‘രാവിലെ മുതൽ വൈകിട്ട് വരെ രണ്ടറ്റത്തുനിന്നും ബുമ്രയെക്കൊണ്ടുതന്നെ എറിയിക്കാനാകുമോ? വേറെയും ബോളർമാരില്ലേ’: രോഹിത്
Mail This Article
അഡ്‍ലെയ്ഡ്∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ജസ്പ്രീത് ബുമ്ര മാത്രമല്ല ഏക ബോളറെന്നും മറ്റു ബോളർമാരുമുണ്ടെന്നും ഓർമപ്പെടുത്തി ഇന്ത്യൻ നായകൻ രോഹിത് ശർമ. രാവിലെ മുതൽ വൈകിട്ട് വരെ രണ്ടറ്റത്തുനിന്നും ബുമ്രയെക്കൊണ്ടു മാത്രം എറിയിക്കാൻ പറ്റില്ലെന്ന് രോഹിത് ചൂണ്ടിക്കാട്ടി. മുഹമ്മദ് സിറാജായാലും ഹർഷിത് റാണയായാലും നിതീഷ് റെഡ്ഡിയായാലും ആകാശ്ദീപോ പ്രസിദ്ധ് കൃഷ്ണയോ ആയാലും ബുമ്രയ്‌ക്കൊപ്പം ഉത്തരവാദിത്തം ഏറ്റെടുത്ത് ടീമിനായി വിക്കറ്റുകൾ വീഴ്ത്താനുള്ള ചുമതലയുണ്ടെന്ന് രോഹിത് പറഞ്ഞു. ഒരു കളികൊണ്ടു മാത്രം ഒരാളെയും വിലയിരുത്താനാകില്ലെന്നും രോഹിത് വ്യക്തമാക്കി.
‘‘ഒറ്റ ബോളറുമായിട്ടല്ല നമ്മൾ കളിക്കുന്നത്. മുഹമ്മദ് സിറാജായാലും ഹർഷിത് റാണയായാലും നിതീഷ് റെഡ്ഡിയായാലും ആകാശ്ദീപോ പ്രസിദ്ധ് കൃഷ്ണയോ ആയാലും ബുമ്രയ്‌ക്കൊപ്പം ഉത്തരവാദിത്തം ഏറ്റെടുത്ത് ടീമിനായി വിക്കറ്റുകൾ വീഴ്ത്താനുള്ള ചുമതല ഇവർക്കു കൂടിയുള്ളതാണ്’ – മത്സരശേഷം വാർത്താ സമ്മേളനത്തിൽ രോഹിത് ചൂണ്ടിക്കാട്ടി.
ബുമ്രയ്ക്കു പുറമേയുള്ള ഇന്ത്യൻ ബോളർമാർക്ക് പരിചയക്കുറവിന്റെ പ്രശ്നമുണ്ടെന്ന് രോഹിത് അംഗീകരിച്ചു. മുന്നോട്ടു പോകുന്തോറും ബോളിങ് മെച്ചപ്പെടുത്താനും ആത്മവിശ്വാസം ആർജിക്കാനും ഇവർക്കാകുമെന്ന പ്രതീക്ഷയും രോഹിത് പങ്കുവച്ചു.
‘‘ഈ ബോളർമാരിൽ മിക്കവരും ടെസ്റ്റ് ക്രിക്കറ്റിലേക്ക് എത്തിയിട്ടേയുള്ളൂ. അവർക്ക് ആത്മവിശ്വാസം പകർന്നു നൽകേണ്ട ചുമതല ടീമിന്റേതാണ്. അവർ കളത്തിലിറങ്ങുമ്പോഴെല്ലാം ആത്മവിശ്വാസം നൽകുന്നത് പ്രധാനപ്പെട്ട കാര്യമാണ്. വരും മത്സരങ്ങളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും ശൈലികളും സംബന്ധിച്ച് ടീമിനുള്ളിൽ ചർച്ചകൾ തുടരും. രാവിലെ മുതൽ വൈകിട്ട് വരെ രണ്ടറ്റത്തുനിന്നും ബുമ്ര തന്നെ ബോൾ ചെയ്യണമെന്ന് ചിന്തിക്കാനാകില്ലല്ലോ.
