രോഹിത്തിന് ‘ഇരട്ട പ്രഹരം’, ഏകദിന ടീമിന്റെ നായകസ്ഥാനവും നഷ്ടമാകാൻ സാധ്യത; ചാംപ്യൻസ് ട്രോഫിയിൽ പാണ്ഡ്യ നയിക്കും?
Mail This Article
മുംബൈ∙ ഇന്ത്യൻ ടെസ്റ്റ് ടീമിൽനിന്ന് പുറത്തായെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെ, ഏകദിന ഫോർമാറ്റിലും രോഹിത് ശർമയ്ക്ക് മുന്നിൽ വെല്ലുവിളിയുടെ നാളുകൾ. ഈ വർഷം പാക്കിസ്ഥാനിലും യുഎഇയിലുമായി നടക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ, രോഹിത് ശർമ ഇന്ത്യൻ നായകനായി ഉണ്ടാകില്ലെന്നാണ് ഏറ്റവും പുതിയ വിവരം. രോഹിത്തിനു പകരം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഇന്ത്യയെ നയിക്കുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം ജൂണിൽ നടന്ന ട്വന്റി20 ലോകകപ്പിലെ കിരീടവിജയത്തോടെ രോഹിത് ശർമ ആ ഫോർമാറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് സൂര്യകുമാർ യാദവിനെ സിലക്ടർമാർ ഇന്ത്യൻ നായകനായി തിരഞ്ഞെടുത്തു. ടെസ്റ്റ് ക്രിക്കറ്റിൽ രോഹിത് ശർമയുടെ നാളുകൾ എണ്ണപ്പെട്ടെന്ന് ഏറെക്കുറേ ഉറപ്പായിരിക്കെ, ജസ്പ്രീത് ബുമ്രയാണ് പുതിയ നായകനായി പരിഗണിക്കപ്പെടുന്നത്. രോഹിത്തിന്റെ അഭാവത്തിൽ പെർത്തിലും ഇപ്പോൾ സിഡ്നിയിലും ടീമിനെ നയിക്കുന്നത് ബുമ്രയാണ്.
മുപ്പത്തേഴുകാരനായ രോഹിത് ശർമയുടെ മോശം ഫോമും പ്രായവും പ്രതികൂല ഘടകങ്ങളായി നിൽക്കെ, ഏകദിന ഫോർമാറ്റിലും പുതിയ നായകനു വേണ്ടിയുള്ള അന്വേഷണം സിലക്ടർമാർ ആരംഭിച്ചതായാണ് റിപ്പോർട്ട്. ഗൗതം ഗംഭീറിനു കീഴിൽ പുതിയൊരു ടീമിനെ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നായകനെയും നിയോഗിക്കാനുള്ള നീക്കം.
ക്യാപ്റ്റനെന്ന നിലയിലുള്ള അധികഭാരം രോഹിതിൽനിന്ന് നീക്കാൻ സിലക്ടർമാർ തീരുമാനിച്ചാൽ, പകരം പരിഗണിക്കുന്നത് ഹാർദിക് പാണ്ഡ്യയെയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ക്യാപ്റ്റന്റെ അഭാവത്തിൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ അവസരങ്ങൾ ലഭിച്ചിട്ടുള്ള താരം കൂടിയാണ് പാണ്ഡ്യ.
ട്വന്റി20 ഫോർമാറ്റിൽ ആരാകും രോഹിത്തിന്റെ പിൻഗാമിയെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നെങ്കിൽ, ഏകദിനത്തിൽ അത്തരം ചർച്ചകൾക്കൊന്നും പ്രസക്തിയില്ലെന്ന് ഇതുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. ട്വന്റി20യിൽ സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരുടെ പേരുകളാണ് ചർച്ചകളിൽ നിറഞ്ഞുനിന്നത്. ഏകദിനത്തിൽ ഇതുവരെ ടീമിൽ ഇടമുറപ്പിക്കാൻ സൂര്യയ്ക്കു സാധിക്കാത്തതിനാൽ, പാണ്ഡ്യ തന്നെയാകും രോഹിത്തിന്റെ സ്വാഭാവിക പിൻഗാമിയെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
പാണ്ഡ്യയ്ക്കു പുറമേ പരിഗണിക്കാവുന്ന രണ്ടു പേർ ഋഷഭ് പന്തും ശുഭ്മൻ ഗില്ലുമാണ്. നിലവിലെ സാഹചര്യത്തിൽ മികച്ച ക്യാപ്റ്റൻസി റെക്കോർഡുള്ള പാണ്ഡ്യയ്ക്കു തന്നെ സാധ്യത കൂടുതൽ.