‘വെറുതേ പോയി’ ബെയ്ൽസ് പരസ്പരം മാറ്റിവച്ച് സിറാജ്; തിരിച്ചുവച്ചിട്ടും ലബുഷെയ്ന് ‘രക്ഷയില്ല’, തൊട്ടുപിന്നാലെ ഔട്ട്– വിഡിയോ
Mail This Article
ബ്രിസ്ബെയ്ൻ∙ ഗാബയിൽ നടക്കുന്ന ഇന്ത്യ – ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ കാണികളിൽ കൗതുകം സൃഷ്ടിച്ച് ബെയ്‌ൽസ് മാറ്റിവച്ചും അതു പഴയപടി തിരിച്ചുവരും മുഹമ്മദ് സിറാജും മാർനസ് ലബുഷെയ്നും. ഓസ്ട്രേലിയൻ ഇന്നിങ്സിൽ ലബുഷെയ്ൻ ബാറ്റു ചെയ്യുന്നതിനിടെയാണ് സംഭവം. ക്രീസിലേക്ക് എത്തിയ മുഹമ്മദ് സിറാജ് ബെയ്ൽസ് രണ്ടും എടുത്ത് പരസ്പരം മാറ്റിവയ്ക്കുകയായിരുന്നു. സിറാജ് പോയതിനു പിന്നാലെ ലബുഷെയ്ൻ ബെയ്‍ൽസ് രണ്ടും വീണ്ടും എടുത്ത് പഴയ പടി തിരിച്ചുവച്ചു. എന്തായാലും തൊട്ടടുത്ത ഓവറിൽ ലബുഷെയ്ൻ പുറത്താവുകയും ചെയ്തു.
ഓസ്ട്രേലിയൻ ഇന്നിങ്സിലെ 33–ാം ഓവറിലാണ് സംഭവം. മുഹമ്മദ് സിറാജാണ് ഈ ഓവർ ബോൾ ചെയ്തിരുന്നത്. ക്രീസിൽ മാർനസ് ലബുഷെയ്ൻ. ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായ ശേഷം സ്റ്റീവ് സ്മിത്തിനൊപ്പം ഓസീസ് ഇന്നിങ്സ് കരയ്‌ക്കടുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ലബുഷെയ്ൻ.
ഇതിനിടെ ക്രീസിലേക്ക് നടന്നെത്തിയ മുഹമ്മദ് സിറാജ്, ബെയ്ൽസ് രണ്ടും എടുത്ത് പരസ്പരം മാറ്റിവച്ചു. ലബുഷെയ്ൻ അടുത്ത പന്തു നേരിടാൻ തയാറെടുത്ത് ക്രീസിൽ നിൽക്കുമ്പോഴായിരുന്നു ഇത്. ഇന്ത്യൻ ബോളർമാരെ ശ്രദ്ധയോടെ നേരിട്ട് ക്രീസിൽ ഉറച്ചുനിന്ന ലബുഷെയ്ന്റെ ശ്രദ്ധ തെറ്റിക്കുകയായിരുന്നു സിറാജിന്റെ ലക്ഷ്യമെന്ന് വ്യക്തം.
സിറാജിന്റെ ‘പരിപാടി’ എന്തായാലും ലബുഷെയ്ന് അത്ര രസിച്ചില്ലെന്ന് അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കി. സിറാജ് അടുത്ത ബോൾ ചെയ്യാനായി പോയതിനു തൊട്ടുപിന്നാലെ ബെയ്ൽസ് രണ്ടുമെടുത്ത ലബുഷെയ്ൻ, അത് ആദ്യം ഇരുന്നപടി തന്നെ തിരികെവച്ചു.
എന്തായാലും സംഭവത്തിന്റെ ദൃശ്യങ്ങൾ വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഏറ്റവും വലിയ കൗതുകം എന്താണെന്നു വച്ചാൽ, സിറാജ് ബെയ്‌ൽസ് മാറ്റിവച്ച് ശ്രദ്ധ തെറ്റിച്ച സംഭവത്തിനു പിന്നാലെ തൊട്ടടുത്ത ഓവറിൽ ലബുഷെയ്ൻ പുറത്തായി! 55 പന്തുകൾ നേരിട്ട് 12 റൺസെടുത്ത ലബുഷെയ്നെ നിതീഷ് റെഡ്ഡിയാണ് പുറത്താക്കിയത്. സ്ലിപ്പിൽ വിരാട് കോലി ക്യാച്ചെടുത്തു.