ഷഹബാസിന്റെ പോരാട്ടം (55) വിഫലം; ഷമിയുടെ ബംഗാളിനെ തകർത്ത് ‘പാണ്ഡ്യ ബ്രദേഴ്സി’ന്റെ ബറോഡ സെമിയിൽ- വിഡിയോ
Mail This Article
ബെംഗളൂരു∙ ചിന്നസ്വാമി സ്റ്റേഡിയത്തിൽ മുഹമ്മദ് ഷമി ഉൾപ്പെടുന്ന ബംഗാളിന്റെ വെല്ലുവിളി അനായാസം മറികടന്ന് പാണ്ഡ്യ സഹോദരൻമാരുടെ ബറോഡ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിന്റെ സെമിയിൽ. ഏറെക്കുറേ ഏകപക്ഷീയമായി മാറിയ മത്സരത്തിൽ 41 റൺസിനാണ് ബറോഡ ബംഗാളിനെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബറോഡ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 172 റൺസ്. ഓൾറൗണ്ടർ ഷഹബാസ് അഹമ്മദ് അർധസെഞ്ചറിയുമായി (36 പന്തിൽ 55) ഒരറ്റത്തു പൊരുതിനോക്കിയെങ്കിലും, അവരുടെ പോരാട്ടം 18 ഓവറിൽ 131 റൺസിൽ അവസാനിച്ചു.
മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഹാർദിക് പാണ്ഡ്യ, ലുക്മാൻ മെറിവാല, അതിത് സേഥ് എന്നിവർ ചേർന്നാണ് ബംഗാളിനെ തകർത്തത്. ഹാർദിക് പാണ്ഡ്യ നാല് ഓവറിൽ 27 റൺസ് വഴങ്ങിയും ലുക്മാൻ മെറിവാല മൂന്ന് ഓളറിൽ 17 റൺസ് വഴങ്ങിയും അതിത് സേഥ് നാല് ഓവറിൽ 41 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. അഭിമന്യു സിങ് രാജ്പുത്തിന് ഒരു വിക്കറ്റും ലഭിച്ചു.
ഷഹബാസ് അഹമ്മദ് 36 പന്തിൽ മൂന്നു ഫോറും നാലു സിക്സും സഹിതമാണ് 55 റൺസെടുത്തത്. റിതിക് ചൗധരി 18 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 29 റൺസെടുത്ത് പുറത്തായി. ഇവർക്കു പുറമേ ബംഗാൾ നിരയിൽ രണ്ടക്കത്തിലെത്തിയത് ഓപ്പണർ അഭിഷേക് പോറൽ മാത്രം. 13 പന്തു നേരിട്ട പോറൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 22 റൺസെടുത്ത് പുറത്തായി. ടൂർണമെന്റിൽ ബംഗാളിന്റെ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച കരൺ ലാൽ (10 പന്തിൽ ആറ്), ക്യാപ്റ്റൻ സുദീപ് കുമാർ ഗരാമി (രണ്ടു പന്തിൽ രണ്ട്), വൃദ്ധിക് ചാറ്റർജി (0), പ്രദീപ്ത പ്രമാണിക് (അഞ്ച് പന്തിൽ മൂന്ന്), മുഹമ്മദ് ഷമി (0), സക്ഷയിം ചൗധരി (10 പന്തിൽ ഏഴ്) എന്നിവരെല്ലാം നിരാശപ്പെടുത്തി.
നേരത്തേ, സെഞ്ചറി കൂട്ടുകെട്ടിന്റെ വക്കോളമെത്തിയ പ്രകടനവുമായി ഓപ്പണർമാരായ ശാശ്വത് റാവത്ത്, അഭിമന്യു സിങ് എന്നിവർ നൽകിയ മിന്നുന്ന തുടക്കമാണ് ബറോഡയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 9.4 ഓവർ ക്രീസിൽനിന്ന ശാശ്വത് – അഭിമന്യു സഖ്യം അടിച്ചെടുത്തത് 90 റൺസ്. 26 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 40 റൺസെടുത്ത ശാശ്വത് സിങ്ങാണ് ബറോഡയുടെ ടോപ് സ്കോറർ. അഭിമന്യു 34 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 37 റൺസെടുത്ത് പുറത്തായി.
ഇവർക്കു പുറമേ ശിവാലിക് ശർമ (17 പന്തിൽ 24), ഭാനു പാനിയ (11 പന്തിൽ 17), വിഷ്ണു സോളങ്കി (ഏഴു പന്തിൽ പുറത്താകാതെ 16), ഹാർദിക് പാണ്ഡ്യ (11 പന്തിൽ 10) എന്നിവരും ബറോഡ ഇന്നിങ്സിൽ ഭേദപ്പെട്ട സംഭാവന നൽകി. ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യ 11 പന്തിൽ ഏഴു റൺസെടുത്ത് പുറത്തായി. ബംഗാളിനായി മുഹമ്മദ് ഷമി, കനിഷ്ക് സേഥ്, പ്രദീപ്ത പ്രമാണിക്ക് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. സക്ഷയിം ചൗധരിക്ക് ഒരു വിക്കറ്റ് ലഭിച്ചു.