അർഷ്ദീപിന് 5 വിക്കറ്റ്, പ്രഭ്സിമ്രാൻ സിങ് 101 പന്തിൽ 150*; ശ്രേയസിന്റെയും സൂര്യയുടെയും മുംബൈയെ തകർത്ത് പഞ്ചാബ്
Mail This Article
അഹമ്മദാബാദ്∙ ശ്രേയസ് അയ്യരും സൂര്യകുമാർ യാദവും ശിവം ദുബെയും ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളുമായി ഇറങ്ങിയ മുംബൈയെ അനായാസം വീഴ്ത്തി, വിജയ് ഹസാരെ ട്രോഫിയിൽ പഞ്ചാബിന് വിജയത്തുടർച്ച. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ എട്ടു വിക്കറ്റിനാണ് പഞ്ചാബ് മുംബൈയെ തോൽപ്പിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 48.5 ഓവറിൽ 248 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് 31 ഓവറും എട്ടു വിക്കറ്റും ബാക്കിയാക്കി അനായാസം വിജയത്തിലെത്തി.
ഓപ്പണറായി ഇറങ്ങി തകർത്തടിച്ച് സെഞ്ചറി നേടിയ പ്രഭ്സിമ്രാൻ സിങ്ങിന്റെ പ്രകടനമാണ് പഞ്ചാബിന് അനായാസ വിജയം സമ്മാനിച്ചത്. 101 പന്തുകൾ നേരിട്ട പ്രഭ്സിമ്രാൻ, 14 ഫോറും 10 സിക്സും സഹിതം 150 റൺസുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ കൂടിയായ ഓപ്പണർ അഭിഷേക് ശർമ 54 പന്തിൽ നാലു ഫോറും അഞ്ച് സിക്സും സഹിതം 66 റൺസെടുത്ത് പുറത്തായി. ഓപ്പണിങ് വിക്കറ്റിൽ 131 പന്തിൽ 150 റൺസടിച്ച ഇരുവരും ചേർന്ന് പഞ്ചാബിന്റെ വിജയത്തിന് അടിത്തറയിട്ടിരുന്നു.
രമൺദീപ് സിങ് 12 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 22 റൺസുമായി പുറത്താകാതെ നിന്നു. പഞ്ചാബ് നിരയിൽ നിരാശപ്പെടുത്തിയത് ഏഴു പന്തിൽ ആറു റൺസുമായി പുറത്തായ അൻമോൽപ്രീത് സിങ് മാത്രം. മുംബൈയ്‌ക്കായി ഷാർദുൽ താക്കൂർ, ആയുഷ് മാത്രെ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തേ, അഞ്ച് വിക്കറ്റ് വീഴ്ത്തി മുൻനിരയും മധ്യനിരയും തകർത്ത ഇടംകയ്യൻ പേസർ അർഷ്ദീപ് സിങ്ങാണ് മുംബൈയെ തകർച്ചയിലേക്ക് തള്ളിവിട്ടത്. അർഷ്ദീപ് സിങ് ആഞ്ഞടിച്ചതോടെ ഒരു ഘട്ടത്തിൽ ആറിന് 61 റൺസ് എന്ന നിലയിലായിരുന്നു മുംബൈ. ഏഴാം വിക്കറ്റിൽ സൂര്യാൻഷ് ഷെഡ്ഗെയ്‌ക്കൊപ്പവും എട്ടാം വിക്കറ്റിൽ ഷാർദുൽ താക്കൂറിനൊപ്പവും അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത അഥർവ വിനോദ് അൻകൊലേകറാണ് മുംബൈയ്‌ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
84 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 66 റൺസെടുത്ത അൻകൊലേകറാണ് മുംബൈയുടെ ടോപ് സ്കോരർ. ഷെഡ്ഗെ 43 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 44 റൺസെടുത്ത് പുറത്തായി. ഷാർദുൽ താക്കൂർ 45 പന്തിൽ 43 റൺസെടുതത്തു. വാലറ്റക്കാരായ ഹിമാൻഷു സിങ് (27 പന്തിൽ 19), റോയ്സ്റ്റൺ ഡയസ് (32 പന്തിൽ പുറത്താകാതെ 18) എന്നിവരും തിളങ്ങി.
അതേസമയം, സൂപ്പർതാരങ്ങളായ ശ്രേയസ് അയ്യർ (17 പന്തിൽ 17), സൂര്യകുമാർ യാദവ് (0), ശിവം ദുബെ (25 പന്തിൽ 17) എന്നിവർ നിരാശപ്പെടുത്തി. അർഷ്ദീപ് സിങ് 10 ഓവറിൽ 38 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. അഭിഷേക് ശർമ രണ്ടും സൻവീർ സിങ്, രഘു ശർമ, പ്രേരിത് ദത്ത എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.