15000 രൂപ അടച്ചില്ല, വിനോദ് കാംബ്ലിയുടെ ഐഫോൺ കടയുടമ കൊണ്ടുപോയി; വീട് നഷ്ടപ്പെടുമെന്ന് ഭാര്യ
Mail This Article
മുംബൈ ∙ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ഐഫോൺ, സർവീസ് സെന്റർ ഉടമകൾ കൊണ്ടുപോയി. തകരാർ പരിഹരിച്ചതിന്റെ ബിൽത്തുകയായ 15,000 രൂപ നൽകാനാവാതെ വന്നതോടെയാണിത്. ആരോഗ്യ നില വഷളായതിനെ തുടർന്ന് ചികിത്സയിലായിരുന്ന കാംബ്ലി, കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.
കുടുംബം താമസിക്കുന്ന വീട് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് കാംബ്ലിയുടെ ഭാര്യ ആൻഡ്രിയ ഹെവിറ്റ് ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. മെയിന്റനൻസ് ഫീസായി 18 ലക്ഷത്തോളം രൂപ ഹൗസിങ് സൊസൈറ്റിക്കു നൽകാനുണ്ട്. അതിനു വേണ്ടി സൊസൈറ്റി കേസ് നടത്തുകയാണെന്നും അധികം വൈകാതെ വീട്ടിൽനിന്ന് ഇറങ്ങേണ്ടിവരുമെന്നും ആൻഡ്രിയ പറഞ്ഞു.
താനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാംബ്ലി ബുധനാഴ്ചയാണ് ഡിസ്ചാർജായത്. മദ്യത്തിനും ലഹരിമരുന്നിനും അടിമകളാകരുതെന്നും ജീവിതം നശിപ്പിക്കാൻ അതു മതിയെന്നുമായിരുന്നു മുൻ ഇന്ത്യൻ താരത്തിന്റെ പുതുവർഷ സന്ദേശം. കാംബ്ലിയുടെ ആരോഗ്യം മെച്ചപ്പെട്ടെങ്കിലും ചികിത്സ തുടരണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.