50 പന്തു തികച്ചു കളിക്കാൻ ഒരാൾക്കും കഴിയില്ല, പിന്നെ എങ്ങനെ ജയിക്കും?: ഇന്ത്യൻ ബാറ്റർമാർക്ക് കടുത്ത വിമർശനം
Mail This Article
മുംബൈ∙ ഓസ്ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ തോൽവിക്കു കാരണം ബാറ്റിങ് നിരയുടെ പിടിപ്പുകേടാണെന്ന് തുറന്നടിച്ച് മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. പിച്ചിൽ യാതൊരു അപകടവുമില്ലെന്ന് വ്യക്തമായ രണ്ടാം ഇന്നിങ്സിൽ ഒരു ബാറ്റർ പോലും 50 പന്തു തികച്ച് ബാറ്റു ചെയ്യാതിരുന്നത് ചൂണ്ടിക്കാട്ടിയാണ് ചോപ്രയുടെ വിമർശനം. ഇത്തരമൊരു പ്രകടനം കൊണ്ട് എങ്ങനെ ടെസ്റ്റ് ജയിക്കാനായാണെന്നും ചോപ്ര ചോദിച്ചു. മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിനാണ് ഓസീസിനോടു തോറ്റത്.
രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ താരങ്ങളിൽ നിതീഷ് കുമാർ റെഡ്ഡിയാണ് കൂടുതൽ ബോളുകൾ നേരിട്ടത്. 47 പന്തുകൾ നേരിട്ട റെഡ്ഡി ആറു ഫോറും ഒരു സിക്സും സഹിതം 42 റൺസെടുത്ത് ഇന്ത്യൻ താരങ്ങളിൽ ടോപ് സ്കോററുമായി. യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത് എന്നിവരാണ് ഇന്ത്യൻ നിരയിൽ കൂടുതൽ പന്തു നേരിട്ടവരിൽ രണ്ടാമത്. 31 പന്തു വീതം. ശുഭ്മൻ ഗിൽ 30 പന്തും നേരിട്ടു.
‘‘നമുക്ക് എവിടെയാണ് പിഴവു പറ്റിയത്? അത് പ്രധാനപ്പെട്ട ചോദ്യമാണ്. ബാറ്റിങ് പരാജയമാണ് തോൽവിയിലേക്കു നയിച്ചതെന്ന കാര്യത്തിൽ സംശയമില്ല. അതും രണ്ടു തവണ. ടോസ് ലഭിച്ചപ്പോൾ ആദ്യം ബാറ്റു ചെയ്യാനെടുത്ത തീരുമാനം ശരിയായിരുന്നു. ഒന്നാം ഇന്നിങ്സിൽ 180 റൺസിനു പുറത്തായപ്പോൾ, ഇതൊക്കെ സ്വാഭാവികമാണെന്ന് ന്യായികരിച്ചിട്ടുണ്ടാകാം. പക്ഷേ ഇന്ത്യ രണ്ടാം ഇന്നിങ്സിന് ഇറങ്ങുമ്പോഴേയ്ക്കും പിച്ചിൽ യാതൊരു അപകടവും ഉണ്ടായിരുന്നില്ല’ – ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.
‘‘ഒന്നാം ഇന്നിങ്സിൽ ബോളർമാർക്ക് പിച്ചിൽനിന്ന് സഹായം കിട്ടി എന്നതു വാസ്തവമാണ്. ഒരു ടെസ്റ്റ് മത്സരത്തിൽ രണ്ട് ഇന്നിങ്സിലുമായി 80 ഓവർ തികച്ചു ബാറ്റു ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ അതു തന്നെയാണ് പ്രധാന പ്രശ്നം. 80–100 പന്തു കളിക്കാനുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ച ഒരു ബാറ്റർ പോലും ടീമിലുണ്ടായിരുന്നില്ല. 50 പന്തു കളിച്ച ഒരു താരം പോലുമില്ല. 50 റൺസിനെക്കുറിച്ചല്ല നമ്മൾ സംസാരിക്കുന്നത്. 50 പന്തു തികച്ചു കളിക്കാൻ ആർക്കുമായില്ല’ – ചോപ്ര വിശദീകരിച്ചു.
അതേസമയം, രണ്ടാം ഇന്നിങ്സിൽ പിച്ചിൽനിന്ന് ബോളർമാർക്ക് കാര്യമായ സഹായമൊന്നും ലഭിച്ചിരുന്നില്ലെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. ‘‘50 പന്തു തികച്ചു കളിക്കാൻ സാധിക്കാത്ത തരം പിച്ചായിരുന്നില്ല അഡ്‌ലെയ്ഡിലേത്. അൽപസമയം കൂടുതൽ പിടിച്ചുനിൽക്കാൻ സാധിക്കാത്ത തരം പിച്ചുമായിരുന്നില്ല. ഒറ്റ വിക്കറ്റു പോലും കളയാതെ ഒരു സെഷനെങ്കിലും പൂർണമായി ബാറ്റു ചെയ്യാൻ ടീമിന് സാധിക്കേണ്ടതായിരുന്നു. നിർഭാഗ്യവശാൽ അതുണ്ടായില്ല.’
ഇന്ത്യൻ ബാറ്റിങ്ങിന്റെ ദൗർബല്യങ്ങൾ അഡ്‍ലെയ്‍ഡ് ടെസ്റ്റിലൂടെ ഒരിക്കൽക്കൂടി പുറത്തുവന്നിരിക്കുകയാണെന്നും ചോപ്ര ചൂണ്ടിക്കാട്ടി. ‘‘ഒരിക്കൽക്കൂടി ഇന്ത്യൻ ബാറ്റിങ്ങിന്റെ ദൗർബല്യങ്ങൾ വെളിച്ചത്തു വന്നിരിക്കുന്നു. ന്യൂബോളിൽ വിക്കറ്റുകൾ കൊഴിയുമ്പോൾ, നാലാം നമ്പറിൽ വിരാട് കോലിയിൽനിന്ന് നാം ഏറെ പ്രതീക്ഷിക്കും. ഋഷഭ് പന്തിലും പ്രതീക്ഷ ഏറെയാണെങ്കിൽ പരമ്പരയിൽ ഇതുവരെ പന്തിന് നല്ലൊരു ഇന്നിങ്സ് കളിക്കാനായിട്ടില്ല. രോഹിത് ശർമ ആറാം നമ്പറിൽ വരുന്നുണ്ടെങ്കിലും ഒട്ടും ഫോമിലല്ല. ബാറ്റിങ് നിര തന്നെയാണ് ഈ ടെസ്റ്റിൽ നമ്മെ തോൽപ്പിച്ചത്. അഡ്‌ലെയ്ഡ് തോൽവിയുടെ പ്രധാന കാരണവും ബാറ്റിങ് നിരയുടെ പരാജയം തന്നെ’ – ചോപ്ര പറഞ്ഞു.