ശ്രേയസ് അയ്യർ 55 പന്തിൽ 114*, ദുബെ 36 പന്തിൽ 63*, കൂട്ടുകെട്ട് 65 പന്തിൽ 148; കർണാടകയ്ക്കു മുന്നിൽ 383 റൺസ് വിജയലക്ഷ്യം!
Mail This Article
അഹമ്മദാബാദ്∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ചാംപ്യൻമാരായതിനു പിന്നാലെ, വിജയ് ഹസാരെ ട്രോഫിയിലും കിരീടം തന്നെയാണ് ലക്ഷ്യമെന്ന പ്രഖ്യാപനവുമായി തകർത്തടിച്ച് മുംബൈയുടെ കുതിപ്പ്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ മിന്നൽ സെഞ്ചറിയുമായി തിളങ്ങിയ മത്സരത്തിൽ മുംബൈ കരുത്തരായ കർണാടകയ്‌ക്കു മുന്നിൽ ഉയർത്തിയത് 383 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ, നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 382 റൺസെടുത്തത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈയ്‌ക്കായി ക്യാപ്റ്റൻ ശ്രേയസ് അയ്യർ തകർത്തടിച്ച് സെഞ്ചറി നേടി. 55 പന്തിൽ അഞ്ച് ഫോറും 10 സിക്സും ഉൾപ്പെടെ 114 റൺസുമായി അയ്യർ പുറത്താകാതെ നിന്നു. ശിവം ദുബെ 36 പന്തിൽ അഞ്ച് വീതം സിക്സും ഫോറും സഹിതം 63 റൺസോടെയും പുറത്താകാതെ നിന്നു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ വെറും 65 പന്തിൽ അയ്യർ – ദുബെ സഖ്യം അടിച്ചുകൂട്ടിയ 148 റൺസാണ് മുംബൈ ഇന്നിങ്സിന്റെ നട്ടെല്ല്.
മുംബൈയ്‌ക്കായി ഓപ്പണർ ആയുഷ് മാത്രെ, വിക്കറ്റ് കീപ്പർ ബാറ്റർ ഹാർദിക് താമോർ എന്നിവരും അർധസെഞ്ചറി നേടി. ആയുഷ് മാത്രെ 82 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം 78 റൺസെടുത്തു. താമോർ 94 പന്തിൽ ഏഴു ഫോറും മൂന്നു സിക്സും സഹിതം 84 റൺസെടുത്തും പുറത്തായി. മുംബൈയ്ക്കായി രണ്ടാം വിക്കറ്റിൽ താമോർ – മാത്രെ സഖ്യവും സെഞ്ചറി കൂട്ടുകെട്ട് തീർത്തു. 160 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 141 റൺസ്.
ഇന്ത്യൻ താരം സൂര്യകുമാർ യാദവ് 16 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 20 റൺസെടുത്ത് പുറത്തായി. 17 പന്തിൽ ഒരു ഫോര‍് സഹിതം ആറു റൺസെടുത്ത ആൻകൃഷ് രഘുവംശിയാണ് പുറത്തായ മറ്റൊരു താരം. കർണാടകയ്ക്കായി പ്രവീൺ ദുബെ രണ്ടും വിദ്യാധർ പാട്ടീൽ, ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. അതേസമയം, വിദ്യാധർ പാട്ടീൽ 10 ഓവറിൽ വഴങ്ങിയത് 103 റൺസാണ്. പ്രവീൺ ദുബെ 10 ഓവറിൽ 89 റൺസും വഴങ്ങി. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും 10 ഓവറിൽ 45 റൺസ് മാത്രം വഴങ്ങിയ കൗശിക്കിന്റെ പ്രകടനം ശ്രദ്ധ നേടി.