറ്റ്) വേറെയാരാണ് ഹീറോ!- വിഡിയോ
Mail This Article
ബെംഗളൂരു∙ ബാറ്റിങ്ങിൽ അവസാന ഓവറുകളിൽ വെറ്ററൻ താരം മുഹമ്മദ് ഷമിയുടെ ‘ആളിക്കത്തൽ’ ബംഗാളിനു തുണയായി. ചണ്ഡിഗഡിന്റെ ക്വാർട്ടർ മോഹങ്ങൾ തല്ലിക്കെടുത്തി ബംഗാൾ സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ. ആവേശകരമായ പ്രീക്വാർട്ടർ പോരാട്ടത്തിൽ ചണ്ഡിഗഡിനെ മൂന്നു റൺസിനു തകർത്താണ് ബംഗാളിന്റെ ക്വാർട്ടർ പ്രവേശം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാൾ നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 159 റൺസ്. ചണ്ഡിഗഡിന്റെ മറുപടി 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 156 റൺസിൽ അവസാനിച്ചു.
ബംഗാൾ നിരയിൽ അവസാന ഓവറുകളിൽ മുഹമ്മദ് ഷമി കാഴ്ചവച്ച ബാറ്റിങ് വെടിക്കെട്ടാണ് വിജയത്തിൽ നിർണായകമായത്. ഒരു ഘട്ടത്തിൽ എട്ടിന് 114 റൺസ് എന്ന നിലയിലായിരുന്ന ബംഗാളിന്, 17 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം പുറത്താകാതെ 32 റൺസെടുത്ത ഷമിയാണ് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ബോളിങ്ങിൽ നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തും ഷമി തിളങ്ങി.
160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചണ്ഡിഗഡ് നിരയിൽ, 20 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 32 റൺസെടുത്ത രാജ് ബാവയാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ മനൻ വോഹ്റ (24 പന്തിൽ 23), പ്രദീപ് യാദവ് (19 പന്തിൽ 27), നിഖിൽ ശർമ (17 പന്തിൽ 22) എന്നിവരും തിളങ്ങി. ബംഗാളിനായി സയൻ ഘോഷ് നാല് ഓവറിൽ 30 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. കനിഷ്ക് സേത് രണ്ടും ഷമി, ഷഹ്ബാസ് അഹമ്മദ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
∙ ഷമി ഹീറോയാടാ, ഹീറോ!
നേരത്തേ, ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാൾ, നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് 159 റൺസെടുത്തത്. ഒരു ഘട്ടത്തിൽ 15.1 ഓവറിൽ എട്ടിന് 114 റൺസ് എന്ന നിലയിൽ തകർന്നിടത്തുനിന്നാണ്, ഷമിയുടെ ബാറ്റിങ് വെടിക്കെട്ട് ബംഗാളിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ഓപ്പണർ കരൺ ലാൽ കഴിഞ്ഞാൽ ബംഗാളിന്റെ ടോപ് സ്കോററും ഷമി തന്നെ.
എട്ടാമനായി കനിഷ്ക് സേത് പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ ഷമി, ഒൻപതാം വിക്കറ്റിൽ പ്രദീപ്ത പ്രമാണിക്കിനൊപ്പം കൂട്ടിച്ചേർത്തത് 19 പന്തിൽ 28 റൺസ്. പിരിയാത്ത 10–ാം വിക്കറ്റിൽ സയൻ ഘോഷിനൊപ്പം 10 പന്തിൽ 21 റൺസും ചേർത്തു. ഇതിൽ സയന്റെ സംഭാവന ഒറ്റ റൺ മാത്രം. കരൺ ലാൽ 25 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതമാണ് 33 റൺസെടുത്തത്. പ്രദീപ്ത പ്രമാണിക്ക് 24 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 30 റൺസെടുത്തും വൃദ്ധിക് ചാറ്റർജി 12 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 28 റൺസുമെടുത്തു.
ചണ്ഡിഗഡിനായി പേസ് ബോളർ ജഗ്ജിത് സിങ് നാല് ഓവറിൽ 21 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. രാജ് ബാവ നാല് ഓവറിൽ 27 റൺസ് വഴങ്ങി രണ്ടു വിക്കറ്റും സ്വന്തമാക്കി. നിഖിൽ ശർമ, അമൃത് ലുബാന, ഭഗ്‌മീന്ദർ ലാതർ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.