ആദ്യമായി ലഭിച്ച അവസരം മുതലെടുത്ത് കൃഷ്ണപ്രസാദിന് സെഞ്ചറി (135); തുടർ തോൽവികൾക്കൊടുവിൽ ത്രിപുരയ്ക്കെതിരെ കേരളം ജയിച്ചു!
Mail This Article
ഹൈദരാബാദ്∙ അഞ്ച് മത്സരങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വിജയം. താരതമ്യേന ദുർബലരായ ത്രിപുരയെയാണ് കേരളം തോൽപ്പിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 327 റൺസ്. ത്രിപുരയുടെ മറുപടി 42.3 ഓവറിൽ 182 റൺസിൽ അവസാനിച്ചു. കേരളത്തിന്റെ വിജയം 145 റൺസിന്. ഇത്തവണ ആദ്യം കളിച്ച നാലു മത്സരങ്ങളിൽ മൂന്നിലും കേരളം തോറ്റിരുന്നു. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചതുവഴി ലഭിച്ച രണ്ടു പോയിന്റ് മാത്രമായിരുന്നു ഇതുവരെയുള്ള ഏക സമ്പാദ്യം. ഇന്നത്തെ ജയത്തോടെ അഞ്ച് കളികളിൽനിന്ന് ആറു പോയിന്റുമായി കേരളം അഞ്ചാം സ്ഥാനത്തേക്ക് കയറി.
തകർപ്പൻ ബാറ്റിങ് കെട്ടഴിച്ച് സെഞ്ചറി കുറിച്ച യുവതാരം കൃഷ്ണ പ്രസാദിന്റെ ഇന്നിങ്സാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. ഈ സീസണിൽ ഇതാദ്യമായാണ് കൃഷ്ണ പ്രസാദിന് അവസരം ലഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 110 പന്തുകൾ നേരിട്ട താരം, ആറു ഫോറും എട്ടു സിക്സും സഹിതം 135 റൺസെടുത്തു. അർധസെഞ്ചറി നേടിയ ഓപ്പണർ രോഹൻ കുന്നുമ്മലിന്റെ പ്രകടനവും ശ്രദ്ധേയമായി. 66 പന്തിൽ ആറു ഫോറുകൾ സഹിതം രോഹൻ 57 റൺസെടുത്തു.
ഇവർക്കു പുറമേ, 34 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 42 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ സൽമാൻ നിസാർ, 10 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 20 റൺസുമായി കൂട്ടുനിന്ന ഷറഫുദ്ദീൻ, 34 പന്തിൽ മൂന്നു ഫോറുകളോടെ 26 റൺസെടുത്ത മുഹമ്മദ് അസ്ഹറുദ്ദീൻ, 34 പന്തിൽ മൂന്നു ഫോറുകൾ സഹിതം 22 റൺസെടുത്ത ആനന്ദ് കൃഷ്ണൻ എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി. ത്രിപുരയ‌്ക്കായി അർജുൻ ദേബ്നാഥ് രണ്ടും മുറാ സിങ്, ഭട്ടാചർജി, ക്യാപ്റ്റൻ മൻദീപ് സിങ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുരയെ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാൻ സമ്മതിക്കാതെ കടുത്ത ബോളിങ് ആക്രമണമാണ് കേരളം അഴിച്ചുവിട്ടത്. 79 പന്തിൽ ഏഴു ഫോറുകൾ സഹിതം 78 റൺസെടുത്ത ക്യാപ്റ്റൻ മൻദീപ് സിങ്ങാണ് അവരുടെ ടോപ് സ്കോറർ. രജത് ഡേ (41 പന്തിൽ 24), മുറാ സിങ് (19 പന്തിൽ 18) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. തേജസ്വി ജയ്‌സ്വാൾ 40 പന്തിൽ 23 റണ്‍സെടുത്തു. കേരളത്തിനായി എം.ഡി. നിധീഷ്, ആദിത്യ സർവതെ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ജലജ് സക്സേന, ബേസിൽ തമ്പി എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. രണ്ടു പേർ റണ്ണൗട്ടായി.