സിഡ്നി ടെസ്റ്റിൽ ഋഷഭ് പന്ത് പ്ലേയിങ് ഇലവനിൽനിന്ന് പുറത്തായേക്കുമെന്ന് റിപ്പോർട്ട്; പകരം യുവതാരത്തിന് അവസരം?
Mail This Article
സിഡ്നി∙ വെള്ളിയാഴ്ച തുടങ്ങാനിരിക്കുന്ന ഇന്ത്യ– ഓസ്ട്രേലിയ അഞ്ചാം ടെസ്റ്റിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ പുറത്തിരുത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. കഴിഞ്ഞ നാലു മത്സരങ്ങളിലും പുറത്തിരുന്ന ഇരുന്ന രണ്ടാം വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലിന് അവസാന പോരാട്ടത്തിൽ അവസരം നൽകാൻ ബിസിസിഐ ആലോചിക്കുന്നതായാണു വിവരം. ബോർഡർ– ഗാവസ്കര്‍ ട്രോഫിയിൽ ആദ്യ നാലു മത്സരങ്ങളിൽനിന്ന് ഒരു അർധ സെഞ്ചറി പോലും നേടാൻ പന്തിനു സാധിച്ചിട്ടില്ല. അനാവശ്യമായ ഷോട്ടിനു ശ്രമിച്ച് പന്ത് തുടർച്ചയായി പുറത്താകുന്നതിൽ പരിശീലകൻ ഗൗതം ഗംഭീറിനും അതൃപ്തിയുണ്ട്.
ടെസ്റ്റിൽ 42 മത്സരങ്ങൾ കളിച്ചിട്ടുള്ള ഋഷഭ് പന്ത്, ആറു സെഞ്ചറികൾ നേടിയിട്ടുണ്ട്. ഏഴു തവണ 90ന് മുകളിൽ സ്കോറുകൾ കണ്ടെത്തി. പക്ഷേ ഇത്തവണത്തെ ബോർഡർ– ഗാവസ്കർ ട്രോഫിയിൽ പന്തിന്റെ പ്രകടനം ആരാധകരെ നിരാശരാക്കുന്നതായിരുന്നു. 28, 30, 9, 21, 28, 37, 1 എന്നിങ്ങനെയാണ് ഏഴ് ഇന്നിങ്സുകളിൽ താരം നേടിയത്. 20–30 റൺസിലൊക്കെ സമ്മര്‍ദങ്ങളില്ലാതെ എത്തിയ ശേഷം അനാവശ്യ ഷോട്ടിനു ശ്രമിച്ചു വിക്കറ്റ് വലിച്ചെറിയുന്നതു തുടരുന്ന സാഹചര്യത്തിലാണ് പന്തിനെ മാറ്റി പരീക്ഷിക്കാൻ ബിസിസിഐ ഒരുങ്ങുന്നത്.
സമ്മർദഘട്ടങ്ങളിൽ ടീമിന്റെ രക്ഷകനാകുന്ന താരമെന്ന നിലയിൽ ടെസ്റ്റ് ടീമിൽ സ്ഥാനമുറപ്പിച്ച പന്തിന് ഇത്തവണ അതേ പ്രകടനം തുടരാൻ സാധിച്ചില്ല. മെൽബൺ ടെസ്റ്റിൽ സ്കൂപ് ഷോട്ടിനു ശ്രമിച്ചു പുറത്തായ പന്തിനെ ‘സ്റ്റുപിഡ്’ എന്നാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ വിശേഷിപ്പിച്ചത്.
23 വയസ്സുകാരനായ ധ്രുവ് ജുറേൽ പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ കളിച്ചിരുന്നെങ്കിലും തിളങ്ങിയില്ല. 11, 1 എന്നിങ്ങനെയാണ് രണ്ട് ഇന്നിങ്സുകളിൽ താരം നേടിയത്. ബോർഡർ – ഗാവസ്കർ ട്രോഫിക്കു തൊട്ടു മുൻപു നടന്ന ഇന്ത്യ എയും ഓസ്ട്രേലിയ എയും തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റിൽ രണ്ട് ഇന്നിങ്സുകളിൽ 80, 68 എന്നിങ്ങനെയാണ് പന്ത് സ്കോർ ചെയ്തത്. സിഡ്നി ടെസ്റ്റിൽ കളിക്കുന്നില്ലെന്ന് ക്യാപ്റ്റൻ രോഹിത് ശർമ സിലക്ടർമാരെ അറിയിച്ചിരുന്നു.