ഇന്ത്യൻ ജഴ്സിയിൽ ആ ‘പഴയ കാംബ്ലി’, ആശുപത്രി വിടും മുൻപ് ക്രിക്കറ്റ് കളി; ലഹരി ഉപേക്ഷിക്കണമെന്ന് പുതുവർഷ സന്ദേശം– വിഡിയോ
Mail This Article
മുംബൈ∙ രണ്ട് ആഴ്ച നീണ്ടുനിന്ന ആശുപത്രി വാസത്തിനു ശേഷം വിനോദ് കാംബ്ലി വീട്ടിലേക്കു മടങ്ങി. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്നാണ് വിനോദ് കാംബ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് താരത്തെ ഡിസ്ചാർജ് ചെയ്തത്. തുടർന്ന് ഇന്ത്യൻ ജഴ്സിയണിഞ്ഞാണ് താരം വീട്ടിലേക്കു മടങ്ങിയത്. മെലിഞ്ഞ് ‘കൂടുതൽ ചെറുപ്പമായി’ കാറിൽ വീട്ടിലേക്കു മടങ്ങുന്ന കാംബ്ലിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആശുപത്രി വിടും മുൻപ് വരാന്തയിൽ ക്രിക്കറ്റ് ഷോട്ടുകൾ കളിക്കുന്ന ദൃശ്യങ്ങളും വൈറലാണ്.
ആശുപത്രിയിൽ നിന്ന് വീട്ടിലേക്കു മടങ്ങും വഴി, പുറത്തു കാത്തുനിന്ന മാധ്യമങ്ങൾക്കു മുന്നിൽ യുവാക്കൾക്കായി കാംബ്ലി ഒരു പുതുവർഷ സന്ദേശവും നൽകി. മദ്യവും മറ്റ് ലഹരി വസ്തുക്കളും എല്ലാവരും ഉപേക്ഷിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. മദ്യത്തിനും ലഹരിമരുന്നിനും അടിമകളാകരുതെന്നും ജീവിതം നശിപ്പിക്കാൻ അതു മതിയെന്നുമായിരുന്നു മുൻ ഇന്ത്യൻ താരത്തിന്റെ പുതുവർഷ സന്ദേശം.
രണ്ടാഴ്ച നീണ്ടുനിന്ന ചികിത്സയിലൂടെ കാംബ്ലി ആരോഗ്യം പൂർണമായും വീണ്ടെടുത്തതായി അദ്ദേഹത്തെ ചികിത്സിച്ച ആകൃതി ആശുപത്രിയിലെ ഡോ.വിവേക് ത്രിവേദി വ്യക്തമാക്കി. അതേസമയം, സമ്പൂർണ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
അതിനിടെ, പണം നൽകാത്തതിനെ തുടർന്ന് വിനോദ് കാംബ്ലിയുടെ ഐഫോൺ, സർവീസ് സെന്റർ ഉടമകൾ കൊണ്ടുപോയതായി റിപ്പോർട്ടുകൾ വന്നിരുന്നു. തകരാർ പരിഹരിച്ചതിന്റെ ബിൽത്തുകയായ 15,000 രൂപ നൽകാനാവാതെ വന്നതോടെയാണിതെന്നാണ് വിവരം.
അതേസമയം, ഇപ്പോൾ താമസിക്കുന്ന വീടും അധികം വൈകാതെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് കാംബ്ലിയുടെ ഭാര്യ ആൻഡ്രിയ ഹെവിറ്റ് ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. മെയിന്റനൻസ് ഫീസായി 18 ലക്ഷത്തോളം രൂപ ഹൗസിങ് സൊസൈറ്റിക്കു നൽകാനുണ്ട്. അതിനു വേണ്ടി സൊസൈറ്റി കേസ് നടത്തുകയാണെന്നും അധികം വൈകാതെ വീട്ടിൽനിന്ന് ഇറങ്ങേണ്ടിവരുമെന്നും ആൻഡ്രിയ പറഞ്ഞു.