ADVERTISEMENT

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ സംബന്ധിച്ച് 2024നേക്കാൾ മികച്ചൊരു വർഷം കരിയറിൽ ഉണ്ടായിട്ടുണ്ടോ? ഇല്ലെന്നു പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല. സഞ്ജു രാജ്യാന്തര കരിയറിൽ ആകെ നേടിയ സെഞ്ചറികളുടെ എണ്ണം നാല്. അതിൽ മൂന്നും സമ്മാനിച്ച വർഷമാണു കടന്നുപോകുന്നത്. 2015ൽ ട്വന്റി20 ക്രിക്കറ്റിൽ രാജ്യാന്തര അരങ്ങേറ്റ മത്സരം കളിച്ച താരമാണു സഞ്ജു സാംസൺ. പിന്നീട് വീണ്ടുമൊരു അവസരം ലഭിക്കാൻ താരത്തിന് 2020 ജനുവരി 10 വരെ കാത്തിരിക്കേണ്ടിവന്നു. 

ശ്രീലങ്കയ്ക്കെതിരെ പുണെയിൽ നടന്ന ആ മത്സരത്തിൽ ആറു റണ്‍സെടുത്തു താരം പുറത്തായി. പിന്നീട് ഇന്ത്യൻ ടീമിൽ വരികയും പോകുകയും ചെയ്യുന്ന വിരുന്നുകാരന്റെ റോളായിരുന്നു സഞ്ജുവിന്. ഐപിഎല്ലിൽ ക്യാപ്റ്റൻ വരെയായി തകർത്തടിച്ചപ്പോഴും ഇന്ത്യൻ ടീമിലെ സ്ഥിരം സ്ഥാനം മാത്രം അകന്നുനിന്നു. ആ കുറവ് സഞ്ജുവിന് തീർത്തുകൊടുത്ത വർഷമാണ് 2024.

2023 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന സെഞ്ചറി നേടിയാണ് സഞ്ജു ടീം ഇന്ത്യയിൽ സ്ഥിരം സ്ഥാനമെന്ന വര്‍ഷങ്ങളായുള്ള മോഹത്തിന് ആദ്യം അവകാശവാദമുന്നയിച്ചത്. ഈ കളിയിൽ വൺഡൗണായി ഇറങ്ങിയ സഞ്ജു 114 പന്തിൽ 108 റൺസെടുത്ത് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായി. കെ.എൽ. രാഹുൽ നയിച്ച ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 296 റൺസെടുത്തപ്പോൾ ദക്ഷിണാഫ്രിക്കൻ മറുപടി 218 റൺസിൽ അവസാനിച്ചു. ഇന്ത്യയ്ക്ക് 78 റൺസ് വിജയം.

∙ ലോകകപ്പ് ജയിച്ച സഞ്ജു

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്തിയെങ്കിലും ഒരു മത്സരത്തിൽ പോലും കളിക്കാൻ മലയാളി താരത്തിന് അവസരമുണ്ടായിരുന്നില്ല. ഫൈനൽ വരെ ഋഷഭ് പന്തിനെ വിക്കറ്റ് കീപ്പറാക്കി ഇന്ത്യ ഇറങ്ങിയപ്പോൾ, ഡഗ്ഔട്ടിൽ ക്ഷമയോടെ ടീമിനെ പിന്തുണച്ചു മലയാളി താരം. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ഇന്ത്യ രണ്ടാം ട്വന്റി20 കിരീടമുയർത്തി വിജയാഘോഷം നടത്തുമ്പോൾ ടീമിന്റെ ‘മലയാളി ഭാഗ്യമായി’ സഞ്ജു മാറി. 

സുനിൽ വാൽസനും ശ്രീശാന്തിനും ശേഷം ലോകകപ്പ് വിജയിക്കുന്ന മൂന്നാമത്തെ മലയാളി താരമെന്ന നേട്ടം സഞ്ജുവിനെ തേടിയെത്തിയ വർഷമായിരുന്നു ഇത്. ലോകകപ്പ് ഫൈനൽ കളിക്കാൻ തയാറാകാൻ തനിക്കു നിർദേശം ലഭിച്ചിരുന്നതായും എന്നാൽ അവസാന നിമിഷം പ്ലേയിങ് ഇലവനിൽ മാറ്റങ്ങൾ സംഭവിച്ചതായും സഞ്ജു തന്നെ പിന്നീടു തുറന്നുപറഞ്ഞു.