‘‘ബോളർമാരെ കൈകാര്യം ചെയ്യുന്നത് പ്രധാനപ്പെട്ട സംഗതി തന്നെയാണ്. ഇക്കാര്യങ്ങൾ ഞങ്ങൾ ടീമിനുള്ളിൽ ചർച്ച ചെയ്യാറുള്ളതാണ്. ബോളർമാരുമായി സംസാരിച്ചു തന്നെയാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. ബുമ്ര ഓരോ സ്പെൽ പൂർത്തിയാക്കുമ്പോഴും ഞാൻ അദ്ദേഹത്തോടു പോയി സംസാരിക്കാറുണ്ട്. മടുപ്പുണ്ടോയെന്ന് ചോദിക്കും. ഇത് അഞ്ച് മത്സരങ്ങളുള്ള പരമ്പരയാണ്. ബുമ്ര എല്ലാ മത്സരങ്ങളും കളിക്കേണ്ടതും ഉണർവോടെയിരിക്കേണ്ടതും ടീമിന്റെ ആവശ്യമാണ്.
അഡ്‍ലെയ്ഡ് ടെസ്റ്റിൽ വിക്കറ്റൊന്നും വീഴ്ത്താനായില്ലെങ്കിലും, അതിന്റെ പേരിൽ ഹർഷിത് റാണയെ പഴി പറയുന്നതിൽ കാര്യമില്ലെന്ന് രോഹിത് വ്യക്തമാക്കി.
‘‘ആദ്യ ടെസ്റ്റിൽ ഹർഷിത് റാണ പിഴവുകളൊന്നും വരുത്തിയില്ല. അദ്ദേഹം തന്റെ ജോലി നന്നായിത്തന്നെ ചെയ്തു. ആവശ്യമുള്ളപ്പോഴെല്ലാം ടീമിന് നിർണായക ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിഴവുകളൊന്നും വരുത്താത്ത ഒരാളെ അകാരണമായി പുറത്തിരുത്തേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. അങ്ങനെ ചെയ്താൽ അത് ടീമിന് എന്തു സന്ദേശമാണ് നൽകുക?’ – രോഹിത് ചോദിച്ചു.
‘‘ചിലപ്പോൾ ടീമിന് വേണ്ടതു നൽകാൻ സാധിച്ചെന്നു വരില്ല. അതു സ്വാഭാവികമല്ലേ. സമ്മർദ്ദത്തിലാക്കിയ നല്ലൊരു ബാറ്റർക്കെതിരെയാണ് അദ്ദേഹം പന്തെറിഞ്ഞത്. അദ്ദേഹത്തിന് ആത്മാർഥതയുള്ള സമീപനവും വിക്കറ്റെടുക്കാനുള്ള ആവേശവുമുണ്ട്. അതുകൊണ്ട് നാം വേണ്ട പിന്തുണ നൽകിയേ മതിയാകൂ.
‘‘നിങ്ങൾ എനിക്ക് ഒരു മത്സരത്തിൽ അവസരം തന്നെങ്കിലും രണ്ടാമത്തെ മത്സരത്തിൽ പുറത്തിരുത്തിയെന്ന് ബോളർ ചിന്തിക്കില്ലേ? അത്തരമൊരു ചിന്ത കളിക്കാരനും ടീമിനും ഗുണം ചെയ്യില്ല എന്നാണ് ഞാൻ കരുതുന്നത്. സാഹചര്യം എന്താണെന്നും ഓരോ ഘടകങ്ങളും എത്രമാത്രം സഹായകമാണെന്നും വിലയിരുത്തി വേണം തീരുമാനമെടുക്കാൻ.
‘‘ഒറ്റ മത്സരത്തിലെ പ്രകടനം കൊണ്ട് ഒരു താരത്തെ വിലയിരുത്തുന്നത് ശരിയല്ല. ഒരു മത്സരം ജയിക്കുന്നതിനായി ഏതു താരത്തെ കളിപ്പിക്കുന്നതാണ് ഏറ്റവും ഉചിതമെന്നാണ് നാം പരിഗണിക്കുന്നത്. കളി ജയിക്കാൻ മാറ്റം അനിവാര്യമാണെന്നു തോന്നിയാൽ മാത്രം മാറ്റം പരിഗണിക്കും’– രോഹിത് പറഞ്ഞു.