‘ഒടുവിൽ ഹെഡിനെ ഭയക്കേണ്ടാത്ത ഗ്രൗണ്ട് ഇന്ത്യ കണ്ടെത്തി’; മഴയത്ത് മൂടിയിട്ട പിച്ചിന്റെ ചിത്രം പങ്കുവച്ച് വോണിന്റെ പരിഹാസം
Mail This Article
ബ്രിസ്ബെയ്ൻ∙ ബോർഡർ – ഗാവസ്കർ ട്രോഫിയിലെ തുടർച്ചയായ രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ് സെഞ്ചറി നേടിയതിനു പിന്നാലെ, ഇന്ത്യൻ ടീമിനെ പരിഹസിച്ച് ഇംഗ്ലണ്ടിന്റെ മുൻ താരം മൈക്കൽ വോൺ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് വോൻ ഇന്ത്യൻ ടീമിനെ പരിഹസിച്ചത്. ‘ഒടുവിൽ ട്രാവിസ് ഹെഡിനെ നിശബ്ദനാക്കാൻ പറ്റിയ ഗ്രൗണ്ട് ഇന്ത്യ കണ്ടെത്തിയിരിക്കുന്നു’ എന്ന കുറിപ്പോടെ, കനത്ത മഴയത്ത് മൂടിയിട്ടിരിക്കുന്ന ഗ്രൗണ്ടിന്റെ ചിത്രമാണ് വോൺ പങ്കുവച്ചത്.
ഇതിനു പിന്നാലെ, മൈക്കൽ വോണിനെയും ഇംഗ്ലണ്ട് ടീമിനെയും പരിഹസിച്ച് ഒട്ടേറെ ഇന്ത്യൻ ആരാധകരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ന്യൂസീലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കൂട്ടത്തകർച്ച നേരിട്ട് തോൽവിയിലേക്കു നീങ്ങുന്ന ഇംഗ്ലണ്ട് ടീമിന്റെ ദൈന്യത വെളിവാക്കുന്ന സ്കോർ കാർഡിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് ഒരു ആരാധകൻ കുറിച്ചത് ഇങ്ങനെ: ‘ഹേ മൈക്കൽ, ഇംഗ്ലണ്ട് ഒരിക്കൽക്കൂടി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ കടന്നെന്നു തോന്നുന്നു’!
ന്യൂസീലൻഡിനെതിരായ മത്സരത്തിൽ അവസാന അഞ്ച് വിക്കറ്റുകൾ വെറും ഒൻപതു റൺസിനിടെ നഷ്ടമാക്കി കൂട്ടത്തകർച്ച നേരിട്ട ഇംഗ്ലണ്ടിന്റെ കാര്യം മറ്റൊരു ആരാധകൻ വോണിനെ ഓർമിപ്പിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ത്യ ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് വിജയം നേടിയപ്പോൾ, ഇംഗ്ലണ്ട് കഴിഞ്ഞ 13 വർഷത്തിനിടെ അവിടെ ജയിച്ചിട്ടില്ലെന്ന് മറ്റൊരു ആരാധകൻ ചൂണ്ടിക്കാട്ടി. 2011 ജനുവരിയിലാണ് ഇംഗ്ലണ്ട് ഏറ്റവും ഒടുവിൽ ഓസീസ് മണ്ണിൽ ടെസ്റ്റ് വിജയം നേടിയത്. ഈ ഗ്രൗണ്ടിൽ പോലും ബാസ്ബോൾ കൊണ്ട് ഓസ്ട്രേലിയയിൽ ടെസ്റ്റ് ജയിക്കാനാകില്ലെന്നായിരുന്നു മറ്റൊരു കമന്റ്.
ഇന്ത്യയ്‌ക്കെതിരായ മത്സരങ്ങളിൽ ട്രാവിസ് ഹെഡ് തുടർച്ചയായി തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന സാഹചര്യത്തിലാണ്, ഇന്ത്യയെ പരിഹസിച്ച് മൈക്കൽ വോൺ പോസ്റ്റ് പങ്കുവച്ചത്. അഡ്‍ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെ സെഞ്ചറി നേടി ഓസീസ് ടീമിന്റെ വിജയശിൽപിയായ ട്രാവിസ് ഹെഡ്, ഗാബ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലും സെഞ്ചറിയുമായി ഓസീസിനെ തകർച്ചയിൽനിന്ന് രക്ഷപ്പെടുത്തിയിരുന്നു.