ADVERTISEMENT

മുംബൈ∙ ഓസ്ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര 3–0ന് അടിയറവു വച്ചെങ്കിലും, സ്വന്തം നാട്ടിലേക്ക് എത്തിയതോടെ ഇന്ത്യൻ വനിതകൾ വീണ്ടും പുലികളായി. തകർത്തടിച്ച് അർധസെഞ്ചറി നേടിയ ഓപ്പണർ സ്മൃതി മന്ഥന (54), ജെമീമ റോഡ്രിഗസ് (73) എന്നിവരുടെ മികവിൽ വെസ്റ്റിൻഡീസിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ആവേശപ്പോരാട്ടത്തിൽ വിൻഡീസ് വനിതകളെ 49 റൺസിനാണ് ഇന്ത്യ തകർത്തത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത്195 റൺസ്. വിൻഡീസിന്റെ മറുപടി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 146 റൺസിൽ അവസാനിച്ചു.

നാല് ഓവറിൽ 37 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ടൈറ്റസ് സാധുവിന്റെ നേതൃത്വത്തിലാണ് ഇന്ത്യ വിൻഡീസിനെ 151 റൺസിൽ ഒതുക്കിയത്. ദീപ്തി ശർമ നാല് ഓവറിൽ 21 റൺസ് വഴങ്ങിയും രാധാ യാദവ് നാല് ഓവറിൽ 28 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.‌

തകർത്തടിച്ച് അർധസെഞ്ചറി നേടിയ ദിയേന്ദ്ര ഡോട്ടിനാണ് വിൻഡീസിന്റെ ടോപ് സ്കോറർ. 28 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം ഡോട്ടിൻ നേടിയത് 52 റൺസ്. ക്വിയാന ജോസഫ് 33 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 49 റൺസെടുത്ത് പുറത്തായി. ഇവർക്കു പുറമേ വിൻഡീസ് നിരയിൽ രണ്ടക്കം കണ്ടത് ഷെർമെയ്ൻ കാംബൽ (13 പന്തിൽ 13), ഷബീക ഗജ്നാബി (19 പന്തിൽ പുറത്താകാതെ 15) എന്നിവർ മാത്രം. ക്യാപ്റ്റൻ ഹെയ്‌ലി മാത്യൂസ് ഒരു റണ്ണുമായി നിരാശപ്പെടുത്തി.

നേരത്തേ, സ്മൃതി മന്ഥന, ജെമീമ റോഡ്രിഗസ് എന്നിവരുടെ അർധസെഞ്ചറികളാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 35 പന്തുകൾ നേരിട്ട ജെമീമ റോഡ്രിഗസ്, ഒൻപതു ഫോറും രണ്ടു സിക്സും സഹിതമാണ് 73 റൺസെടുത്തത്. സ്മൃതി മന്ഥന 33 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 54 റൺസുമെടുത്തു. ഓപ്പണിങ് വിക്കറ്റിൽ സ്മൃതി – ഉമ ഛേത്രി സഖ്യം അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തു. 39 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 50 റൺസ്. രണ്ടാം വിക്കറ്റിൽ സ്മൃതി – ജെമീമ സഖ്യം 44 പന്തിൽ 81 റൺസും കൂട്ടിച്ചേർത്തു. നാലാം വിക്കറ്റിൽ റിച്ച ഘോഷ് – ജെമീമ സഖ്യം 20 പന്തിൽ 35 റൺസ് ചേർത്താണ് ഇന്ത്യയെ 190ൽ എത്തിച്ചത്.

ഓപ്പണർ ഉമ ഛേത്രി (26 പന്തിൽ നാലു ഫോറുകളോടെ 24), റിച്ച ഘോ,് (14 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 20), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (11 പന്തിൽ ഓരോ സിക്സും ഫോറും സഹിതം പുറത്താകാതെ 13) എന്നിവരും ഇന്ത്യൻ ഇന്നിങ്സിൽ മികച്ച സംഭാവനകൾ നൽകി. മലയാളി താരം സജന സജീവൻ ഒരു റണ്ണുമായി ക്യാപ്റ്റൻ ഹർമൻപ്രീതിനൊപ്പം പുറത്താകാതെ നിന്നു. വെസ്റ്റിൻഡീസിനായി കരിഷ്മ രാംഹരാക് നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ദിയേന്ദ്ര ഡോട്ടിൻ ഒരു വിക്കറ്റ് സ്വന്തമാക്കി.

English Summary:

India Women vs West Indies Women, 1st T20I - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com