ADVERTISEMENT

ബെംഗളൂരു∙ വനിതാ പ്രിമിയർ ലീഗിന്റെ പുതിയ സീസണിനു മുന്നോടിയായുള്ള മിനി താരലേലത്തിൽ വിസ്മയ പ്രകടനവുമായി ധാരാവിയിലെ ചേരിയിൽ കളിച്ചുതെളിഞ്ഞ് ദേശീയ ശ്രദ്ധയിലേക്കെത്തിയ ഇരുപത്തിരണ്ടുകാരി സിമ്രാൻ ഷെയ്ഖ്. ബെംഗളൂരുവിൽ നടക്കുന്ന മിനി താരലേലത്തിൽ 1.90 കോടി രൂപയ്ക്ക് ഗുജറാത്ത് ജയന്റ്സാണ് താരത്തെ സ്വന്തമാക്കിയത്. പ്രഥമ സീസണിൽ 10 ലക്ഷം രൂപയ്ക്ക് യുപി വോറിയേഴ്സ് സ്വന്തമാക്കിയ സിമ്രാൻ, ഒൻപതു മത്സരങ്ങളും കളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മിനി താരലേലത്തിൽ 10 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന സിമ്രാൻ 1.90 കോടി രൂപയ്ക്ക് ഗുജറാത്ത് ജയന്റ്സിന്റെ ഭാഗമാകുന്നത്. മലയാളി താരം ജോഷിതയെ അടിസ്ഥാന വിലയായ 10 ലക്ഷം രൂപയ്ക്ക് ആർസിബി സ്വന്തമാക്കി.

മുംബൈ ഇന്ത്യൻസ് 1.60 കോടി രൂപയ്ക്ക് സ്വന്തമാക്കിയ തമിഴ്നാട്ടിൽ നിന്നുള്ള പതിനാറുകാരിയായ ഓൾറൗണ്ടർ ജി.കമാലിനിയാണ് താരലേലത്തിൽ വൻ നേട്ടം കൊയ്ത മറ്റൊരു താരം. 10 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന കമാലിനിയെ ഡൽഹി ക്യാപിറ്റൽസുമായി കടുത്ത പോരാട്ടം നടത്തിയാണ് 1.60 കോടി രൂപയ്ക്ക് മുംബൈ സ്വന്തമാക്കിയത്. ആഭ്യന്തര ടൂർണമെന്റുകളിലെ മിന്നുന്ന പ്രകടനമാണ് താരത്തെ ടീമുകളുടെ പ്രിയങ്കരിയാക്കിയത്.

ഒക്ടോബറിൽ നടന്ന വനിതകളുടെ അണ്ടർ 19 ട്വന്റി20 ട്രോഫിയിൽ തമിഴ്നാടിന് കിരീടം നേടിക്കൊടുക്കുന്നതിൽ കമാലിനിയുടെ പ്രകടനം നിർണായകമായിരുന്നു. എട്ടു മത്സരങ്ങളിൽനിന്ന് 311 റൺസാണ് ഇടംകൈ ബാറ്ററായ കമാലിനി സ്വന്തമാക്കിയത്. ബോളറായും വിക്കറ്റ് കീപ്പറായും തിളങ്ങാനാകുന്ന താരമാണ് കമാലിനി. നിലവിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ അക്കാദമിയിലാണ് പരിശീലനം.

10 ലക്ഷം രൂപ അടിസ്ഥാന വിലയുമായെത്തി കോടിപതിയായ മറ്റൊരു താരം പ്രേമ റാവത്താണ്. ഉത്തരാഖണ്ഡ് പ്രിമിയർ ലീഗിൽ മസ്സൂറി തണ്ടേഴ്സിന് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരത്തെ, 1.20 കോടി രൂപയ്ക്ക് നിലവിലെ ചാംപ്യൻമാരായ സ്മൃതി മന്ഥനയുടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കി. താരലേലത്തിലേക്ക് ആദ്യം എത്തിയ വെസ്റ്റിൻഡീസ് താരം ദിയേന്ദ്ര ഡോട്ടിനെ 1.70 കോടി രൂപയ്ക്ക് ഗുജറാത്ത് ജയന്റ്സ് സ്വന്തമാക്കി. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ, യുപി വോറിയേഴ്സുമായി നടത്തിയ കടുത്ത പോരാട്ടത്തിനൊടുവിലാണ് ഗുജറാത്ത് സ്വന്തമാക്കിയത്.

അഞ്ച് ടീമുകളിലുമായി ആകെയുണ്ടായിരുന്ന 18 ഒഴിവുകളിലേക്ക് 124 താരങ്ങളാണ് പോരടിച്ചത്. ഇതിൽ 91 ഇന്ത്യൻ താരങ്ങളും 29 വിദേശ താരങ്ങളും ഉൾപ്പെടുന്നു. 18 താരങ്ങളെ സ്വന്തമാക്കുന്നതിനായി അഞ്ച് ടീമുകളുടെയും പഴ്സുകളിലായി ആകെയുണ്ടായിരുന്നത് 15 കോടി രൂപ. ഇത്തവണ ലേലത്തിനു മുന്നോടിയായി മിക്ക ടീമുകളും കഴിഞ്ഞ തവണത്തെ താരങ്ങളെ ഏറെക്കുറെ പൂർണമായും നിലനിർത്തിയതോടെയാണ് ആകെ ഒഴിവ് പത്തൊൻപതും പഴ്സിലെ തുക 15 കോടിയുമായി ഒതുങ്ങിയത്.

സിമ്രാൻ ഷെയ്‌ഖ്, കമാലിനി
സിമ്രാൻ ഷെയ്‌ഖ്, കമാലിനി

താരലേലത്തിലെ മറ്റു പ്രധാന വിളികൾ

∙ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ നാദിൻ ഡി ക്ലെർക് 40 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസിൽ

∙ ഇരുപതുകാരി എൻ. ചരണി 55 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിൽ.

∙ നന്ദിനി കശ്യപ് 10 ലക്ഷം രപൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിൽ

∙ ആരുഷി ഗോയൽ 10 ലക്ഷം രൂപയ്ക്ക് യുപി വോറിയേഴ്സിൽ

∙ ക്രാന്തി ഗൗത് 10 ലക്ഷം രൂപയ്ക്ക് യുപി വോറിയേഴ്സിൽ

∙ സംസ്കൃതി ഗുപ്ത 10 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസിൽ.

∙ സാറാ ബ്രൈസ് 10 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിൽ

∙ ഓസ്ട്രേലിയൻ താരം അലാന കിങ് 30 ലക്ഷം രൂപയ്ക്ക് യുപി വോറിയേഴ്സിൽ

∙ രാഘവി ബിഷ്ത് 10 ലക്ഷം രൂപയ്ക്ക് ആർസിബിയിൽ

∙ ജാഗ്രവി പവാർ 10 ലക്ഷം രൂപയ്ക്ക് ആർസിബിയിൽ

∙ നിക്കി പ്രസാദ് 10 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിൽ

∙ അക്ഷിത മഹേശ്വരി 20 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻ‌സിൽ

∙ ഡാനിയേല ഗിബ്സൻ 30 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ജയന്റ്സിൽ

∙ പ്രകാശിക നായിക്ക് 10 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ജയന്റ്സിൽ

English Summary:

22 Year Old Simran Shaikh Breaks Bank At The Auction For Gujarat Giants In WPL 2025 Auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com