ADVERTISEMENT

മുംബൈ∙ വെസ്റ്റിൻഡീസിനെതിരായ ഒന്നാം ട്വന്റി20യിൽ ആരാധകർക്കിടയിൽ വൈറലായി മലയാളി താരം മിന്നു മണിയുടെ മിന്നും ക്യാച്ച്. വെസ്റ്റിൻഡീസ് ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ഹെയ്‌ലി മാത്യൂസിനെ പുറത്താക്കാനാണ് ആദ്യം പിന്നിലേക്കോടി പിന്നീട് മുന്നോട്ടു ഡൈവ് ചെയ്ത് മിന്നു മണി വിസ്മയിപ്പിക്കുന്ന ക്യാച്ചെടുത്തത്. പന്തു കൈപ്പിടിയിലൊതുക്കിയ ശേഷം നിലത്തേക്ക് ദേഹമിടിച്ചു വീണെങ്കിലും, മിന്നു മണി ക്യാച്ച് കൈവിട്ടില്ല. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യയുടെ പതിനൊന്നംഗ ടീമിൽ അംഗമല്ലാതിരുന്ന മിന്നു മണി, പകരക്കാരിയായാണ് ഫീൽഡിങ്ങിന് ഇറങ്ങിയത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത്195 റൺസ്. സ്മൃതി മന്ഥന, ജെമീമ റോഡ്രിഗസ് എന്നിവരുടെ അർധസെഞ്ചറികളാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 35 പന്തുകൾ നേരിട്ട ജെമീമ റോഡ്രിഗസ്, ഒൻപതു ഫോറും രണ്ടു സിക്സും സഹിതമാണ് 73 റൺസെടുത്തത്. സ്മൃതി മന്ഥന 33 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 54 റൺസുമെടുത്തു. രണ്ടാം വിക്കറ്റിൽ സ്മൃതി – ജെമീമ സഖ്യം 44 പന്തിൽ 81 റൺസ് കൂട്ടിച്ചേർത്താണ് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത്.

ഇന്ത്യ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ വിൻഡീസിന്റെ പ്രധാന പ്രതീക്ഷ ക്യാപ്റ്റൻ ഹെയ്‌ലി മാത്യൂസിലായിരുന്നു. ക്വിയാന ജോസഫിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തതും ഹെയ്‌ലി തന്നെ. രേണുക സിങ് എറിഞ്ഞ ആദ്യ ഓവറിൽ വിൻഡീസ് നേടിയത് രണ്ടു  റൺസ്. പിന്നാലെ ബോൾ ചെയ്യാനെത്തിയത് ടൈറ്റസ് സധു. ഈ ഓവറിലെ രണ്ടാം പന്തിലാണ് ആരാധകരെ ആവേശത്തിലാറാടിച്ച ക്യാച്ചുമായി മിന്നു മണി ശ്രദ്ധ നേടിയത്.

ടൈറ്റസ് സാധുവിന്റെ രണ്ടാം പന്തിൽ പുൾ ഷോട്ടിലൂടെ ബൗണ്ടറി കണ്ടെത്താനുള്ള ശ്രമത്തിലാണ് ഹെയ്‌ലി മാത്യൂസ് മിന്നു മണിയുടെ തകർപ്പൻ ക്യാച്ചിൽ പുറത്തായത്. ഹെയ്‌ലിയുടെ ബാറ്റിൽത്തട്ടി വൈഡ് മിഡ്–ഓണിലേക്ക് ഉയർന്നുപൊങ്ങിയ പന്ത് ലക്ഷ്യമിട്ട് മിന്നു മണിയും രേണുക താക്കൂറും ഓടി. മുന്നിലോടിയ മിന്നു മണി, ഉയർന്നുപൊങ്ങിയ ശേഷം താഴേക്കു വന്ന പന്തിനു കണക്കാക്കി ഓടുന്നതിനിടെ മുന്നിലേക്കു ഡൈവ് ചെയ്തു. പന്ത് കയ്യിലൊതുക്കിയ മിന്നു, വീഴ്ചയുടെ ആഘാതത്തിലും അത് കൈവിടാതെ ചേർത്തു പിടിച്ചു. ഇന്ത്യൻ ടീമംഗങ്ങളുടെ ആഘോഷപ്രകടനത്തിൽനിന്നു തന്നെ ആ ക്യാച്ചിന്റെ പ്രാധാന്യം വ്യക്തമായിരുന്നു.

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്തതിനു പിന്നാലെ ക്യാപ്റ്റനെ നഷ്ടമായ വിൻഡീസ്, പിന്നീട് ആ നഷ്ടത്തിൽനിന്ന് കരകയറാനാകാതെ മത്സരം തോൽക്കുകയും ചെയ്തു. 195 റൺസ് പിന്തുടർന്ന വിൻഡീസിന്റെ മറുപടി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 146 റൺസിൽ അവസാനിച്ചു. തകർത്തടിച്ച് അർധസെഞ്ചറി നേടിയ ദിയേന്ദ്ര ഡോട്ടിനാണ് വിൻഡീസിന്റെ ടോപ് സ്കോറർ. 28 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം ഡോട്ടിൻ നേടിയത് 52 റൺസ്. ക്വിയാന ജോസഫ് 33 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 49 റൺസെടുത്ത് പുറത്തായി.

English Summary:

Malayali Player Minnu Mani Takes Sensational Running Catch To Dismiss Hayley Matthews

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com