സിഡ്നി ടെസ്റ്റിൽ രോഹിത് ശർമ കളിക്കില്ല, തീരുമാനം സിലക്ടർമാരെ അറിയിച്ച് താരം; പകരം ജസ്പ്രീത് ബുമ്ര നയിക്കും
Mail This Article
സിഡ്നി∙ ബോർഡർ – ഗാവസ്കർ ട്രോഫിയിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ കളിക്കില്ലെന്ന് റിപ്പോർട്ട്. ഇക്കാര്യം അദ്ദേഹം സിലക്ടർമാരെ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാളെ സിഡ്നിയിൽ ആരംഭിക്കുന്ന അവസാന ടെസ്റ്റിൽ ജസ്പ്രീത് ബുമ്രയാകും ഇന്ത്യൻ നായകൻ. പെർത്തിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ചത് ജസ്പ്രീത് ബുമ്രയായിരുന്നു. പരമ്പരയിൽ ഇന്ത്യ വിജയിച്ച ഏക ടെസ്റ്റും അതാണ്. രോഹിത് ഇന്ത്യയെ നയിച്ച മൂന്നു ടെസ്റ്റുകളിൽ രണ്ടിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഒരു ടെസ്റ്റിൽ നേരിയ വ്യത്യാസത്തിനാണ് ഫോളോഓണും തോൽവിയും ഒഴിവാക്കിയത്.
അഞ്ചാം ടെസ്റ്റിൽ കളിക്കാനില്ല എന്നത് രോഹിത് ശർമയുടെ വ്യക്തിപരമായ തീരുമാനമാണെന്നാണ് വിവരം. ഇതോടെ, ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹവും ശക്തമായി. രോഹിത് പിൻമാറിയ സാഹചര്യത്തിൽ യുവതാരം ശുഭ്മൻ ഗിൽ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തും. കെ.എൽ. രാഹുൽ – യശസ്വി ജയ്‌സ്വാൾ സഖ്യം ഓപ്പൺ ചെയ്യുന്ന ഇന്ത്യൻ ബാറ്റിങ് നിരയിൽ, വണ്‍ഡൗണായി ഗിൽ കളിക്കും. പരുക്കേറ്റു പുറത്തായ പേസ് ബോളർ ആകാശ്ദീപിനു പകരം പ്രസിദ്ധ് കൃഷ്ണയും ടീമിലെത്തും.
ബോർഡർ–ഗാവസ്കർ ട്രോഫി നിലനിർത്താനും ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ സാധ്യത നിലനിർത്താനും വെള്ളിയാഴ്ച സിഡ്നിയിൽ തുടങ്ങുന്ന ടെസ്റ്റിൽ ഇന്ത്യയ്ക്കു വിജയം അനിവാര്യമാണ്. മെൽബണിൽ ശുഭ്മൻ ഗില്ലിനെ പുറത്തിരുത്തിയാണ് രോഹിത്തിനു സ്ഥാനം കണ്ടെത്തിയത്. വിജയം അനിവാര്യമായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യ ഇനിയും ആ പരീക്ഷണം തുടരാനിടയില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
തോൽവികളിൽ ക്യാപ്റ്റൻ വിമർശനമേറ്റു വാങ്ങുന്നത് ക്രിക്കറ്റിൽ അസാധാരണമല്ലെങ്കിലും, മോശം ഫോമിന്റെ പേരിൽ ടീമിൽ ക്യാപ്റ്റന്റെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അസാധാരണ സാഹചര്യങ്ങൾക്കിടെയാണ് സിഡ്നിയിൽ കളിക്കാനില്ല എന്ന രോഹിത്തിന്റെ തീരുമാനം. മെൽബൺ ടെസ്റ്റിൽ തോൽവിയേറ്റു വാങ്ങി ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യ 2–1നു പിന്നിലായതോടെയാണ് ടീമിൽ ബാറ്ററെന്ന നിലയിൽ തന്നെ രോഹിത്തിന്റെ സ്ഥാനത്തിനു ഭീഷണി ശക്തമായത്.
സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന്റെ തലേന്ന് പതിവ് വാർത്താ സമ്മേളനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ പങ്കെടുക്കാത്തത്, താരം കളിക്കില്ല എന്നതിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. എന്നാൽ, രോഹിത് വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാത്തതിൽ അസാധാരണമായി ഒന്നുമില്ല എന്നായിരുന്നു പരിശീലകൻ ഗൗതം ഗംഭീറിന്റെ വാദം. ഇതിനിടെയാണ് രോഹിത് ടെസ്റ്റിൽനിന്ന് പിൻമാറുന്നതായി സിലക്ടർമാരെ അറിയിച്ചത്.
രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിൽ തുടർന്നതിനാൽ, പെർത്തിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രോഹിത് കളിച്ചിരുന്നില്ല. അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിലാണ് രോഹിത് ശർമ ടീമിനൊപ്പം ചേർന്നത്. ടീമിൽ തിരിച്ചെത്തിയ രോഹിത് ഓപ്പണിങ് സ്ഥാനം കെ.എൽ.രാഹുലിനു വിട്ടുകൊടുത്തു. ആറാമനായി ഇറങ്ങിയ രോഹിത്തിനു രണ്ട് ഇന്നിങ്സിലുമായി നേടാനായത് 9 റൺസ് മാത്രം. മഴ മുടക്കിയ ബ്രിസ്ബെയ്ൻ ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ മാത്രമാണ് രോഹിത്തിനു ബാറ്റു ചെയ്യാനായത്. നേടിയത് 10 റൺസ്.
ഇതോടെ മെൽബണിൽ രോഹിത് ഓപ്പണിങ് സ്ഥാനത്തേക്കു തന്നെ തിരിച്ചെത്തി. എന്നിട്ടും കഥ മാറിയില്ല. രണ്ട് ഇന്നിങ്സിലുമായി 12 റൺസ്. ആകെ 5 ഇന്നിങ്സുകളിലായി വെറും 31 റൺസാണ് ഇന്ത്യൻ ക്യാപ്റ്റന്റെ സമ്പാദ്യം. ഓസ്ട്രേലിയൻ മണ്ണിൽ ഒരു എതിർ ടീം ക്യാപ്റ്റന്റെ ഏറ്റവും കുറഞ്ഞ ബാറ്റിങ് ശരാശരിയാണ് രോഹിത്തിന്റെ 6.20!
ബാറ്റർ എന്നതിൽ നിന്ന് ഒട്ടും ഭേദമല്ല ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത്തിനു നേരെ ഉയരുന്ന ചോദ്യങ്ങളും. മെൽബണിൽ നേഥൻ ലയണും സ്കോട്ട് ബോളണ്ടും ഓസീസിന്റെ 10–ാം വിക്കറ്റിൽ അപ്രതീക്ഷിത ചെറുത്തുനിൽപ് നടത്തിയപ്പോൾ ക്ലോസ് ഇൻ പൊസിഷനിൽ ഫീൽഡർമാരെ വിന്യസിച്ച് ബാറ്റർമാരെ സമ്മർദത്തിലാക്കാൻ രോഹിത് ശ്രമിച്ചില്ല എന്നതാണ് പ്രധാന വിമർശനം. ബാറ്ററെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും പ്രകടനം മോശമായതോടെയാണ്, നിർണായകമായ സിഡ്നി ടെസ്റ്റിൽ കളിക്കാനില്ല എന്ന അദ്ദേഹത്തിന്റെ തീരുമാനം.