അശ്വിനെ അപമാനിച്ചു, എത്ര കാലം ഇത് സഹിക്കും?: ഞെട്ടിച്ച് പിതാവിന്റെ ആരോപണം
Mail This Article
ചെന്നൈ∙ വെറ്ററൻ ക്രിക്കറ്റ് താരം ആർ. അശ്വിൻ വിരമിച്ചതിനു പിന്നാലെ ഞെട്ടിക്കുന്ന പ്രസ്താവനയുമായി അശ്വിന്റെ പിതാവ്. മകൻ അപമാനിക്കപ്പെട്ടതായി അശ്വിന്റെ പിതാവ് രവിചന്ദ്രൻ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. ‘‘അശ്വിൻ വിരമിക്കുന്നതിനു തൊട്ടുമുൻപാണ് ഈ കാര്യം ഞാൻ അറിയുന്നത്. എന്താണ് അശ്വിന്റെ മനസ്സിലുള്ളതെന്ന് എനിക്ക് അറിയില്ല. അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചു. ഞങ്ങൾ അതു സ്വാഗതം ചെയ്തു. അശ്വിൻ വിരമിച്ചതിൽ എനിക്ക് സന്തോഷവും സങ്കടവുമുണ്ട്. കാരണം അദ്ദേഹത്തിന് ഇനിയും കളിക്കാൻ സമയമുണ്ടായിരുന്നു.’’
‘‘വിരമിക്കൽ എന്നത് അശ്വിന്റെ സ്വന്തം തീരുമാനമാണ്. ഞാൻ അതിൽ ഇടപെടില്ല. എന്നാൽ അദ്ദേഹം അങ്ങനെയൊരു തീരുമാനമെടുത്തതിൽ പല കാരണങ്ങളും ഉണ്ടായിരിക്കാം. ചിലപ്പോൾ അദ്ദേഹം അപമാനിതനായിട്ടുണ്ടാകും. 14–15 വർഷത്തോളമായി അശ്വിന്‍ ക്രിക്കറ്റിലുണ്ട്. അതുകൊണ്ടു തന്നെ ഇത് കുടുംബത്തിന് ഒരു വൈകാരിക നിമിഷമാണ്. പെട്ടെന്നുണ്ടായ ഈ മാറ്റത്തിലുള്ള ഞെട്ടൽ കുടുംബത്തിലുണ്ട്.’’
‘‘ഒരു തരത്തിൽ പറഞ്ഞാല്‍ ഈ തീരുമാനം പ്രതീക്ഷിച്ചിരുന്നു. കാരണം അദ്ദേഹം അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എത്ര കാലം അദ്ദേഹത്തിന് ഇത് സഹിക്കാൻ സാധിക്കും?.’’– അശ്വിന്റെ പിതാവ് രവിചന്ദ്രൻ ചോദിച്ചു. ബുധനാഴ്ച ബ്രിസ്ബെയ്നിൽവച്ച് വിരമിക്കൽ പ്രഖ്യാപിച്ച അശ്വിൻ, തൊട്ടടുത്ത ദിവസം തന്നെ ചെന്നൈയിലെത്തിയിരുന്നു. താരത്തെ സ്വീകരിക്കാൻ നൂറു കണക്കിന് ആരാധകരാണ് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്.