ADVERTISEMENT

മെൽബൺ∙ ഓസ്ട്രേലിയന്‍ താരങ്ങളോടു സംസാരിക്കുമ്പോൾ ചിരിക്കരുതെന്ന് മുഹമ്മദ് സിറാജിനെ ‘പഠിപ്പിച്ച്’ ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി. മത്സരത്തിനിടെ സ്റ്റംപ് മൈക്കിലാണ് വിരാട് കോലിയുടെ ഹിന്ദിയിലുള്ള സംസാരം പതിഞ്ഞത്. നാലാം ടെസ്റ്റിന്റെ ആദ്യ ദിനം പന്തെറിയുന്നതിനിടെ മുഹമ്മദ് സിറാജും മാർനസ് ലബുഷെയ്നും സംസാരിക്കുമ്പോഴായിരുന്നു കോലിയുടെ ഉപദേശമെത്തിയത്.

ഓവറിന്റെ അവസാനം ഫീൽഡർമാരെ മാറ്റുന്നതിനിടയില്‍ കോലിയുടെ വാക്കുകൾ മൈക്കിൽ പതിഞ്ഞു. ‘‘നമ്മൾ അവരോടു സംസാരിക്കുമ്പോൾ ചിരിക്കരുത്.’’– എന്നായിരുന്നു കോലി പറഞ്ഞത്. കോലിയുടെ നിർദേശം ഉൾപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആദ്യ ദിവസം 15 ഓവറുകൾ പന്തെറിഞ്ഞ മുഹമ്മദ് സിറാജിനു വിക്കറ്റുകളൊന്നും ലഭിച്ചിരുന്നില്ല.

ഓസ്ട്രേലിയൻ ബാറ്റർ സാം കോൺസ്റ്റാസിനെ തോളുപയോഗിച്ച് തള്ളിയതിന് വിരാട് കോലിക്കു പിഴ ശിക്ഷ വിധിച്ചിരുന്നു. മാച്ച് ഫീയുടെ 20 ശതമാനമാണ് കോലി പിഴയായി അടയ്ക്കേണ്ടത്. അതിനു പുറമേ ഒരു ഡീമെറിറ്റ് പോയിന്റും കോലിക്കുണ്ടാകും. കോലി തള്ളി മാറ്റി പോയതിനു പിന്നാലെ ഇരു താരങ്ങളും തമ്മിൽ ഗ്രൗണ്ടിൽ വച്ച് തർക്കിച്ചിരുന്നു. അംപയർമാർ ഇടപെട്ടാണു പ്രശ്നം പരിഹരിച്ചത്.

ആദ്യ ദിവസം 86 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 311 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ ബാറ്റിങ് അവസാനിപ്പിച്ചത്.സാം കോൺസ്റ്റാസ് (65 പന്തില്‍ 60), ഉസ്മാൻ ഖവാജ (121 പന്തിൽ 57), മാർനസ് ലബുഷെയ്ൻ (145 പന്തിൽ 72), ട്രാവിസ് ഹെഡ് (പൂജ്യം), മിച്ചൽ മാർഷ് (13 പന്തിൽ നാല്), അലക്സ് ക്യാരി (41 പന്തിൽ 31) എന്നിവരാണ് ഓസീസ് നിരയിൽ പുറത്തായ ബാറ്റർമാർ. ജസ്പ്രീത് ബുമ്ര മൂന്നു വിക്കറ്റുകൾ വീഴ്ത്തി.

English Summary:

Kohli's Fiery Command To Mohammed Siraj Over Interaction With Australians

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com