1 വിക്കറ്റ് കയ്യിലിരിക്കെ ലാസ്റ്റ് പന്തിൽ ജയിക്കാൻ 4 റൺസ്; ഔട്ടായില്ലെങ്കിൽ സമനിലയെന്നതു മറന്ന മെറിഡത്ത് റണ്ണൗട്ട്, ടീം തോറ്റു– വിഡിയോ
Mail This Article
ഹൊബാർട്ട്∙ ഒരേയൊരു വിക്കറ്റ് കയ്യിലിരിക്കെ അവസാന പന്തിൽ ബൗണ്ടറിയടിച്ചാൽ ജയം, ഔട്ട് ഒഴിവാക്കിയാൽ സമനില. ബൗണ്ടറി നേടാനുള്ള ശ്രമം പാളിയെങ്കിലും ഔട്ടായില്ലെങ്കിൽ സമനില കിട്ടുമെന്ന കാര്യം ക്രീസിലുള്ള ബാറ്റർമാർ ഒരു നിമിഷം മറന്നു. ഇല്ലാത്ത റണ്ണിനോടി വിക്കറ്റ് കളഞ്ഞതോടെ ഉറപ്പായും സമനില ലഭിക്കേണ്ടിയിരുന്ന മത്സരത്തിൽ ടീമിന് 2 റൺസ് തോൽവി! ഓസ്ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ഷെഫീൽഡ് ഷീൽഡിൽ സൗത്ത് ഓസ്ട്രേലിയയും ടാസ്മാനിയയും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. പുറത്തായ താരവും നിസാരക്കാരനല്ല. ഓസ്ട്രേലിയയ്ക്കായി ഏകദിന, ട്വന്റി20 മത്സരങ്ങളിൽ കളിച്ചിട്ടുള്ള റൈലി മെറിഡത്ത്!
ഇരു ടീമുകളും തമ്മിലുള്ള ഫസ്റ്റ് ക്ലാസ് മത്സരം നടന്നത് ഹൊബാർട്ടിലെ ബെല്ലിറിവ് ഓവലിൽ. ഒന്നാം ഇന്നിങ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 398 റൺസെടുത്ത് ഡിക്ലയർ ചെയ്ത സൗത്ത് ഓസ്ട്രേലിയയ്ക്കെതിരെ ടാസ്മാനിയ 203 റൺസിന് പുറത്തായി. 195 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 233 റൺസെടുത്ത് ഡിക്ലയർ ചെയ്തതോടെ ടാസ്മാനിയയ്ക്ക് വിജയലക്ഷ്യം 429 റൺസ്.
രണ്ടാം ഇന്നിങ്സിൽ തകർപ്പൻ ബാറ്റിങ് കാഴ്ചവച്ച ടാസ്മാനിയ, അഞ്ചാം ദിനം അവസാന ഓവറിലേക്കെത്തുമ്പോൾ വിജയത്തിൽനിന്ന് ഏഴു റൺസ് മാത്രം അകലെയായിരുന്നു. കൈവശം രണ്ടു വിക്കറ്റും. ക്രീസിലുണ്ടായിരുന്ന ലോറൻ സീനൽ സ്മിത്ത് ആദ്യ പന്തിൽ സിംഗിൾ നേടിയെങ്കിലും, രണ്ടാം പന്തു നേരിട്ട ഗെയ്ബ് ബെല്ലിന് റണ്ണെടുക്കാനായില്ല. മൂന്നാം പന്തിൽ ഗെയ്ബ് ബെൽ പുറത്ത്. ഇതോടെ റൈലി മെറിഡത്ത് ക്രീസിൽ.
നാലാം പന്തിൽ മെറിഡത്തിന്റെ വക സിംഗിൾ. ശേഷിക്കുന്ന രണ്ടു പന്തിൽ വിജയത്തിലേക്ക് അഞ്ച് റൺസ്. അഞ്ചാം പന്തിൽ ലോറൻസ് നീൽ സ്മിത്ത് വീണ്ടും സിംഗിൾ നേടി. അവസാന പന്തു നേരിട്ട റൈലി മെറിഡത്ത് ഫോർ നേടിയാൽ ടീമിനു വിജയം. ഔട്ട് ഒഴിവാക്കിയാൽ സമനില.
സ്റ്റംപിനു മുന്നിൽനിന്ന് പിന്നിലേക്ക് മാറി മെറിഡത്ത് ബൗണ്ടറിയിലേക്ക് പന്തു പായിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സിംഗിൾ ഓടിയ ഇരുവരും അവിടെ നിർത്തുന്നതിനു പകരം അനാവശ്യമായി രണ്ടാം റണ്ണിന് ഓടിയതാണ് തിരിച്ചടിയായത്. ഒരു റൺ കൂടി നേടിയാലും ഫലത്തിൽ വ്യത്യാസമില്ലെന്നിരിക്കെ മെറിഡത്ത് റണ്ണൗട്ടായതോടെ സൗത്ത് ഓസ്ട്രേലിയയ്‌ക്ക് അപ്രതീക്ഷിത വിജയം.