കോൺസ്റ്റാസിനെ ഇന്ത്യന്‍ താരങ്ങൾ പേടിപ്പിക്കാൻ നോക്കി: പരാതിയുമായി ഓസീസ് കോച്ച്; തിരിച്ചടിച്ച് ഗൗതം ഗംഭീർ
Mail This Article
സിഡ്നി∙ ബോർഡര്‍– ഗാവസ്കർ ട്രോഫി പരമ്പരയിലെ അവസാന ടെസ്റ്റിനിടെ ഇന്ത്യൻ താരങ്ങൾ ഓസീസ് യുവബാറ്റർ സാം കോൺസ്റ്റാസിനെ വളഞ്ഞിട്ട് ഭയപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയുമായി ഓസ്ട്രേലിയൻ പരിശീലകൻ അൻഡ്രു മക്ഡോണൾഡ്. സിഡ്നി ടെസ്റ്റിന്റെ ആദ്യ ദിവസം, ജസ്പ്രീത് ബുമ്രയുടെ അവസാന പന്തിൽ ഉസ്മാൻ ഖവാജ പുറത്തായിരുന്നു. അതിനു തൊട്ടുമുൻപ് ഖവാജ ബാറ്റിങ്ങിന് തയാറാകാതിരുന്നത് ജസ്പ്രീത് ബുമ്ര ചോദ്യം ചെയ്തപ്പോൾ, സാം കോൺസ്റ്റാസ് വിഷയത്തിൽ ഇടപെട്ടിരുന്നു. തുടര്‍ന്ന് ബുമ്രയും കോൺസ്റ്റാസും തമ്മില്‍ തർക്കമുണ്ടായി.
ഈ സംഭവത്തിനു തൊട്ടുപിന്നാലെയാണ് ഖവാജ പുറത്തായത്. ഇതോടെ ബുമ്ര കോൺസ്റ്റാസിനെ തുറിച്ചുനോക്കിയാണ് വിക്കറ്റ്നേട്ടം ആഘോഷത്. വിരാട് കോലി, യശസ്വി ജയ്സ്വാൾ, പ്രസിദ്ധ് കൃഷ്ണ എന്നിവരും കോൺസ്റ്റാസിനു നേരെ തിരിഞ്ഞാണ് ആഘോഷ പ്രകടനം നടത്തിയത്. അതേസമയം ഇന്ത്യയുടെ നീക്കത്തിൽ 19 വയസ്സുകാരൻ താരം ഇളകിയിട്ടില്ലെന്ന് ഓസ്ട്രേലിയൻ പരിശീലകൻ പ്രതികരിച്ചു. ‘‘ഭയപ്പെടുത്താൻ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ആഘോഷം. എന്നാൽ അവൻ കുലുങ്ങിയിട്ടില്ല. കോണ്‍സ്റ്റാസിനു കുഴപ്പമൊന്നുമില്ല.’’– അൻഡ്രു മക്ഡോണൾഡ് പ്രതികരിച്ചു.
‘‘ഈ കാര്യം ഞാൻ ഐസിസിക്കു വിടുകയാണ്. മാച്ച് റഫറി, അംപയർമാർ എന്നിവർക്ക് അതിൽ കുഴപ്പമൊന്നുമില്ലെങ്കിൽ ഞങ്ങളും ഒകെയാണ്. പക്ഷേ നോണ്‍ സ്ട്രൈക്കർ ബാറ്റർക്കെതിരെ ഇങ്ങനെ പെരുമാറുമ്പോൾ സംരക്ഷിക്കാൻ ഞങ്ങൾക്കു ബാധ്യതയുണ്ട്.’’– ഓസ്ട്രേലിയൻ പരിശീലകൻ വ്യക്തമാക്കി. അതേസമയം ഓസ്ട്രേലിയൻ ഓപ്പണറുടെ പ്രതികരണം അനാവശ്യമായിരുന്നെന്ന് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീര്‍ തിരിച്ചടിച്ചു.
‘‘ഉസ്മാൻ ഖവാജ കൂടുതൽ സമയമെടുത്തതിന്റെ പേരിൽ ജസ്പ്രീത് ബുമ്രയോടു സംസാരിക്കാൻ കോൺസ്റ്റാസിന് അവകാശമില്ല. അത് അംപയറുടെ ജോലിയാണ്. കോൺസ്റ്റാസ് ആ സമയത്ത് നോൺ സ്ട്രൈക്കറായി നിൽക്കുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിനെ നമ്മൾ ബഹുമാനിക്കണം. അനുഭവങ്ങളിൽനിന്ന് എപ്പോഴും പഠിച്ചുകൊണ്ടിരിക്കണം.’’– ഗൗതം ഗംഭീർ മാധ്യമങ്ങളോടു പറഞ്ഞു.