ADVERTISEMENT

ഹാമിൽട്ടൻ ∙ പരമ്പര നേരത്തേ കൈവിട്ടെങ്കിലും ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ശക്തമായി തിരിച്ചടിച്ച് ന്യൂസീലൻഡ്. ഹാമിൽട്ടനിലെ സെഡൻ പാർക്കിൽ നടക്കുന്ന മത്സരത്തിൽ കിവീസ് ഇംഗ്ലണ്ടിനു മുന്നിൽ ഉയർത്തിയത് 658 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിർത്തുമ്പോൾ ആറ് ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 18 റൺസ് എന്ന നിലയിലാണ്. എട്ടു വിക്കറ്റ് കയ്യിലിരിക്കെ വിജയത്തിലേക്ക് വേണ്ടത് 640 റൺസ്!

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന് ഓപ്പണർമാരായ സാക് ക്രൗളി (17 പന്തിൽ അഞ്ച്), ബെൻ ഡക്കറ്റ് (നാലു പന്തിൽ നാല്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ക്രൗളിയെ മാറ്റ് ഹെൻറിയും ബെൻ ഡക്കറ്റിനെ വിരമിക്കൽ ടെസ്റ്റ് കളിക്കുന്ന ടിം സൗത്തിയും പുറത്താക്കി. ജേക്കബ് ബെഥേൽ (15 പന്തിൽ 9), ജോ റൂട്ട് (0) എന്നിവരാണ് ക്രീസിൽ.

ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 143 റൺസിന് എറിഞ്ഞിട്ട് 204 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ന്യൂസീലൻഡ്, രണ്ടാം ഇന്നിങ്സിൽ 101.4 ഓവറിൽ 453 റൺസിന് പുറത്തായതോടെയാണ് ഇംഗ്ലണ്ടിനു മുന്നിൽ 658 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയർന്നത്. സെഞ്ചറി നേടിയ കെയ്ൻ വില്യംസന്റെ നേതൃത്വത്തിലാണ് കിവീസ് കൂറ്റൻ ലീഡിലേക്ക് എത്തിയത്. വില്യംസൻ 204 പന്തിൽ 20 ഫോറും ഒരു സിക്സും സഹിതം 156 റൺസെടുത്തു.

വില്യംസനു പുറമേ അർധസെഞ്ചറി നേടിയ ഓപ്പണർ വിൽ യങ് (85 പന്തിൽ 60), ഡാരിൽ മിച്ചൽ (84 പന്തിൽ 60), അർധസെഞ്ചറിയുടെ അരികിലെത്തിയ മിച്ചൽ സാന്റ്നർ (38 പന്തിൽ 49), ടോം ബ്ലണ്ടൽ (55 പന്തിൽ പുറത്താകാതെ 44), രചിൻ രവീന്ദ്ര (90 പന്തിൽ 44) എന്നിവരും ചേർന്നതോടെ ന്യൂസീലൻഡ് ശക്തമായ നിലയിലെത്തി.

ഇംഗ്ലണ്ടിനായി ജേക്കബ് ബെഥേൽ മൂന്നും ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, ശുഐബ് ബഷീർ എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി. മാത്യു പോട്സ്, ഗസ് അറ്റ്കിൻസൻ, ജോ റൂട്ട് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. ആദ്യ രണ്ടു ടെസ്റ്റുകൾ ജയിച്ച ഇംഗ്ലണ്ട് പരമ്പര നേരത്തേ സ്വന്തമാക്കിയിരുന്നു.

English Summary:

New Zealand-England test cricket : New Zealand takes a commanding 340-run lead against England in the third Test despite losing the series. Kane Williamson leads the charge with a half-century.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com