‘മോശം ഫോമിലല്ലേ, ഗ്രൗണ്ടിൽ അനാവശ്യ പ്രശ്നങ്ങൾക്കു പോകാതെ സ്വയം നിയന്ത്രിക്കൂ’: കോലിക്ക് ഡിവില്ലിയേഴ്സിന്റെ ഉപദേശം– വിഡിയോ
Mail This Article
മുംബൈ∙ ഇപ്പോഴത്തെ ഫോം പരിഗണിക്കുമ്പോൾ, വിരാട് കോലി കളത്തിൽ അനാവശ്യ പ്രശ്നങ്ങൾക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്ന ‘ഉപദേശ’വുമായി സുഹൃത്തും ദക്ഷിണാഫ്രിക്കൻ താരവുമായ എ.ബി. ഡിവില്ലിയേഴ്സ്. ആക്രമണോത്സുകതയാണ് കോലിയുടെ മുഖമുദ്രയെങ്കിലും, കരിയറിലെ തന്നെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തിൽ എതിർ താരങ്ങളുമായും ആരാധകരുമായും വഴക്കിനു പോകാതിരിക്കുന്നതാണ് ഉചിതമെന്ന് ഡിവില്ലിയേഴ്സ് അഭിപ്രായപ്പെട്ടു. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലാണ് ഡിവില്ലിയേഴ്സ് നിലപാട് വ്യക്തമാക്കിയത്.
‘‘മനസ് കൃത്യമായ ഇടവേളകളിൽ റീസെറ്റ് ചെയ്യുന്നത് പ്രധാനപ്പെട്ട കാര്യമാണ്. വിരാട് കോലിയെ സംബന്ധിച്ച് അദ്ദേഹം കളത്തിൽ എപ്പോഴും ആക്രമണോത്സുകനാണ്. അതുകൊണ്ട് എപ്പോഴും എന്തെങ്കിലുമൊക്കെ പ്രശ്നങ്ങളുണ്ടാകും. അതാണ് അദ്ദേഹത്തിന്റെ കരുത്ത്. പക്ഷേ, ചില സമയത്ത് ഇതു തന്നെ ദൗർബല്യമായും മാറാം. ബോർഡർ ഗാവസ്കർ ട്രോഫിക്കിടെ ചില താരങ്ങളുമായും ഓസ്ട്രേലിയൻ ആരാധകരുമായും അദ്ദേഹം എതിരിട്ടു.
‘‘ഇത്തരം പോരുകളെ ഇഷ്ടപ്പെടുന്നയാളാണ് കോലി. പക്ഷേ, ഫോമിന്റെ കാര്യത്തിൽ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ, ഇത്തരം കാര്യങ്ങളിൽനിന്ന് സ്വയം വിട്ടുനിൽക്കുന്നതാണ് ബുദ്ധി. അപ്പോൾ പൂർണമായും പന്തിലും റൺസ് നേടുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ബോളർ ആരാണെന്നു പോലും ഗൗനിക്കേണ്ടിയും വരില്ല’ – ഡിവില്ലിയേഴ്സ് പറഞ്ഞു.
‘‘ചില സമയത്ത് കോലി ഇത്തരം കാര്യങ്ങൾ മറന്നുപോകുന്നതായി തോന്നുന്നു. അദ്ദേഹത്തിന്റെ ആക്രമണോത്സുക സമീപനവും, താൻ പോരാട്ടത്തിന്റെ മുൻനിരയിലുണ്ടെന്ന് ഇന്ത്യൻ ആരാധകർക്ക് ഉറപ്പു നൽകാനുള്ള ശ്രമവുമാകാം കാരണം. കോലിയുടെ കഴിവും പരിചയസമ്പത്തും മഹാനായ താരമാണെന്നതും പ്രശ്നമല്ല. ഓരോ പന്തു കഴിയുമ്പോഴും ബോധപൂർവം ശ്രദ്ധ തെറ്റാതെ നോക്കുക. ചില സമയത്ത് പ്രശ്നങ്ങളിൽ ചെന്നു ചാടിക്കൊടുക്കുന്നതാണ് പ്രശ്നം’ – ഡിവില്ലിയേഴ്സ് പറഞ്ഞു.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ 2023–25 സീസണുകളിൽ 14 മത്സരങ്ങളിൽനിന്ന് 32.65 ശരാശരിയിൽ 751 റൺസാണ് കോലിയുടെ സമ്പാദ്യം. ഇതിൽ രണ്ടു സെഞ്ചറികളും മൂന്ന് അർധസെഞ്ചറികളും ഉൾപ്പെടുന്നു. 121 റൺസാണ് ഇക്കാലയളവിൽ കോലിയുടെ ഉയർന്ന സ്കോർ. 2024–25 സീസണിൽ കോലിയുടെ പ്രകടനം കൂടുതൽ മോശമായി. 10 മത്സരങ്ങളിൽനിന്ന് 22.87 ശരാശരിയിൽ നേടാനായത് 382 റൺസ് മാത്രം. ഇതിൽ ഓരോ സെഞ്ചറിയും അർധസെഞ്ചറിയും മാത്രമേയുള്ളൂ.