∙ ആക്ഷൻ ഹീറോ സഞ്ജു

ലോകകപ്പിനു ശേഷമാണ് ടീം ഇന്ത്യയിൽ സഞ്ജുവിന്റെ തലവര തെളിഞ്ഞത്. ക്യാപ്റ്റനായി സൂര്യകുമാർ യാദവും പരിശീലകനായി ഗൗതം ഗംഭീറും എത്തിയതോടെ കളം മാറി. തുടർച്ചയായി മത്സരങ്ങള്‍ നൽകി ക്യാപ്റ്റനും പരിശീലകനും കട്ടസപ്പോർട്ട് നൽകിയപ്പോൾ, റെക്കോർഡുകൾ തകർത്തെറിഞ്ഞ് മൂന്നു ട്വന്റി20 സെഞ്ചറികളാണ് സഞ്ജുവിന്റെ ബാറ്റിൽനിന്ന് ഈ വര്‍ഷം പിറവികൊണ്ടത്. അതിൽ ആദ്യത്തേത് ഒക്ടോബർ 12ന് ബംഗ്ലദേശിനെതിരെ ഹൈദരാബാദിൽ നടന്ന മത്സരമായിരുന്നു.

പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 297 എന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ, 47 പന്തിൽ 111 റൺസടിച്ച് സഞ്ജു വിമർശകരെ ഞെട്ടിച്ചു. 11 ഫോറുകളും എട്ട് സിക്സുകളുമാണ് ഓപ്പണറായിറങ്ങിയ സഞ്ജുവിന്റെ ബാറ്റിൽനിന്ന് ബൗണ്ടറി കടന്നത്. ഇന്ത്യ 133 റൺസിന്റെ കൂറ്റൻ വിജയം മത്സരത്തിൽ സ്വന്തമാക്കി.

ഇന്ത്യൻ ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനമായിരുന്നു സഞ്ജുവിന്റെ അടുത്ത ദൗത്യം. ഡർബനിൽ നടന്ന ആദ്യ മത്സരത്തിൽ തന്നെ സഞ്ജുവിന്റെ രണ്ടാം ട്വന്റി20 സെഞ്ചറിയെത്തി. 50 പന്തുകൾ നേരിട്ട താരം 107 റൺസെടുത്തു. പിന്നീടുള്ള രണ്ടു മത്സരങ്ങളിൽ താരം ‘ഡക്കായപ്പോൾ’ വിമർശകർ സടകുടഞ്ഞ് എഴുന്നേറ്റു. എന്നാൽ ജൊഹാനസ്ബെര്‍ഗിലെ നാലാം ട്വന്റി20 വരെ മാത്രമായിരുന്നു അവർക്ക് ആയുസ്സ്. അവസാന പോരാട്ടത്തിൽ 56 പന്തുകളിൽ 109 റൺസുമായി സഞ്ജു പുറത്താകാതെനിന്നു. തിലക് വർമയും സെഞ്ചറിയുമായി (47 പന്തിൽ 120) കത്തിക്കയറിയതോടെ മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയത് 135 റൺസ് വിജയം.

∙ വിശ്രമകാലത്തിനു ശേഷം ചാംപ്യൻസ് ട്രോഫിയിൽ? 

ഇന്ത്യ ബോർഡർ– ഗാവസ്കർ ട്രോഫിയുടെ തിരക്കുകളിലുള്ളപ്പോൾ സഞ്ജുവിന് വിശ്രമത്തിന്റെ കാലമാണ്. വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായി മലയാളി താരം കളിക്കുന്നില്ല. ഓസ്ട്രേലിയയിൽനിന്ന് തിരിച്ചെത്തുന്ന ടീം ഇന്ത്യ, പിന്നീട് കളിക്കാനിറങ്ങുക ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലാണ്. അഞ്ചു മത്സരങ്ങളുള്ള പരമ്പര ജനുവരി 22 ന് തുടങ്ങും.

ഈ പരമ്പരയിൽ, മികച്ച ഫോമിലുള്ള സഞ്ജു തന്നെയായിരിക്കും ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ. ട്വന്റി20യിൽ തകർപ്പൻ പ്രകടനം ആവർത്തിച്ചാൽ, പിന്നീടുള്ള ഏകദിന പരമ്പരയിലും ചാംപ്യൻസ് ട്രോഫിയിലും സഞ്ജുവിനെയും പരിഗണിച്ചേക്കും. കരിയറിൽ ആദ്യമായി ഒരു ഐസിസി ടൂർണമെന്റിൽ മലയാളി താരം കളിക്കാനിറങ്ങുമെന്ന പ്രതീക്ഷകളുടെ വർഷം കൂടിയാണ് 2025.

English Summary:

2024: The Year Sanju Samson Conquered International Cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com