തോൽവിയുടെ ക്ഷീണമില്ല, നെറ്റ്സിൽ ബാറ്റിങ് പരിശീലിച്ച് വിരാട് കോലി; പുകഴ്ത്തി സുനിൽ ഗാവസ്കർ
Mail This Article
അഡ്‍ലെയ്ഡ്∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ തോൽവിക്കു തൊട്ടുപിന്നാലെ പരിശീലനത്തിന് ഇറങ്ങി ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി. നെറ്റ്സിൽ ഫാസ്റ്റ് ബോളർമാരുടെ പന്തുകൾ നേരിട്ടുകൊണ്ടാണ് കോലി ബ്രിസ്ബെയ്ൻ ടെസ്റ്റിനായുള്ള പരിശീലനം തുടങ്ങിയത്. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ സെഞ്ചറി നേടിയ കോലിക്ക് രണ്ടാം മത്സരത്തിൽ പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. അഡ്‍ലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ 7,11 റൺസുകളാണ് ഇന്ത്യൻ താരം രണ്ട് ഇന്നിങ്സുകളിൽ നേടിയത്.
മത്സരത്തിൽ 10 വിക്കറ്റ് വിജയം നേടിയ ഓസ്ട്രേലിയ പരമ്പരയിൽ 1–1 എന്ന നിലയില്‍ ഇന്ത്യയ്ക്കൊപ്പമെത്തി. തോൽവിക്കു പിന്നാലെ പരിശീലനത്തിന് ഇറങ്ങിയ കോലിയെ അഭിനന്ദിച്ച് മുൻ ഇന്ത്യന്‍ താരം സുനിൽ ഗാവസ്കർ രംഗത്തെത്തി. ഇന്ത്യൻ ടീമിലെ മറ്റു താരങ്ങളും കോലിയെ മാതൃകയാക്കണമെന്നും സുനിൽ ഗാവസ്കർ പ്രതികരിച്ചു.
‘‘ഇന്നുതന്നെ നെറ്റ്സിലേക്കു പോയത് അദ്ദേഹത്തിന്റെ ദൃഢനിശ്ചയമാണു കാണിക്കുന്നത്. എല്ലാ ഇന്ത്യൻ താരങ്ങളും ഇങ്ങനെ ആകാനാണു ഞാൻ ആഗ്രഹിക്കുന്നത്. അതു ചെയ്തിട്ട് നിങ്ങൾ പുറത്തായാലും കുഴപ്പമില്ല. ഒരു ദിവസം നിങ്ങൾക്ക് റൺസും വിക്കറ്റുകളും കിട്ടിയാൽ അടുത്ത ദിവസവും അങ്ങനെ തന്നെയാകണമെന്നില്ല. എന്നാൽ നിങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കണം.’’– സുനിൽ ഗാവസ്കർ പ്രതികരിച്ചു.
അടുത്ത മത്സരത്തിൽ വിരാട് കോലി നന്നായി സ്കോർ ചെയ്താൽ അദ്ഭുതപ്പെടാനില്ലെന്നും ഗാവസ്കർ വ്യക്തമാക്കി. ബ്രിസ്ബെയ്‍നിൽ ഡിസംബർ 14 മുതലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്. അഡ്‍ലെയ്ഡിൽ ഇന്ത്യ ഉയർത്തിയ 19 റൺസ് വിജയലക്ഷ്യം രണ്ടാം ഇന്നിങ്സിൽ 3.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഓസീസ് മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 175 റൺസെടുത്തു പുറത്തായിരുന്നു.